കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്ത് വരാനുള്ള സാദ്ധ്യത പാടെ ഒഴിവാക്കുന്നതിനുള്ള അന്വേഷക സംഘത്തിന്റെ കാടടച്ചുള്ള നീക്കം ഫലപ്രപ്തിയിലെത്തിയില്ലെന്ന് സൂചന. കേസിലെ മുഖ്യപ്രതി പൾസർ സുനി കൊച്ചിയിൽ മതിൽച്ചാടിക്കടന്ന് വീട്ടിലേക്ക് പ്രവേശിക്കുന്നതായുള്ള വീഡിയോ ദൃശ്യം സംഭവത്തിന് ശേഷം പൊലീസിന് ലഭിച്ചിരുന്നു. ഈ വീട്ടിലെ താമസക്കാരി താമസിയാതെ ഗൾഫിലേക്ക് കടന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു.

ആക്രമത്തിന് ഇരയായ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് പീഡനം നടന്നത്. അതുകൊണ്ട് തന്നെ നടിയെ അപമാനിക്കലായിരുന്നു ഗൂഢാലോചനക്കാരുടെ ലക്ഷ്യം. എന്നാൽ നടി പരാതിയുമായി എത്തിയതോടെ എല്ലാം പൊളിഞ്ഞു. ഈ സാഹചര്യത്തിൽ ദൃശ്യങ്ങൾ പുറത്തു വിടാനാണ് നീക്കം. ഇതിലൂടെ സാമ്പത്തിക നേട്ടവും ഉണ്ടാക്കാം. സിനിമ വൃത്തങ്ങളിൽ സാമ്പത്തിക ഇടപെടലുകൾ നടത്തുന്നതായി പറയപ്പെടുന്ന ദാവൂദ് ഇബ്രാഹീം സംഘത്തിലെ ഗൂൽശനും ഇക്കാര്യത്തിൽ സംശയനിഴലിലാണ്. വമ്പൻ സ്രാവ് ഇപ്പോഴും വലക്ക് പുറത്ത് സ്വതന്ത്രമായി വിലസുണ്ടെന്നുള്ള പ്രചാരണങ്ങൾ ഈ വഴിക്കുള്ള വാദപ്രതിവാദങ്ങൾക്ക് ശക്തിപകരുന്നുണ്ട്. ഈ സാഹചര്യത്തിൽ ദൃശ്യങ്ങൾ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരും.

പൊലീസിന്റെ സൈബർസെൽ വിഭാഗം ഇക്കാര്യത്തിൽ ജാഗരൂകരാണ്. ഇത്തരമൊരുസാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ തരണം ചെയ്യുന്നതിനുവേണ്ട മുൻകരുതലുകൾ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ ഈ വിഭാഗത്തിലെ വിദഗ്ദ്ധർ സ്വീകരിച്ചിരുന്നു. ദൃശ്യങ്ങൾ ഇന്റർനെറ്റിലെത്തിയാൽ അത് കണ്ടെത്തുകയെന്നതാണ് പൊലീസ് ശ്രമിക്കുന്നത്. അതിനിടെ കേസ് വിചാരണ ഘട്ടത്തിലേക്ക് ഉടൻ കടക്കുമെന്നതിനാൽ ദൃശ്യങ്ങൾ പുറത്തു വരുന്നത് പ്രതികൾക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ കേസ് കഴിഞ്ഞ ശേഷമാകും ദൃശ്യങ്ങൾ പുറത്തുവിടാൻ സാധ്യതയെന്ന വിലയിരുത്തലുമുണ്ട്. ഗൾഫിൽ ഇവയുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം.

