കോട്ടയം: താര സംഘടനയായ അമ്മയുടെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്ത നടിയെയാണ് പൾസർ സുനി രണ്ട് കൊല്ലം മുമ്പ് ആക്രമിച്ചതെന്നതിന്റെ വ്യക്തമായ സൂചനകൾ മറുനാടന് ലഭിച്ചു. പൃഥ്വിരാജിനെ പോലെ ഈ നടിക്കും അമ്മ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഈ നടിക്ക് ദിലീപുമായി വ്യക്തി വിരോധവുമില്ല. നടിമാരുടെ ചേരിയിൽ കാവ്യാ മാധവനൊപ്പം നിലയുറപ്പിക്കുന്ന നടിയാണ് അവർ. എന്നാൽ നിലവിലെ സാഹചര്യത്തിൽ പൊലീസിന് മൊഴി നൽകാൻ ഇവർ തയ്യാറായിട്ടുണ്ട്.

ഈ നടിക്ക് പൊലീസ് മൊഴിയെടുക്കാൻ നോട്ടീസും നൽകിയതായാണ് സൂചന. നടിയുടെ അടുത്ത് എത്തിയാകും മൊഴിയെടുക്കുക. ഇതോടെ സിനിമയിലെ കൂടുൽ കഥകൾ പുറത്തു വരും. കാവ്യ മാധവന്റെ അടുത്ത സുഹൃത്തിനെ കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തിയത് വിമൻ ഇൻ സിനിമാ കളക്ടീവാണ്. സിനിമയിലെ കള്ളമുഖങ്ങളെ തുറന്നു കാട്ടാനുള്ള പോരാട്ടത്തിൽ പിന്തുണയും തേടി. ഇതോടെയാണ് പൊലീസുമായി സഹകരിക്കാൻ നടി തയ്യാറായത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി നേരത്തെ മറ്റൊരു നടിയേയും സമനമായ രീതിയിൽ ആമ്രിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

കിളിരൂർ പീഡനക്കേസിൽ ആരോപണവിധേയനായ നിർമ്മാതാവിന് വേണ്ടിയായിരുന്നു മൂന്ന് വർഷം മുൻപ് നടന്ന ആ ക്വൊട്ടേഷൻ. ഈ സംഭവം സിനിമാ മേഖലയിലെ പ്രമുഖർ ഇടപെട്ട് പറഞ്ഞു തീർത്തുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. നടി പരാതി നൽകാൻ തയ്യാറായതുമില്ല. ആരാണ് ഈ ഒത്തുതീർപ്പുകാർ എന്നും പൊലീസ് അന്വേഷിക്കും. അതുകൊണ്ട് കൂടിയാണ് പീഡനത്തിന് ഇരയായ നടിയുടെ മൊഴി നിർണ്ണായകമാകുന്നത്. ഒരു നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴായിരുന്നു പൾസറിന്റെ ആദ്യ ക്വൊട്ടേഷൻ ആക്രമണം. ഇത് മുകേഷിന്റെ ഡ്രൈവറായിരിക്കുമ്പോഴെന്നാണ് കിട്ടുന്ന വിവരം.

സുനിലിന്റെ ക്രിമിനൽ പശ്ചാത്തലം ദിലീപ് മനസിലാക്കിയത് ആദ്യ നടിയെ സ്വാധീനിക്കാൻ ക്വട്ടേഷൻ നൽകിയ നിർമ്മാതാവിൽ നിന്നുമാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇടനില നിന്നിരുന്നതും ഈ നിർമ്മാതാവാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്തരിച്ച സംവിധായകൻ ലോഹിതദാസിന്റെ സിനിമയിലൂടെ രംഗത്ത് എത്തിയ ഒരു നടിയാണ് അന്ന് ആക്രമിക്കപ്പെട്ടത്. നടിയോട് ഒരു നിർമ്മാതാവിന് ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് ശേഷം സിനിമയിൽ നിന്നു തന്നെ ഏറെക്കുറെ അപ്രത്യക്ഷയായ നടി അടുത്തിടെയാണ് തിരിച്ചു വന്നത്.

എന്നാൽ ചില രണ്ടാം നിര ചിത്രങ്ങളിൽ മാത്രമാണ് അവർക്ക് അവസരം ലഭിച്ചത്. ഇവർ അന്വേഷണസംഘത്തിന് മൊഴിനൽകാൻ തീരുമാനിച്ചത് ഏറെ നിർണ്ണായകമാണ്. ഇത് വിജയിച്ചതിനാലാണ് ഇതേപോലുള്ള ക്വട്ടേഷൻ സുനിയെ ഏൽപ്പിച്ചതെന്ന് പൊലീസ് കരുതുന്നു. സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അത്രിക്രമങ്ങളെ ശക്തമായി അപലപിച്ച് നേരത്തെ തന്നെ ഈ നടി രംഗത്ത് വന്നിരുന്നു. ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ഇര അനുഭവിക്കുന്ന അതേ വേദന അറിയിക്കുന്ന തരത്തിൽ വേണം പ്രതികൾക്ക് ശിക്ഷ വിധിക്കാനെന്ന അഭിപ്രായം സിനിമയിലെ നടികൾക്കിടയിൽ ശക്തമാണ് ഇപ്പോൾ.

ഇത്തരം പ്രവർത്തികൾ ഇനി ആവർത്തിക്കാതിരിക്കാൻ ലിംഗഛേദം പോലുള്ള കടുത്ത ശിക്ഷകളാണ് നൽകേണ്ടതൈന്ന വിലയിരുത്തലും ഉയരുന്നു. ഇതെല്ലാം പറഞ്ഞു മനസ്സിലാക്കിയാണ് പരാതിയുമായി സജീവമാകാൻ നടിയെ സഹപ്രവർത്തകർ പ്രേരിപ്പിച്ചത്. അമ്മയിലെ ചിലരുമായുള്ള അടുപ്പം കാരണമാണ് ഈ നടിക്ക് ക്വട്ടേഷൻ കൊടുത്തതെന്ന വാദം സജീവമാണ്. അതുകൊണ്ട് എല്ലാം നടി പറഞ്ഞാൽ അന്വേഷണം അമ്മയിലേക്ക് കടക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൾസർ സുനി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിർമ്മാതാവിനേയും പൊലീസ് ചോദ്യം ചെയ്യും.

സംഭവത്തിലെ ഗൂഢാലോചനയിലെ അന്വേഷണം സിനിമയിലെ പ്രമുഖർക്കെതിരെ എത്താനും നീക്കമുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന നടി നിയമ പോരാട്ടത്തിന് തയ്യാറാണ്. ഒത്തുതീർപ്പുകൾക്കില്ലെന്ന് നടി വനിതാ കൂട്ടായ്മയെ അറിയിച്ചതായാണ് സൂചന.