കൊച്ചി: നടിയുടെ മുൻ ഡ്രൈവറായിരുന്ന സുനിൽ കുമാർ എന്ന പൾസർ സുനിയാണ് തട്ടിക്കൊണ്ടുപോക്കലിന്റെ തിരക്കഥ തയ്യാറാക്കിയത്. മാസങ്ങൾക്ക് മുമ്പേ ഇതിനായി പദ്ധതി ഒരുക്കി. നടിയെ ഡബിംഗിനായി കൂട്ടിക്കൊണ്ടുവരാനുള്ള ദിവസം മനസിലാക്കിയ സുനി വിശ്വസ്തനായ മാർട്ടിനെ ഡ്രൈവറായി ലാൽ മീഡിയയിലേക്ക് എത്തിച്ചു. ഡബിംഗിന് വേണ്ടി ആർട്ടിസ്റ്റുകൾക്ക് ഇവിടെ നിന്ന് കാറുകൾ അയയ്ക്കുന്നതാണ് രീതി. സുനിയും ഇവിടുത്തെ ഡ്രൈവറായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനിൽ (35) നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സ്വദേശമായ പെരുമ്പാവൂരിൽ ഇയാളുടെ പേരിൽ രണ്ട് കേസുണ്ട്. ഈ പശ്ചാത്തലം തന്നെയാണ് കേസിൽ നിർണ്ണായകമായതും.

ബൈക്ക് മോഷണ കേസുകളാണിവ. കളമശ്ശേരി, ഏലൂർ, എറണാകുളം മേഖലകളിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടൽ, പെട്രോൾ പമ്പിൽ മോഷണം, വാഹന മോഷണം തുടങ്ങിയ കേസുകളുണ്ട്. ഇടക്കാലത്ത് സി.സി. മുടങ്ങുന്ന വാഹനങ്ങൾ പിടിക്കാനും മറ്റും ഇയാൾ പോയിരുന്നു. പിന്നീടാണ് സിനിമ ഫീൽഡിൽ ഡ്രൈവറായി എത്തിയത്. ക്വട്ടേഷൻ സംഘങ്ങളും മറ്റുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. തട്ടിക്കൊണ്ടുപോയ നടിയുടെ ഡ്രൈവറായും ഇയാൾ കുറച്ച് നാൾ പ്രവർത്തിച്ചിരുന്നു. ആറ് മാസം മുമ്പ് ഇവർ തെറ്റിപ്പിരിഞ്ഞതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യവും സംഭവത്തിനു പിന്നിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നടി തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുമ്പോൾ വെള്ളിയാഴ്ച രാത്രി ഒൻപതേകാലോടെ അങ്കമാലിക്ക് സമീപം അത്താണിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്.

രണ്ട് മണിക്കൂറോളം വിവിധ സ്ഥലങ്ങളിലൂടെ കാറോടിച്ച സംഘം നടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും അർദ്ധനഗ്‌നയാക്കി ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തു. രാത്രി പതിനൊന്നരയോടെ പാലാരിവട്ടം ഭാഗത്തുവച്ചാണ് ഇവർ നടിയെ മോചിപ്പിച്ചത്. കാക്കനാട് പടമുഗളിലുള്ള സംവിധായകനും നടനുമായ ലാലിന്റെ വീട്ടിൽ നടി അഭയം തേടുകയായിരുന്നു. സംഭവ സമയത്ത് നടിയുടെ കാറോടിച്ചിരുന്ന കൊരട്ടി പൂവത്തുശ്ശേരി വീട്ടിൽ മാർട്ടിൻ ആന്റണി (24) ആണ് അറസ്റ്റിലായത്. പൾസർ സുനി , സലിം എന്നിവരടക്കം മറ്റ് ആറ് പേരെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇവർ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ സുഹൃത്തുക്കളായ പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. നടി സഞ്ചരിച്ചിരുന്ന എസ്.യു.വി. വാഹനവും പ്രതികൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും പൊലീസ് കസ്റ്റഡിയിലെടുത്തു. ടെമ്പോ ട്രാവലർ തമ്മനത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