ദൃശ്യം ചിത്രീകരിച്ച മൊബൈൽ ആർക്കോ കൈമാറുന്നതിനായിരിക്കാം യുവതി ഗൾഫിലേക്ക് കടന്നതെന്ന് അഭ്യൂഹം വ്യാപകമായിരുന്നു.ഇത്് വാസ്തവമെങ്കിൽ ഏതുനിമിഷം വേണമെങ്കിലും ദൃശ്യങ്ങൾ പുറത്തുവരാവുന്ന സാഹചര്യം നില നിൽക്കുന്നുണ്ടെന്നാണ് സിനിമ മേഖലയിലെ ഒരു വിഭാഗം സാങ്കേതിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഓടുന്നവാഹനത്തിലെ വെട്ടത്തിൽ ചിത്രീകരിച്ചതെന്ന് പറയപ്പെടുന്ന ദൃശ്യങ്ങൾ മികവുറ്റതാക്കാൻ നിലവിൽ നിരവധി സാങ്കേതിക മാർഗ്ഗങ്ങളുണ്ട്. എഡിറ്റിംഗിൽ ഗ്രേഡിങ് ആൻഡ് കളർകറക്ഷൻ വിഭാഗത്തിൽ ദൃശ്യത്തിന്റെ ഓരോ ഫ്രെയിമുകളും മികവുറ്റതാക്കാൻ സാധിക്കുമെന്നാണ് സിനിമ മേഖലയിലെ സാങ്കേതിക പ്രവർത്തകർ പങ്കുവയ്ക്കുന്ന വിവരം.

സിനിമ മേഖലയുമായി ബന്ധമുള്ളതും വിദേശത്ത് വേരുറപ്പിച്ചിട്ടുള്ളതുമായ ആരുടെയെങ്കിലും കൈവശമായിരിക്കാം ദൃശ്യം എത്തിയിട്ടുള്ളതെന്നും ഇത് പുറത്ത്് വരണമെന്ന് താൽപര്യപ്പെടുന്നവർ നിർദ്ദേശിച്ചാൽ സാമ്പത്തീക നേട്ടം കണക്കിലെടുത്ത് ഇയാൾ ഇതിനായി വേണ്ടത് ചെയ്യുമെന്നുമാണ് പരക്കെ ഉയരുന്ന ആശങ്ക. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്റർനെറ്റിൽ ദൃശ്യം അപ്‌ലോഡ് ചെയ്യുന്നതിനായിരിക്കാം കൂടുതൽ സാദ്ധ്യതയെന്നും ഇത് ഉടനടി തടയാൻ കഴിഞ്ഞില്ലങ്കിൽ നിമിഷങ്ങൾക്കുള്ളിൽ വൈറലാവുമെന്നുമാണ് സൈബർ വിദഗ്ധരുടെ കണക്കുകൂട്ടൽ.

കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാർ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കേരളാ പൊലീസിന് ഇനിയും കണ്ടെടുക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ഈ ഫോൺ വിദേശത്തേയ്ക്ക് കടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ സംശയം. യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ അന്ന് വൈകിട്ട് പൾസർ സുനി സന്ദർശിച്ച യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊന്നുരുന്നി ജൂണിയർ ജനതാ റോഡിൽ താമസക്കാരിയായ ഒരു യുവതിയുടെ വീട്ടിലേക്കാണ് ഇയാൾ അന്ന് വൈകിട്ട് എത്തിയത്. അയൽവാസിയുടെ മതിൽ ചാടിക്കടന്ന് സുനി എത്തുന്നതിന്റെ ക്യാമറ ദൃശ്യങ്ങൾ പിറ്റേന്ന് പൊലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് ഉച്ചയോടെ യുവതി ദുബായിലേക്ക് പോയതായും പൊലീസ് കണ്ടെത്തി.

