- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ്; ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയിലേക്ക്; പരമോന്നത നീതിപീഠത്തെ സമീപിക്കുന്നത് തുടരന്വേഷണം നടക്കുന്നതിനാൽ വിചാരണ നടപടികൾ ഉടൻ പൂർത്തിയാവില്ലെന്ന് ചൂണ്ടിക്കാട്ടി; നീക്കം ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പൾസർ സുനി പരമോന്നത കോടതിയെ സമീപിച്ചത്. താനൊഴികെ കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു. തുടരന്വേഷണം നടക്കുന്നതിനാൽ കേസിലെ വിചാരണ നടപടികൾ സമീപകാലത്ത് ഒന്നും പൂർത്തിയാകാൻ സാധ്യതയില്ലെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
്അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായ ദിലീപ് 12 പേരുമായുള്ള സംഭാഷണങ്ങളും ചാറ്റുകളും ഡിലീറ്റ് ചെയ്തതായി ക്രൈംബ്രാഞ്ച്. വീണ്ടെടുക്കാനാകാത്ത വിധം ഈ ചാറ്റുകൾ നീക്കം ചെയ്തെന്നാണ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നീക്കിയ ചാറ്റുകളിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ഗാലിഫുമായുള്ള ആശയവിനിമയങ്ങളും ഉൾപ്പെടുന്നു.
ദിലീപിന്റെ ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാവാത്ത വിധം നീക്കം ചെയ്തത്. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് മുമ്പാണ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തത്. ദുബായിൽ ബിസിനസ് നടത്തുകയാണ് ഗാലിഫ്. ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശൂർ സ്വദേശി നസീർ, ദിലീപിന്റെ സഹോദരീഭർത്താവ് സൂരജ് എന്നിവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് പാർട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്. ഇത് ഏറെ സംശയം ജനിപ്പിക്കുന്നതാണെന്നും, ചാറ്റുകൾ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്ന സൈബർ വിദഗ്ധൻ സായ്ശങ്കറിനെതിരായ റിപ്പോർട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്.
നടിയും ഭാര്യയുമായ കാവ്യ മാധവൻ, മലയാളത്തിലെ ഒരു പ്രമുഖ നടി, ഫൊറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ എന്നിവരുമായുള്ള ചാറ്റുകളും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചെടുക്കാനാകാത്ത തരത്തിലാണ് നശിപ്പിച്ചിട്ടുള്ളത്. ഏതു സാഹചര്യത്തിലാണ് ഈ വിവരങ്ങൾ നീക്കിയതെന്നത് സംബന്ധിച്ച് ദിലീപ് അന്വേഷണസംഘത്തോട് വിശദീകരിക്കേണ്ടി വരും. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നശിപ്പിച്ചതെന്നാണ് ദിലീപ് നേരത്തെ പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