സുനി അറസ്റ്റിലായാൽ മാത്രമേ ഇതിന് പിന്നിലുള്ള മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയൂ. സുനിയെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. നടിയുടെ നഗ്‌നവീഡിയോയും ചിത്രങ്ങളുമെടുത്ത് ബ്‌ളാക്‌മെയിൽ ചെയ്ത് പണം തട്ടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. രണ്ടു നടിമാരെ ഇതിനായി കണ്ടുവച്ചു. ഇവരിൽ ആദ്യയാളാണ് വെള്ളിയാഴ്ച വലയിൽ കുടുങ്ങിയത്. ചിത്രം പകർത്തിക്കഴിഞ്ഞാൽ ആരും പരാതിപ്പെടില്ലെന്ന് സുനി പറഞ്ഞതായി അറസ്റ്റിലായ മാർട്ടിൻ മൊഴി നൽകി. സുനി ഉൾപ്പെടെയുള്ള ചിലർ തൂവാല കൊണ്ട് മുഖം മറച്ചായിരുന്നു താരത്തെ ഉപദ്രവിച്ചത്. കൊച്ചിയിലേക്കുള്ള യാത്രക്കിടെ മാർട്ടിൻ ഫോണിൽ എസ്.എം.എസ് അയക്കുന്നത് താരത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതറിഞ്ഞ് മാർട്ടിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്. കുഴൽപ്പണക്കേസുകളിലും ഇയാൾ പ്രതിയാണ്.

ലാലിന്റെ വീട്ടിൽവച്ച് മാർട്ടിന്റെ മൊബൈൽ ഫോൺ തൃക്കാക്കര അസി. കമ്മിഷണർ പിടിച്ചെടുത്ത് പരിശോധിച്ചു. സുനിയുടെ നമ്പരിലേക്ക് രാത്രി പന്ത്രണ്ടു മണിയോടെ വിളിക്കുമ്പോൾ എറണാകുളം നഗരത്തിലുള്ള ഗിരിനഗറായിരുന്നു ടവർ ലൊക്കേഷൻ. പിന്നീട് സ്വിച്ച് ഓഫായി.  മൊബൈൽ കേസിൽ നിർണ്ണായക വഴിത്തിരവാകുമെന്ന് പൊലീസ് കരുതുന്നു. പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം അറിയാതെയാണ് നടി ഇയാളെ ജോലിക്ക് എടുത്തതെന്നാണ് റിപ്പോർട്ട്. തുടർന്ന് ക്രിമിനൽ പശ്ചാത്തലം അറിഞ്ഞതോടെ ജോലിയിൽ നിന്ന് പുറത്താക്കി. അടുത്ത സുഹൃത്തിന്റെ ഭർത്താവ് വിവരം നൽകിയതനുസരിച്ചാണ് സുനിയെ, ജോലിയിൽ നിന്ന് ഒഴിവാക്കിയത്. ഇതാണ് ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്. കൊച്ചിയിലെ സിനിമാക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പൾസർ സുനി എന്ന സുനിൽ.

സുനിലിന്റെ നിർദ്ദേശപ്രകാരം എത്തിയ മാർട്ടിനാണ് ഇപ്പോൾ നടിയുടെ ഡ്രൈവർ. മാർട്ടിനും സുനിയും ചേർന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ  തട്ടിക്കൊണ്ടു പോകാൻ പദ്ധതി തയ്യാറാക്കിയിരുന്നു. സുനി ഉൾപ്പെട്ട സംഘഥമാണ് തന്നെ ആക്രമിച്ചതെന്നും തന്റെ ചിത്രങ്ങളും വീഡിയോയും പകർത്തിയെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംവിധായകൻ ലാലിന്റെ മകൻ ലാൽ ജൂണിയർ സംവിധാനം ചെയ്യുന്ന ഹണിബീ 2 എന്ന ചിത്രത്തിന്റെ ഡബ്ബിംഗിന് വരുമ്പോഴാണ് നടി ആക്രമിക്കപ്പെട്ടത്. സിനിമയുടെ പ്രൊഡക്ഷൻ കാറിലാണ് ഭാവന സഞ്ചരിച്ചിരുന്നത്.