ഇക്കാര്യം വ്യക്തമായിട്ടും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ വിശദമായ പരിശോധന നടത്താതിരുന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ആ ഉദ്യോഗസ്ഥനെ മാറ്റി കേസ് അന്വേഷണത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയത് ഐജി ദിനേന്ദ്ര കശ്യപിന്റെ കർശന നിലപാട് കാരണമാണ്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഈ യുവതി വഴി വിദേശത്തേക്ക് കടത്തിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. നിർണായക തൊണ്ടിമുതലായ മൊബൈൽ ഫോൺ വിദേശത്തേക്ക് കടത്തിയെന്ന വിവരം മറഞ്ഞുവയ്ക്കാനാണ് മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിച്ചതായി അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവർ മൊഴി നൽകിയതെന്ന് പൊലീസ് നിഗമനം. മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്തിയാൽ പൊലീസിന് കുറ്റപത്രം പുതുക്കേണ്ടി വരും. പ്രതിപ്പട്ടികയിൽ ഉൾപ്പെടെ മാറ്റം വരാനുള്ള സാധ്യതയും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ മെമ്മറി കാർഡിലേക്ക് മാറ്റിയത് ആലപ്പുഴയ്ക്കടുത്തുള്ള കടപ്പുറത്തുവെച്ച്. കേസിലെ ഒന്നാംപ്രതി പൾസർ സുനിയും മറ്റു രണ്ടുപേരും ചേർന്നാണ് ഇത് ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. അടുത്തദിവസം സുനിയുടെ ഫോട്ടോയും വാർത്തയും ടി.വി.യിലും മറ്റും വന്നതറിഞ്ഞ് ഇവർ അവിടെനിന്ന് രക്ഷപ്പെട്ടതായും പറയുന്നു. സംഭവം നടന്ന ദിവസം സുനിയും നാലുപ്രതികളും തമ്മനത്തുവന്ന ശേഷമാണ് പലയിടങ്ങളിലേക്ക് പോയത്. സുനിയും രണ്ടുപേരുമാണ് ആലപ്പുഴ ഭാഗത്തേക്ക് പോയത്. അവിടെ കേസിലെ ഒരു സാക്ഷിയുടെ വീട്ടിൽവച്ചാണ് ദൃശ്യങ്ങൾ പകർത്തിയ ഫോൺ ഇവർ പുറത്തെടുത്തത്. ഫോൺ പവർബാങ്കിൽ കുത്തി സാക്ഷിയുടെ വീട്ടിൽവെച്ചും പിന്നീട് വീടിന് പടിഞ്ഞാറുവശത്തുള്ള കടപ്പുറത്തിരുന്നും ദൃശ്യങ്ങൾ മെമ്മറി കാർഡിലേക്ക് പകർത്തുകയായിരുന്നു.

അടുത്ത ദിവസം വാർത്ത വന്നപ്പോൾ ചെങ്ങന്നൂരിലേക്കാണ് ഇവർ രക്ഷപ്പെട്ടത്. മുളക്കുഴ ആരക്കാട് മുറി പള്ളിപ്പടിക്കടുത്ത് സഞ്ചരിച്ച വാഹനം ഉപേക്ഷിച്ചു. മറ്റൊരു വാഹനം വാടകയ്ക്കെടുത്ത് യാത്രതുടർന്നു. ഇതിനിടെ കളമശ്ശേരിയിലെ മൊബൈൽഫോൺ കടയിൽനിന്ന് ഫോൺ വാങ്ങി ഉപയോഗിച്ചു. പിന്നീട് മറ്റു രണ്ടു സാക്ഷികളുടെ വീട്ടിലെത്തി കേസിൽ ജാമ്യം എടുക്കുന്നതിനുള്ള വക്കാലത്തിൽ ഒപ്പിടുകയായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. ജാമ്യത്തിനുള്ള വക്കാലത്തിൽ ഒപ്പിട്ടശേഷം സുനിയും രണ്ടുപേരും കോയമ്പത്തൂരിലേക്കാണ് പോയത്.

പീളമേട് ടൗണിലെത്തി സുനി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഏഴാം പ്രതിയെ കാണിച്ചുകൊടുത്തു. എട്ടാം പ്രതിയുടെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് സുനി ഏഴാം പ്രതിയോട് പറഞ്ഞതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

(വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്നത് പ്രതീകാത്മക ചിത്രമാണ്)