കോഴഞ്ചേരി: വയോധികനായ കാൻസർ രോഗിയെ ബാങ്കിനുള്ളിൽ വച്ച് അപമാനിക്കുകയും തട്ടിക്കയറുകയും ചെയ്ത ബാങ്ക് മാനേജർക്കെതിരെ എസ്.ബി.ഐ നടപടി എടുത്തു. കോഴഞ്ചേരി എസ്.ബി.ഐ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജർ നിബിൻ ബാബുവിന് പണിഷ്മെന്റ് ട്രാൻസഫർ നൽകിയാണ് ബാങ്ക് അധികൃതർ നടപടി എടുത്തത്. കൂടാതെ ഇയാൾക്കെതിരെ അന്വേഷണവും ഉണ്ടാകും. തിരുവല്ല മണിപ്പുഴ ബ്രാഞ്ചിലേക്കാണ് നിബിൻ ബാബുവിനെ സ്ഥലം മാറ്റിയിരിക്കുന്നത്. ഈ ഒഴിവിലേക്ക് മറ്റൊരു ഡെപ്യൂട്ടി മാനേജർ ചാർജ്ജ് എടുത്തു.

കഴിഞ്ഞ മാർച്ച് 12 നാണ് കോഴഞ്ചേരി പുളിയിലേത്ത് റോക്കി വില്ലയിലെ താമസക്കാരനായ രാജു എന്ന് വിളിക്കുന്ന സാമുവലിനെ നിബിൻ ബാബു അപമാനിച്ചത്. കാൻസർ രോഗിയും കണ്ണിന് കാഴ്ചക്കുറവുള്ള സാമുവൽ ഒരു ഫോം പൂരിപ്പിച്ച് തരുമോ എന്ന് ചോദിച്ചതിനായിരുന്നു ഡെപ്യൂട്ടി മാനേജരായ നിബിൻ ബാബു എന്ന ഉദ്യോഗസ്ഥൻ മോശം വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തേയും കൂടെയുണ്ടായിരുന്ന ഭാര്യയേയും അപമാനിച്ച് ഇറക്കിവിട്ടത്. തുടർന്ന് അരിശം തീരാഞ്ഞ് പുറത്ത് കസ്റ്റമർ ലോഞ്ചിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ അടുത്തു ചെന്ന് വെല്ലുവിളിയും ഭീഷണിയും മുഴക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മറുനാടൻ ഇത് വാർത്തയാക്കി.

ഈ വിഷയത്തെപ്പറ്റി മറുനാടൻ തത്സമയ വാർത്താ സംപ്രേഷണം നടത്തിയതോടെ വലിയ ചർച്ചയായി. നിരവധി പേർ എസ്‌ബിഐയിൽ നിന്ന് നേരിടുന്ന മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തുകയുണ്ടായി.എസ്‌ബിഐയുടെ ബ്രാഞ്ച് മാനേജരുമായും ചീഫ് മാനേജർ ശ്യാമുമായും പിആർഒ വേണുഗോപാലുമായും ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും ഈ വിഷയം നിസ്സാരമെന്ന മട്ടിലായിരുന്നു അവരുടെ പ്രതികരണം. എന്നാൽ ഇത്തരം ദുരനുഭവങ്ങൾ ഒട്ടേറെ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇക്കാര്യം ഞങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ലൈവ് ചർച്ചയും നടത്തി. ഇതോടെയാണ് ആയിരങ്ങൾ എസ്‌ബിഐക്ക് എതിരെ നിരവധി പരാതികൾ ഉന്നയിച്ച് രംഗത്തെത്തി. ഇതിനിടെ തങ്ങളുമായി ബന്ധപ്പെട്ട് അപമാനിതനായ വയോധികനും അദ്ദേഹത്തിന്റെ മകനും ദുരനുഭവം വ്യക്തമാക്കുകയായിരുന്നു. സംഭവത്തപറ്റി സാമുവൽ വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു.

