ആലുവ: കൈവച്ചാൽ ദൃശ്യങ്ങൾ പുറത്തുവിടുമോ എന്ന ആശങ്ക. തെളിവെടുപ്പും കേസും പുല്ലാണെന്ന മട്ടിൽ പ്രതികരണം. പോരാത്തതിന് എല്ലാം കരുതലോടെ വേണമെന്ന ഉന്നതന്റെ നിർദ്ദേശവും. കസ്റ്റഡിയിൽ കിട്ടിയിട്ടും നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി ഇപ്പോഴും പൊലീസിന് ചുരുളഴിയാത്ത രഹസ്യം.

നിലവിലെ സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സുനിൽകുമാർ കുറ്റകൃത്യം സംബന്ധിച്ചുള്ള നിർണ്ണായക തെളിവുകളും വിവരങ്ങളും പൊലീസിന് കൈമാറാൻ സാദ്ധ്യതയില്ലെന്ന ആശങ്ക ശക്തമായിട്ടുണ്ട്. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കൈയിൽ ഉള്ളിടത്തോളം കാലം കേസിൽ വാദിഭാഗത്തുനിന്നും കടുത്ത നീക്കങ്ങളുണ്ടാവില്ലന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുനിൽകുമാർ ഇക്കാര്യത്തിൽ പൊലീസിനെ വട്ടംചുറ്റിക്കുകയാണെന്നാണ് സൂചന.

സംഭവദിവസം ഉപയോഗിച്ച ഫോണും മെമ്മറികാർഡും ഒളിപ്പിച്ചതു സംബന്ധിച്ച് ഇയാളുടെ പരസ്പരവിരുദ്ധമായ വെളിപ്പെടുത്തൽ ഇതിന്റെ ഭാഗമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരിൽ ചിലരുടെ അനുമാനം. ഇതിനിടെ ഇയാളെ ചോദ്യം ചെയ്യുന്ന അന്വേഷക സംഘത്തിന്റെ രീതിയിൽ സേനക്കുള്ളിൽ തന്നെ അമർഷമുണ്ടെന്നാണ് ലഭ്യമായ വിവരം.

പെറ്റികേസിൽ ഉൾപ്പെടുത്തി കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ 'കൈകാര്യം 'ചെയ്യുന്ന പൊലീസിന്റെ ശുഷ്‌കാന്തി നടിയെ ഉപദ്രവിച്ച സുനിൽകുമാറിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ലന്ന് ഇന്നലെ വരെയുള്ള ഇയാളുടെ ശരീരഭാഷയിൽ നിന്നും വ്യക്തമാകുന്നത്. തെളിവെടുപ്പ് കേന്ദ്രങ്ങളിൽ നിന്നും വാഹനത്തിൽ ഓടിക്കയറുന്നതുൾപ്പെടെയുള്ള ഇയാൾ ഉൾപ്പെട്ട ചാനൽ ദൃശ്യങ്ങൾ ഇത് അടിവരയിട്ടുറപ്പിക്കുന്നതാണെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

കേസന്വേഷണം ഫലപ്രാപ്തിയിലെത്താത്തിന് കാരണം അന്വേഷണവഴിയിലെ പതിവ് 'നടപടിക്രമങ്ങൾ' ഒഴിവാക്കിയതിന്റെ കേടാണെന്നാണ് പൊലീസിലെ ഒരുവിഭാഗത്തിന്റെ കണക്കുകൂട്ടൽ. പരിക്കുകൾ പുറത്തുകാണാത്ത മാർഗ്ഗങ്ങളിലൂടെ പ്രതികളെ 'മെരുക്കി '് സത്യം പുറത്തുകൊണ്ടുവരുന്നതിൽ സമർത്ഥരായ ഉദ്യോഗസ്ഥർ പൊലീസിൽ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഈ ഗണത്തിൽപെട്ട ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തിയാൽ ഒരുമണിക്കൂറിനുള്ളിൽ തത്ത പറയുംപോലെ സുനിൽകുമാർ എല്ലാ സത്യവും ഛർദ്ദിക്കുമെന്നാണ് ഒരുവിഭാഗത്തിന്റെ വെളിപ്പെടുത്തൽ.

കുറ്റാന്വേഷണത്തിൽ പ്രഗത്ഭരെന്ന് പേരെടുത്ത എ ഡി ജി പി, ബി സന്ധ്യ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രധാനപ്രതി സുനിൽകുമാറിനെ ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും പ്രധാനതെളിവായ ദൃശ്യങ്ങളും ഇത് ചിത്രീകരിച്ച മൊബൈലും എവിടെയാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നത് സേനക്ക് തന്നെ അപമാനമാണെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

പൾസർ സുനിയും സംഘവും നടിയുടെ വാഹനത്തെ പിൻതുടരുന്ന ദ്യശ്യങ്ങൾ ലഭിച്ചതായുള്ള വിവരങ്ങളും വ്യാജപാസ്‌പോർട്ടിൽ സുനിൽകുമാർ വിദേശത്തുപോയി എന്നുള്ള പി ടി തോമസ്സ് എം എൽ എ യുടെ ആരോപണവുമാണ് ഈ കേസിൽ പുറത്തുവന്നിട്ടുള്ള ഏറ്റവും പുതിയ വിവരം.