കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വമ്പൻ സ്രാവുകളാരും കുടുങ്ങില്ലെന്ന് ഏതാണ്ട് ഉറപ്പായി. പൾസർ സുനി സിനിമാ ലൊക്കേഷനിലെ നിത്യ സാന്നിധ്യമാണെങ്കിലും നടന്മാർക്ക് ആർക്കും പൾസറുമായി ബന്ധമില്ലെന്ന് വരുത്തനാകും ശ്രമം. ഇതിനൊപ്പം ഗൂഡോലാചനയിൽ ദിലീപിനേയും കൂട്ടരേയും ഉൾപ്പെടുത്താൻ പൾസർ സുനി ഗൂഢാലോചന നടത്തിയെന്ന നിലപാടിലേക്കും പൊലീസ് മാറും. ഇതിന്റെ വ്യക്തമായ സൂചനയാണ് പൊലീസിൽ നിന്ന് ലഭിക്കുന്നത്.

നാദിർ ഷായുടെ ഫോണിലേക്കും സുനിയുടെ ഫോൺ കോൾ വന്നിട്ടുണ്ടെങ്കിലും ഇതിലും നടിയെ ആക്രമിച്ച കേസുമായി നേരിട്ട് ബന്ധം ആരോപിക്കാനാവില്ല. എന്നാൽ പൾസർ സുനിയുടെയും സഹതടവുകാരുടെയും മൊഴിയും ലഭിച്ച ഫോൺ കോൾ രേഖകളും മുൻനിർത്തി ദിലീപിനെയും നാദിർ ഷായെയും വീണ്ടും ചോദ്യം ചെയ്യും. നിലവിൽ നടി ആക്രമിക്കപ്പെടാനിടയായ സാഹചര്യവും പൾസർ സുനിയുമായി താരങ്ങൾക്കുള്ള ബന്ധവുമാണ് അന്വേഷിക്കുന്നത്. ഇത് തെളിയിക്കാൻ മതിയായ തെളിവുകൾ കിട്ടിയിട്ടില്ല. പീഡന ദൃശ്യങ്ങൾ ഉള്ളതിനാൽ കേസിൽ പൾസർ മറുപടി പറയേണ്ടി വരും. അതിന് അപ്പുറത്തേക്ക് അൽഭുതമൊന്നും സംഭവിക്കില്ല.

ഇന്നലെ ദിലീപിന്റെയും നാദിർ ഷായുടെയും സുഹൃത്തും നടനുമായ ധർമജൻ ബോൾഗാട്ടി, ദിലീപിന്റെ സഹോദരൻ അനൂപ് എന്നിവരെ ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. പൾസർ സുനിയുമായുള്ള ബന്ധം അറിയാനായിട്ടായിരുന്നു ധർമജനെ ചോദ്യം ചെയ്തത്. സുനിൽകുമാറും ധർമജനും തമ്മിൽ ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ ഇന്നലെ പ്രചരിച്ചിരുന്നു. ഇയാളെ നേരിട്ട് പരിചയമില്ലെന്നും ഫോട്ടോ എടുക്കുമ്പോൾ ഉള്ള പരിചയം മാത്രമേ ഉള്ളൂവെന്നും ധർമജൻ മൊഴി നൽകി. ഇത് ഏറെ നിർണ്ണായകമാണ്. സിനിമാ സെറ്റിലെത്തുന്ന ആരുമായും നടന്മാർ ഫോട്ടോ എടുക്കും. അതിന്റെ പേരിൽ അവരുടെ കുറ്റകൃത്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ധർമ്മജന്റെ വാദം. ഇത് പൊലീസ് അംഗീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ദിലീപിന്റ സെൽഫിയിൽ ധർമ്മജനെ കണ്ടതിലും അസ്വാഭാവികതയൊന്നുമില്ല. അത് ദിലീപിന്റെ അറിവോടെ സംഭവിക്കുന്നതാണ്. കാശ് തട്ടാൻ പൾസർ ഉണ്ടാക്കിയതാണ് ഗൂഢാലോചനകഥ. അതിൽ ക്വട്ടേഷനുമില്ല. അല്ലെങ്കിൽ അത് തെളിയിക്കാൻ മതിയായ ഒന്നും ഇല്ല. പൊതു ജനങ്ങളുടെ കണ്ണിൽ തടയിടാൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. വമ്പൻ സ്രാവുകൾക്കെതിരായ പൾസറിന്റെ മൊഴി കെട്ടിച്ചമച്ചതാണ്. അല്ലാത്ത പക്ഷം ഇത് തെളിയിക്കാനുള്ള തെളിവുകൾ പൾസർ തന്നെ ഹാജരാക്കേണ്ടി വരും. ആരോപണം ഉന്നയിച്ചവർക്ക് അത് തെളിയിക്കാനുള്ള ധാർമികതയുണ്ടെന്നാണ് പൊലീസിന്റെ പക്ഷം. ജയിലിലെ ഫോൺവിളിയിൽ പൾസറിനെതിരെ നടപടിയും വരും. ജിൻസണോട് പൾസർ പറഞ്ഞതെല്ലാം ഗൂഢാലോചനയുടെ ഫലമാണെന്ന് വരുത്തുകയും ചെയ്യും.