'കാൻസർ രോഗിയായ ഞാൻ ഭാര്യയുമൊത്ത് കോഴഞ്ചേരിയിലെ എസ്.ബി.ഐയിൽ പോയത് കുറച്ച് സ്വർണം ലോക്കറിൽ വയ്ക്കാനായിരുന്നു. ഞാനൊരു കാൻസർ രോഗിയാണ്. അതിന്റെ ചികിത്സയ്ക്കായി ആർ.സി.സി യിൽ പോകണമായിരുന്നു. വീട്ടിൽ സ്വർണം സൂക്ഷിക്കാൻ പറ്റാത്തതു കൊണ്ടാണ് ലോക്കറിൽ വെയ്ക്കാൻ തീരുമാനിച്ചത്. ഞാനും ഭാര്യയും പോയാൽ പിന്നെ ആരും ഉണ്ടാവില്ല. മകനും കുടുബവും അബുദാബിയിലാണ്്. ഞങ്ങൾ അവിടെ നിന്നും വന്നിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ. ബാങ്കിൽ എത്തിയപ്പോൾ ഭാര്യ കണ്ണട എടുക്കാൻ മറന്നതിനാൽ ലോക്കറിൽ വയ്ക്കാനുള്ള ഫോം പൂരിപ്പിക്കാൻ കഴിയാതെ വന്നു. എനിക്ക കാഴ്ച വളരെ കുറവാണ്. അറുപത് ശതമാനത്തിനടുത്തേ കാഴ്ച ശക്തിയുള്ളൂ. അതിനാൽ ഫോം പൂരിപ്പിക്കാനായി സഹായത്തിന് കൗണ്ടറിൽ ഇരുന്ന ഉദ്യോഗസ്ഥനെ സമീപിച്ചു.

മോനെ ഇതൊന്നു പൂരിപ്പിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ വളരെ ധിക്കാരപരമായി ഇതൊന്നും എന്റെ ജോലിയല്ല, ഞാൻ നിങ്ങളുടെ മകനുമല്ല എന്ന് പറഞ്ഞ് തട്ടിക്കയറുകയായിരുന്നു. അപ്പോൾ എന്നോട് ധാർഷ്ട്യത്തോടെ സംസാരിച്ചത് ചോദ്യം ചെയത്പ്പോൾ അയാൾ വീണ്ടും എന്നോട് തട്ടിക്കയറുകയായിരുന്നു. അപ്പോഴേക്കും ഞാൻ തിരികെ ഉപഭോക്താക്കൾക്ക് ഇരിക്കാനുള്ള ഇരിപ്പിടത്തിൽ വന്നിരുന്നു. എന്നാൽ ആ ഉദ്യോഗസ്ഥൻ എന്റെ അടുത്തേക്ക് ചീറിപ്പാഞ്ഞ് വരികയും എന്നെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയുമായിരുന്നു. എന്റെ തൊട്ടടുത്തിരുന്ന ആളാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. അദ്ദേഹത്തിനും ഇതിന് തൊട്ടു മുൻപുള്ള ദിവസം ഇതേ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു. ഇതോടെ ഈ ഉദ്യോഗസ്ഥനെതിരെ പരാതി നൽകുമെന്ന് തീരുമാനിച്ചു. ഇയാളുടെ പേര് നിബിൻബാബു എന്നാണെന്നും ഡെപ്യൂട്ടി മാനേജരാണെന്നും മനസ്സിലാക്കി. ഇന്നലെ തന്നെ മകനോട് ഇക്കാര്യം പറയുകയും അബുദാബിയിലെ എംബസിയിലും എസ്.ബി.ഐയുടെ ഉന്നത അധികാരികൾക്കും പരാതി നൽകുകയും ചെയതു. എനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ ചെയതത്'.

