- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യക്കാരെ കണ്ടെത്തുക ഓൺലൈൻ വഴിയുള്ള പരസ്യത്തിലുടെ; ഉപഭോക്താവിനെ വിശ്വാസത്തിലാക്കാൻ തുക കൈപ്പറ്റുക പല തവണകളായി; കാനഡ വിസയുടെ പേരിൽ 15 ലക്ഷം തട്ടിയ സംഘത്തെ പൊലീസ് കീഴടക്കിയത് സാഹസീകമായി;പഞ്ചാബ് സ്വദേശികളുടെ ചോദ്യം ചെയ്യലിൽ പുറത്ത് വരുന്നത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
കല്പറ്റ: കാനഡയിൽ വിസ വാഗ്ദാനംചെയ്ത് കേരളത്തിൽ തട്ടിപ്പ് നടത്തിയ പഞ്ചാബ് സ്വദേശികളെ വയനാട് സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തു. ഇന്ത്യാ-പാക് അതിർത്തിയായ അറ്റാര എന്ന സ്ഥലത്തുനിന്ന് സാഹസികമായാണ് സൈബർപൊലീസ് പ്രതികളെ പിടികൂടിയത്. പഞ്ചാബ് ഭട്ടിൻഡ സ്വദേശികളായ രാജനീഷ് (35), ചരൺജീത് കുമാർ (38), ഇന്ദർപ്രീത് സിങ് (34) സിർകാപുർ സ്വദേശി കപിൽ ഗാർഗ് (26) എന്നിവരെയാണ് അറസ്റ്റുചെയ്തത്.കാനഡയിൽ ജോലി വാഗ്ദാനംചെയ്ത് മീനങ്ങാടി സ്വദേശിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിപ്പുനടത്തിയ കേസിലാണ് അറസ്റ്റ്.
ഓൺലൈൻ വഴി പരാതിക്കാരനെ ബന്ധപ്പെട്ട പ്രതികൾ കാനഡയിൽ പോകാൻ വിസ നൽകാം എന്ന് വിശ്വസിപ്പിച്ചു പലതവണയായി 15 ലക്ഷം രൂപ വാങ്ങുകയായിരുന്നു. ആദ്യം ചെറിയ സംഖ്യകളായി തുക വാങ്ങി ഉപഭോക്താവിനെ വിശ്വാസത്തിലെടുത്താണ് ഇത്രയും വലിയ തുക കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വിസ വൈകിയതോടെ പണം തിരിച്ചുനൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോൾ നടപടികൾ പൂർത്തീകരിക്കാൻ മൂന്നുലക്ഷം രൂപകൂടി ചോദിച്ചു. കബളിപ്പിക്കൽ ആണെന്ന് തിരിച്ചറിഞ്ഞതോടെ പരാതിക്കാരൻ പൊലീസിൽ പരാതി നൽകി.
പഞ്ചാബിൽ എത്തിയുള്ള അന്വേഷണത്തിൽ പട്യാലയിലെ പ്രതികളുടെ ഓഫീസ് മേൽവിലാസം വ്യാജമാണെന്ന് മനസ്സിലായി. തുടരന്വേഷണത്തിൽ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു.ഇയാളിൽനിന്നുള്ള വിവരങ്ങളെത്തുടർന്ന് തട്ടിപ്പിന്റെ യഥാർഥ സൂത്രധാരന്മാർ 300 കിലോമീറ്റർ അപ്പുറത്ത് സിരാക്പുർ എന്ന സ്ഥലത്തുള്ളതായി മനസ്സിലാക്കി. അവിടെ പ്രതികളെ കണ്ടെത്തുകയും അവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികളിൽനിന്ന് ഒട്ടേറെ മൊബൈൽഫോൺ, സിംകാർഡ്, എ.ടി.എം. കാർഡുകൾ എന്നിവ പിടിച്ചെടുത്തു. വ്യാജമായി ആധാർകാർഡും പ്രതികൾ നിർമ്മിച്ചതായും സിംകാർഡുകൾ വ്യാജമേൽവിലാസം നൽകിയാണ് എടുത്തിരുന്നതെന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. തട്ടിപ്പുസംഘത്തിൽ ഒരു വനിതകൂടി ഉൾപ്പെട്ടതായി സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി
പ്രതികൾ സമാനമായരീതിയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പ്രതികളുടെ വാട്‌സാപ്പ് സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ കൂടുതൽ മലയാളികൾ തട്ടിപ്പിനിരയായതായി വ്യക്തമായെന്നും വയനാട് സൈബർ ക്രൈംപൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.കെ. ജിജീഷ് പറഞ്ഞു. കോട്ടയം സ്വദേശികൂടി പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
സീനിയർ സി.പി.ഒ.മാരായ കെ.എ. സലാം, പി.എ. ഷുക്കൂർ, എം.എസ്. റിയാസ്, സി.പി.ഒ.മാരായ റിജോ ഫെർണാണ്ടസ്, ജബ്‌ലു റഹ്മാൻ, സി. വിനീഷ എന്നിവരുൾപ്പെടുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടിച്ചത്.
മറുനാടന് മലയാളി ബ്യൂറോ