ആലപ്പുഴ: പുന്നപ്രയിലെ കളരി ശ്രീഭഗവതി ക്ഷേത്രം വക സ്വത്ത് കോടതിയുത്തരവ് ലംഘിച്ചു മാനേജിങ് കമ്മിറ്റിയുണ്ടാക്കി നടത്തിപ്പുകാരിൽ ചിലർ അടിച്ചുമാറ്റിയ കേസ് അന്വേഷണമില്ലാതെ ഇഴയുന്നു. പുന്നപ്ര മുളങ്ങാട് പൊതുകുടുംബം അവിഭക്ത ട്രസ്റ്റിന്റെ ഏഴ് ഏക്കർ ഭൂമിയാണ് പുന്നപ്ര 1509 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിനും മറ്റു ചില സ്വകാര്യവ്യക്തികൾക്കും ചുളുവിലയ്ക്ക് വിറ്റു കാശാക്കിയത്. 32 അംഗങ്ങൾ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് കുടുംബാംഗവും കേസിലെ വാദിയുമായ ഉണ്ണികൃഷ്ണൻ നായർ പറയുന്നു.

അമ്പലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും പുരോഗതിക്കും വേണ്ടി ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഭൂമി കൈമാറ്റം ചെയ്തിട്ടുള്ളത്. ട്രസ്റ്റ് ആക്ട് പ്രകാരം നടത്തിപ്പിന്റെ ചുമതലക്കാരൻ ജില്ലാ ജഡ്ജിയാണ്. കോടതി ഭരണത്തിൽനിന്നും ക്ഷേത്രത്തെ ഒഴിവാക്കാനും ഭൂമി കൈമാറ്റം ചെയ്യുന്നതിനുമായി ട്രസ്റ്റ് ഭാരവാഹികൾ കോടതിയെ സമീപിച്ച് ട്രസ്റ്റിന് പകരം മാനേജിങ് കമ്മറ്റി രൂപീകരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ തട്ടിപ്പ് മനസിലാക്കിയ കോടതി കമ്മിറ്റി രൂപീകരിക്കാൻ അനുമതി നിഷേധിച്ചു.

തുടർന്ന് സ്വയം പ്രഖ്യാപിത കമ്മിറ്റി രൂപീകരിച്ചു വ്യാജരേഖകളുണ്ടാക്കി കോടതിയുത്തരവ് ലംഘിച്ചു ഭൂമി കൈമാറ്റം ചെയ്യുകയായിരുന്നു. പൊതുജനങ്ങൾക്കിടയിൽ വ്യാജപ്രചരണം നടത്തിയാണ് ഭൂമി മറിച്ചു വിറ്റത്. ഇതിനായി സോഷ്യൽ മീഡിയയുടെ സഹായവും പ്രതികൾ തേടിയിരുന്നു. വിൽപ്പനയ്ക്കുമുമ്പേ ഫെയ്‌സ് ബുക്കിൽ നൽകിയ വിവരങ്ങളാണ് നടത്തിപ്പുകാർക്ക് വിനയായത്. ഫെയ്‌സ് ബുക്ക് സന്ദർശനത്തിനിടയിൽ അമേരിക്കയിൽ കഴിയുന്ന കുടുംബാംഗമായ ജയൻ മുളങ്ങാടിന്റെ ഭാര്യ ശ്രീകല കാര്യങ്ങൾ അന്വേഷിച്ചതിനെ തുടർന്നാണ് തട്ടിപ്പിന്റെ ചുരളഴിയുന്നത്. ഇവരുടെ ഇടപെടലിലൂടെ കുടുംബത്തിലെ മുതിർന്ന അംഗമായ കേശവൻനായരെ ട്രസ്റ്റിയായി നിയമിക്കുകയും ചെയ്തു.

ചട്ടപ്രകാരം കൊല്ലവർഷം 1101-ാം ആണ്ടിൽ കർക്കിടകത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഭാഗഉടമ്പടി പ്രകാരം ക്ഷേത്രംവക സ്വത്തുവകകൾ ആറായി വിഭജിക്കപ്പെട്ടിരുന്നു. ഇത്തരത്തിൽ ആറാം പട്ടിക വസ്തുവകകളാണ് അടിച്ചുമാറ്റിയത്. ഇതിനെതിരെയാണ് കുടുംബാംഗമായ ഉണ്ണികൃഷ്ണൻ നായർ കോടതിയിലെത്തിയത്. തുടർന്ന് പുന്നപ്ര പൊലീസ് 865ന് 2014 ആയി ക്രിമിനൽ കേസെടുക്കുകയും ചെയ്തു. ക്ഷേത്രഭരണം നടത്തുന്ന ഏഴുപേർക്കെതിരെയാണ് നിലവിൽ കേസുള്ളത്.

കുംബളേത്തുവീട്ടിൽ അനിയൻ പണിക്കർ, കോയിക്കൽ വീട്ടിൽ സോമശേഖര പണിക്കർ, ശ്രീരശ്മിയിൽ മോഹനകുമാര പണിക്കർ, മുറിയിൽ പത്മവിലാസം വീട്ടിൽ കെ ആർ ചന്ദ്രൻപിള്ള, കാട്ടുത്തറ വീട്ടിൽ അരവിന്ദാക്ഷ പണിക്കർ, മുറിയിൽ വെട്ടിപ്പിഴഞ്ഞിയിൽ ചെന്താമാരാക്ഷപണിക്കർ, മുറിയിൽ ചെക്കാത്തറ വീട്ടിൽ വിനയൻ എന്നിവരെ പ്രതി ചേർത്താണ് കേസ് നൽകിയിട്ടുള്ളത്. ആലപ്പുഴ ഡിവൈ എസ് പി ക്കാണ് ഇതു സംബന്ധിച്ച അന്വേഷണച്ചുമതല. രണ്ടു വർഷമാകാറായിട്ടും ഒരിഞ്ചുപോലും മുന്നോട്ടുനീങ്ങാതെ അന്വേഷണം തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്.

ഇതിനിടെ പ്രതികൾക്കെതിരെ കോടതിയിൽ പോയതിന് ഉണ്ണികൃഷ്ണൻ നായർക്കും കുടുംബത്തിനുമെതിരെ ഗുണ്ടകളെ അയച്ച് വധഭീഷണി മുഴക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ ചന്ദ്രിക കോടതിയെ സമീപിച്ച് പൊലീസ് സഹായം തേടിയിരുന്നു. ക്ഷേത്ര സ്വത്തുക്കൾ ഒന്നൊന്നായി അടിച്ചുമാറ്റി വിൽക്കുന്നവർക്കെതിരെ ഐ പി സി 452, 420,409, 468,471 എന്നീ വകുപ്പുകൾ പ്രകാരം കോടതി കേസ് എടുത്തിട്ടുണ്ട്.