ഗൂഢാലോചനക്കേസിൽ പുതിയ എഫ് ഐ ആർ വേണമോ എന്ന് പോലും പൊലീസിന് തീരുമാനം ഉണ്ടായിട്ടില്ല. കോടതിയുടെ അനുമതിയോടെ വേണം ഗൂഢാലോചനയിൽ പുനരന്വേഷണം നടത്താൻ. ഇത് ചെയ്താൽ പുതിയ എഫ് ഐ ആർ ഇടേണ്ടി വരും. അതായത് പൾസർ സുനിക്കൊപ്പം ദിലീപിനൊപ്പം പോലും കുറ്റം ആരോപിക്കേണ്ട സാഹചര്യം ഉരുത്തിരിയും. ഇത് ഒഴിവാക്കാനാണ് പുനരന്വേഷണത്തിന് കോടതിയുടെ അനുമതി വാങ്ങാത്തത്. പൾസറിനെ കസ്റ്റഡിയിലെടുത്തത് ജയിലിലെ ഫോൺ വിളിയിലാണ്. ഉന്നതരെ എഫ് ഐ ആറിൽ നിന്ന് ഒഴിവാക്കാൻ മാത്രമാണിതെന്ന വാദവും അതിനിടെ സജീവമാണ്. ഏതായാലും പഴുതുകൾ ഉണ്ടാക്കി വമ്പന്മാരെ വെറുതെ വിടാനാണ് ഇപ്പോഴത്തെ ശ്രമമെന്നാണ് ആക്ഷേപം.

ദിലീപിന്റെ അനുജനെ ചോദ്യം ചെയ്തത് പോലും ഇതിന് വേണ്ടിയാണെന്ന് കരുതുന്നവരുണ്ട്. നാദിർഷയുടെയും ദിലീപിന്റെയും സ്വത്ത് കാര്യങ്ങളെക്കുറിച്ചും റിയൽ എസ്റ്റേറ്റ് ഇടപാടുകളെ ക്കുറിച്ചുമായിരുന്നു അനൂപിനോട് അന്വേഷിച്ചത്. ചോദ്യം ചെയ്യലിനോട് ഇരുവരും പൂർണമായും സഹകരിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ദിലീപിന്റെ സ്വത്ത് വിഷയത്തിൽ സംശയങ്ങൾ തീർന്നെന്ന നിലപാട് അന്വേഷണം സംഘം. അതേസമയം താരങ്ങളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അളന്നുതിരിച്ചിരുന്നു.

ദിലീപിന് റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് പണം മുടക്കിയിരുന്നത് വിദേശത്തുള്ള അടുത്ത ബന്ധുവിന്റെ ഭർത്താവാണെന്നും പൊലീസിന് വിവരം ലഭിച്ചു. ഇയാൾ നടിയുമായി ചേർന്ന് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നോ എന്നതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇത് കൂടി പൂർത്തിയായാൽ ദിലീപിനെ ഗൂഢാലോചനക്കുറ്റത്തിൽ നിന്ന് ഒഴിവാക്കും. അതിനിടെ പ്രമുഖരെ ചോദ്യം ചെയ്യാനായി ചോദ്യാവലി വളരെ നേരത്തെ തയ്യാറാക്കുന്നതും സംശയ നിഴലിലാണ്. പൊലീസിൽ പോലും ഉന്നത സ്വാധീനമുള്ളവരെയാണ് ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചോദ്യാവലി ചോരാനും സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിലെ ചിലരെങ്കിലം സംശയിക്കുന്നുണ്ട്.

അതിനിടെ എഡിജിപി സന്ധ്യ കേസിൽ ഇടപെടലൊന്നും നടത്തുന്നില്ലെന്നും വ്യക്തമാണ്. സിഐ ബിജു പൗലോസിനേയും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചു. ഫലത്തിൽ ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. ബിജു പൗലോസിനെ പതിയെ ഒഴിവാക്കുന്നത് കേസ് അട്ടിമറിക്കാനാണെന്ന വാദം സജീവവുമാണ്.