കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതു കാമുകിയോടൊപ്പം ജീവിക്കാനുള്ള പണം കണ്ടെത്താനെന്നു പ്രതി പൾസർ സുനിയെന്ന സുനിൽകുമാറിന്റെ മൊഴി. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുക്കാനാണു പദ്ധതിയിട്ടതെന്നും സുനിൽകുമാർ മൊഴി നൽകുന്നു. എന്നാൽ ബ്ലാക്ക് മെയിൽ ചെയ്ത് പണംതട്ടാനാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്ന സുനിയുടെ മൊഴി കണ്ണടച്ച് വിഴുങ്ങാനാവില്ല. നടിയുടെ പരാതിയിലെ ചില പരാമർശങ്ങളും കൂട്ടുപ്രതികൾ നൽകിയ മൊഴിയും ഇത് മറ്റാരോ ആസൂത്രണംചെയ്ത ക്വട്ടേഷനാണെന്ന സൂചനയാണ് നൽകുന്നത്. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് സുനി പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്. ഇതാരെന്ന ചോദ്യത്തിന്, താൻ വെറുതെ ഭയപ്പെടുത്താൻ പറഞ്ഞതാണെന്നാണ് സുനി പറയുന്നത്.

ഇതിനിടെ സംവിധായകൻ ലാലും നടിയുടെ ക്വട്ടേഷനെ കുറിച്ച് തുറന്നു പറഞ്ഞു. ഇതോടെ പൊലീസിന് ഇതേ കുറിച്ച് അന്വേഷിക്കേണ്ട അവസ്ഥയിലുമാണ്. ഈ വിവാദം ഉണ്ടായപ്പോൾ മുതൽ സൂപ്പർതാരത്തെ കുറിച്ചുള്ള അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ആരും അന്ന് പ്രതികരിച്ചില്ല. ഇതിന് കാരണം സംശയ നിഴൽ തനിക്കും ഉണ്ടെന്ന് പലരും തിരിച്ചറിഞ്ഞിരുന്നു. എന്നാൽ കേസിൽ തങ്ങൾ പിടിക്കപ്പെടില്ലെന്ന് ഉറപ്പാക്കിയ ശേഷം ഈ നടന്മാർ പരാതിയുമായി രംഗത്തുവന്നു. ഇതിന് പിന്നിൽ ഒത്തുകളിയുണ്ടെന്ന സംശയം സോഷ്യൽ മീഡിയ സജീവമാക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയുമായി പ്രശ്‌നങ്ങളുള്ള സിനിമാ രംഗത്തെ മുഴുവൻ പേരേയും ചോദ്യം ചെയ്യണമെന്ന വികാരമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

എന്നാൽ സംഭവ ശേഷം സുനിയുടെ യാത്ര കൊച്ചി നഗരത്തിലെ തന്നെ ഒരു വീട്ടിലേക്കായിരുന്നു. മതിൽ ചാടിക്കടന്ന് ആർക്കോ എന്തോ കൈമാറുകയായിരുന്നു പൾസർ സുനി. ആരെയാണ് ഇവിടെ കണ്ടത് എന്നതാണ് ഇനി നിർണ്ണായകം. ക്വട്ടേഷൻ ഇടപാടാണെന്ന് പറഞ്ഞാണ് സുനി മാർട്ടിനൊഴികെയുള്ള കൂട്ടുപ്രതികളെ വിളിച്ചത്. സംഭവശേഷം മറ്റാരേയോ വിളിച്ച് കാര്യംനിർവഹിച്ച വിവരം പൊട്ടിച്ചിരിച്ചുകൊണ്ട് സുനി പറഞ്ഞതായും മണികണ്ഠനും പ്രദീപും മൊഴി നൽകിയിരുന്നു. ഇതാരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നടിയോട്, സഹകരിക്കാത്ത പക്ഷം തമ്മനത്തെ ഫ്ലാറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കുമെന്നും അവിടെ പത്തിരുപത് പേരുണ്ടാകുമെന്നും മയക്കുമരുന്ന് കുത്തിവെയ്ക്കുമെന്നുമൊക്കെ സുനി പറഞ്ഞിരുന്നു. ഇതെല്ലാം ഇപ്പോൾ സുനി നിഷേധിക്കുകയാണ്.

കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഏറ്റെടുത്തെങ്കിലും മൊബൈൽ ഫോൺ സംബന്ധിച്ചു പരസ്പരവിരുദ്ധമായ മറുപടികളാണു സുനിൽകുമാർ നൽകിയത്. കീഴടങ്ങാൻ കോടതിയിലേക്ക് ഒളിച്ച് എത്തുംമുൻപ് മൊബൈൽ ഫോൺ വെണ്ണല ഭാഗത്തെ അഴുക്കുചാലിൽ ഉപേക്ഷിച്ചെന്നാണു പ്രതിയുടെ മൊഴി. ഈ പ്രദേശത്തെ അഴുക്കുചാലുകൾ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. കേസിലെ നിർണായക തെളിവാണ് ഈ ഫോൺ. പൊലീസ് പിന്തുടരുന്ന വിവരം അറിഞ്ഞ് ഒളിവിൽപോകുന്നിനു മുൻപ്, സുനി അടുപ്പക്കാരിയായ യുവതിയുടെ വീടിന്റെ മതിൽ രാത്രി ചാടിക്കടക്കുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. കുറ്റകൃത്യത്തിനു മുൻപും ശേഷവും സുനി നടത്തിയ രഹസ്യ നീക്കങ്ങൾ ഈ യുവതിയുടെ അറിവോടെയാണെന്ന നിഗമനത്തിലാണു പൊലീസ്. ഇതോടെ ആലപ്പുഴക്കാരിയായ കൊച്ചിയിൽ ബിസിനസ്സുകാരിയിലേക്ക് ഊഹാപോഹങ്ങൾ നീളുകയാണ്.

സംഭവശേഷം ഒരു വീടിന്റെ മതിൽചാടി സുനി ഒറ്റയ്ക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മറ്റ് പ്രതികളെ ഒഴിവാക്കി സുനി ആരെയാണ് കണ്ടതെന്നോ ഇവർ തമ്മിലുള്ള ബന്ധം എന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല. ഒരു സുഹൃത്തിനെ കാണാൻ പോയതാണെന്നും ഇയാൾ മദ്യലഹരിയിലായതിനാൽ വിളിച്ചിട്ട് വാതിൽ തുറന്നില്ലെന്നുമാണ് സുനിയുടെ മൊഴി. വാതിൽ തുറക്കാത്ത സുഹൃത്തിന്റെ വീടിനു മുന്നിൽ സുനി ഇരുപത് മിനിറ്റോളം ചെലവിട്ടു എന്ന് വിശ്വസിക്കേണ്ടി വരും. ഗാന്ധിനഗർ ഭാഗത്ത് മറ്റൊരു ഫ്ലാറ്റിലും സംഘമെത്തിയതായി സൂചനയുണ്ട്. സുനി മുൻകൂർ ജാമ്യത്തിന് അപേക്ഷനൽകിയ രീതിയും സംശയം ജനിപ്പിക്കുന്നതാണ്. പാസ്പോർട്ടും മൊബൈൽ ഫോണുമടക്കം അഭിഭാഷകന് സുനി കൈമാറിയിരുന്നു. നഗരത്തിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ യുവതിയിലാണ് സംശയം മുഴുവൻ. ഇവരെ പൊലീസ് കസ്റ്റഡിയിലും എടുത്തിട്ടുണ്ട്.

കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന സൂചനയാണു പൊലീസ് നൽകുന്നത്. അക്രമത്തിന്റെ സൂത്രധാരൻ സുനിൽകുമാറുമായി അടുപ്പമുള്ളവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. കുറ്റകൃത്യം നടന്ന 17നും തൊട്ടുമുൻപുള്ള ദിവസങ്ങളിലും ഇയാളുമായി പലതവണ ഫോണിൽ സംസാരിച്ചവരുടെ പട്ടിക പൊലീസ് തയാറാക്കി. ഇവരിൽ സംശയമുള്ളവരെ അടുത്ത ദിവസങ്ങളിൽ ചോദ്യംചെയ്യും. പ്രതികൾ അറസ്റ്റിലായി 24 മണിക്കൂർ കഴിയുംമുൻപ്, ഇന്നലെ ഉച്ചയ്ക്കു 2.30നു സുനിൽകുമാറിനെയും കൂട്ടുപ്രതി തലശേരി സ്വദേശി വിജീഷിനെയും അന്വേഷണ സംഘം ആലുവ മജിസ്‌ട്രേട്ടിന്റെ വസതിയിൽ നേരിട്ടു ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യംചെയ്യാനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് സമർപ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കും. ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയാക്കി ഇന്നലെ പുലർച്ചെ പ്രതികളുടെ സാന്നിധ്യത്തിൽ അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയ ശേഷമാണു മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കിയത്.

നടിയെ ഉപദ്രവിക്കാൻ മറ്റാരും ക്വട്ടേഷൻ നൽകിയിട്ടില്ലെന്നാണു പ്രതിയുടെ ആവർത്തിച്ചുള്ള നിലപാട്. എന്നാൽ, അതിക്രമം ക്വട്ടേഷനാണെന്ന നടിയുടെയും ബന്ധുക്കളുടെയും നിലപാട് അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ല. ഇതു ക്വട്ടേഷനാണെന്ന് ആക്രമണത്തിനിടെ സുനിൽകുമാർ നടിയോടു പറഞ്ഞിരുന്നു. ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന സൂചനയും അതിക്രമത്തിനു ശേഷം ഒളിവിൽ പോകുംമുൻപ് സുനിൽകുമാർ കൂട്ടുപ്രതികൾക്കു നൽകിയിരുന്നു.