കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ പേരിൽ രൂപീകരിച്ച ട്രസ്റ്റ് പൂർണ്ണമായും സി പി എം കൈപ്പിടിയിലൊതുക്കിയെന്ന ആക്ഷേപവുമായി കോൺഗ്രസും മറ്റ് സംഘടനകളും നേരത്തെ തന്നെ രംഗത്തുണ്ട്. സർക്കാർ ഫണ്ടും നഗരസഭ സ്ഥലവും ഉപയോഗിച്ച് നിർമ്മിക്കുന്ന സ്മാരകവും മറ്റു സംരംഭങ്ങളും കൈകാര്യം ചെയ്യുവാൻ സി പി എം നേതാക്കളെ കുത്തിനിറച്ച് രൂപീകരിച്ച ട്രസ്റ്റിനെ അധികാരം നൽകുവാനാണ് സർക്കാറും തീരുമാനിച്ചിട്ടുള്ളത്. ഇതിനെതിരെയാണ് വിവിധ പാർട്ടികളും സാംസ്കാരിക പ്രവർത്തകരും ശക്തമായി രംഗത്തുള്ളത്.

വടകരയിൽ രണ്ട് കോടി ചെലവഴിച്ച് നിർമ്മിക്കുന്ന എടോടിയിലെ സ്മാരകം പാർട്ടി സ്വത്താക്കി മാറ്റാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് ഇവരുടെ ആവശ്യം. ട്രസ്റ്റിലെ ആജീവനാന്ത ഭാരവാഹികളായി സി പി എം നേതാക്കൾ മാത്രമാണുള്ളത്. ഇതിൽ ഒരു സിപിഐ ഭാരവാഹി ഉണ്ടെന്നായിരുന്നു സി പി എം പ്രചരണം. എന്നാലിപ്പോൾ ട്രസ്റ്റിനെതിരെ സിപിഐ യും രംഗത്ത് വന്നിരിക്കുകയാണ്. നേരിട്ട് ഏറ്റുമുട്ടാതെ യുവകലാസാഹിതിയുടെ പേരിലാണ് ട്രസ്റ്റിനെതിരെ സിപിഐ രംഗത്ത് വന്നിട്ടുള്ളത്.

ഡോ: പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ പേരിൽ രൂപീകരിച്ച ട്രസ്റ്റ് രാഷ്ട്രീയവത്ക്കരിക്കരുതെന്ന് യുവകലാസാഹിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ധനസഹായത്തോടെ പ്രവർത്തനമാരംഭിക്കുന്ന ട്രസ്റ്റിലെ അംഗങ്ങളെ ഏകപക്ഷീയമായി തീരുമാനിച്ച നടപടി പുനപരിശോധിക്കണമെന്നും ട്രസ്റ്റിൽ സാംസ്കാരിക പ്രവർത്തകരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്നും യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ: ശരത് മണ്ണൂരും സെക്രട്ടറി അഷ്റഫ് കുരുവട്ടൂരും ആവശ്യപ്പെട്ടു.

സർക്കാറിന്റെ കീഴിൽ സാംസ്കാരിക സ്ഥാപനങ്ങളിലും അക്കാദമികളിലും അംഗങ്ങളെ തീരുമാനിക്കുന്നതിൽ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നത് സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. ട്രസ്റ്റിലെ അംഗങ്ങൾ ആജീവനാന്ത അംഗങ്ങളാവുകയും എല്ലാവരും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പ്രതിനിധികളാവുകയും ചെയ്യുമ്പോൾ ട്രസ്റ്റിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുമെന്നും അവർ വ്യക്തമാക്കി.

ട്രസ്റ്റിലെ സിപിഐ പ്രതിനിധിയെന്ന് പറയുന്നത് ഹരീന്ദ്രനാഥ് എന്ന എഴുത്തുകാരനാണ്. എന്നാൽ ഈ വ്യക്തി തന്നെ താൻ സിപിഐ പ്രതിനിധിയായല്ല ട്രസ്റ്റിന്റെ ഭാഗമായിട്ടുള്ളതെന്ന് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രസ്റ്റിനെതിരെ സിപിഐ രംഗത്ത് വന്നത്.