വയോധികനെ മാനേജർ വിരട്ടുന്നത് ഇങ്ങനെ:

നിങ്ങളെഴുതണ്ടകാര്യം നിങ്ങളെഴുതണമെന്നും ഈ ബാങ്കിലെ കാര്യം ഇങ്ങനെയേ നടക്കുള്ളൂ എന്നും പറഞ്ഞാണ് സ്ളിപ്പിൽ എഴുതുന്നതിന്റെ പേരിൽ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ വയോധികനെ വെല്ലുവിളിക്കുന്നത്. എടോപോടോ എന്ന് വിളിച്ചെന്ന് പറഞ്ഞാണ് വയോധികനായ കസ്റ്റമറുടെ മുന്നിലെത്തി വിരട്ടൽ പുരോഗമിക്കുന്നത്.തനിക്കെന്റെ കൊച്ചുമോനാകണ്ട പ്രായമേ ഉള്ളൂ എന്നും ഞാനെന്താ തന്നെ തെറിപറഞ്ഞോ എന്നും വയോധികൻ പറയുമ്പോഴും കസ്റ്റമറെ വിരട്ടുകയാണ് അസി. മാനേജർ. താൻ തന്റെ കാര്യം നോക്ക് എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാമെന്ന് വയോധികനും മറുപടി നൽകുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടുത്തിരുന്ന മറ്റൊരു കസ്റ്റമറാണ് പകർത്തുന്നത്.
കഴിഞ്ഞയാഴ്ച പുള്ളി എന്നോടായിരുന്നു കയർത്തതെന്ന് ഈ രംഗം ചിത്രീകരിച്ച കസ്റ്റമറും പറയുന്നുണ്ട്. ഇതോടെ വീണ്ടും ഉദ്യോഗസ്ഥൻ അയാളുടെ അടുത്തേക്കും രോഷത്തോടെ എത്തുന്നു. ഇതോടെ താൻ തന്റെ സീറ്റിൽ പോയിരുന്നു പണിചെയ്യ് എന്ന് വയോധികനായ കസ്റ്റമർ പറയുന്നതോടെ.

ഓ.. അത് ഞാൻ ചെയ്തോളാമെന്നായി ഉദ്യോഗസ്ഥൻ. എന്തിനാ ഇത്രയ്ക്ക് ചൂടാവുന്നതെന്ന് ചോദിച്ച് കസ്റ്റമറുടെ നേരെ ചോദ്യങ്ങളുമായി നീങ്ങുകയാണ് ഉദ്യോഗസ്ഥൻ. ഇതോടെ ബാങ്ക് മാനേജർ എന്ന് കരുതുന്ന ഉദ്യോഗസ്ഥ വന്ന അസി. മാനേജരെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുൻതവണ തനിക്കെതിരെ ആയിരുന്നു ഈ ഉദ്യോഗസ്ഥന്റെ പരാക്രമമെന്നും അന്ന് തന്നെ സെക്യൂരിറ്റിക്കാരനെ കൊണ്ട് പുറത്താക്കാൻ ശ്രമിച്ചുവെന്നും ദൃശ്യം ചിത്രീകരിച്ച കസ്റ്റമർ പറയുന്നുണ്ട.

ഇതു കേട്ടതും വീണ്ടും മാനജർ കലികയറി വരികയാണ്. ഇനിയും വേണമെങ്കിൽ അങ്ങനെ ചെയ്യുമെന്നാണ് ഇക്കുറി ഭീഷണി. ഞങ്ങളുടെ ക്ഷമയ്ക്കൊക്കെ അതിരില്ലേ.. ഞങ്ങൾ എന്താ ചെയ്തതെന്ന് കസ്റ്റമർ ചോദിക്കുമ്പോഴും ആവേശംവിടാതെ ഇവർക്കെതിരെ നീങ്ങുകയാണ് മാനേജർ. - ഇങ്ങനെയൊരു ദൃശ്യം സോഷ്യൽമീഡിയയിൽ ഇന്നലെ മുതൽ പ്രചരിച്ചതോടെ എസ്‌ബിഐ നടത്തുന്ന പകൽക്കൊള്ളയ്ക്ക് എതിരെയും ഇടപാടുകാരോട് വളരെ മോശമായി പെരുമാറുന്നതിന്റേയും അനുഭവങ്ങൾ പങ്കുവച്ച് പലരും രംഗത്തെത്തുകയും ചെയ്തു.