കോഴിക്കോട്: കേരളത്തിൽ ഇപ്പോളും ജാതിവിവേചനവും അയിത്തവും നിലനിൽക്കുന്നുണ്ടെന്ന് കേട്ടാൻ അത്ഭുദം തോന്നും. പേരാമ്പ്രയിലുണ്ടായ ജാതിവിവേചനത്തിന്റെ വാർത്തകൾ വന്ന് ഏറെക്കാലമാവുന്നതിന് മുമ്പാണ് കോഴിക്കോട്ടെ കൊയിലാണ്ടിയിൽ നിന്ന് ഹീനമായ ജാതിവിവേചനത്തിന്റെ വാർത്തകൾ വരുന്നത്.ദലിതൻ കുളിച്ച ക്ഷേത്രക്കുളം ശുദ്ധികർമങ്ങൾ ചെയ്ത് പുണ്യാഹം തളിച്ചതായാണ് ഇവിടെ ആരോപണ ഉയർന്നിരിക്കുന്നത്. വിവിധ ദലിത് സംഘടനാനേതാക്കൾ കൊയിലാണ്ടിയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അനേകവർഷം ജീർണാവസ്ഥയിലായിരുന്ന കൊണ്ടംവള്ളി അയ്യപ്പക്ഷേത്രക്കുളം നവീകരിക്കാൻ ക്ഷേത്ര ഭരണാധികാരികളായ അയ്യപ്പസേവാ സമിതിക്കാരുടെ സഹകരണത്തോടെ നവീകരണകമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ദലിതനെയായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നവീകരണപ്രവൃത്തികൾ നടന്നുവരവെ ഒന്നാംഘട്ട പ്രവൃത്തി കഴിഞ്ഞെന്നുപറഞ്ഞ് ദലിതനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. തുടർന്ന് പ്രവൃത്തിപൂർത്തിയായി. 2015 ഒക്ടോബർ 17ന് ക്ഷേത്രം ഭാരവാഹികളുടെയും നവീകരണ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ക്ഷേത്രക്കുളം സമർപ്പണം നടത്തി.

ക്ഷേത്രംതന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചു ബ്രാഹ്മണർ മുഴുവൻ പൂജാദികർമങ്ങളും ശുദ്ധികർമങ്ങളും നടത്തിയായിരുന്നു സമർപ്പണം. ക്ഷേത്രംതന്ത്രിക്ക് ദക്ഷിണ നൽകിയതും ആദ്യ സ്‌നാനം നടത്തിയതും നേരത്തേ പ്രസിഡന്റായിരുന്ന ദലിതനായിരുന്നു. ഇതിൽ അസംതൃപ്തരായി യാഥാസ്ഥിതികർ ജനുവരി 26ന് ക്ഷേത്രകമ്മിറ്റിയോ തന്ത്രിയോ അറിയാതെ ക്ഷേത്രം മുൻശാന്തിക്കാരനെ കൊണ്ട് ശുദ്ധിക്രിയകൾ ചെയ്യിപ്പിച്ച് പുണ്യാഹം തളിച്ച് കുളം പുനർസമർപ്പണം നടത്തുകയും ആദ്യസ്‌നാനം സവർണരെക്കൊണ്ട് നടത്തിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൂമുള്ളി കരുണാകരനാണ് പുനർസമർപ്പണം നടത്തിയത്. മുൻ എംഎ‍ൽഎ പി. വിശ്വനും ചടങ്ങിൽ പങ്കെടുത്തതായി വിവിധ ദലിത് സംഘടനാനേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ വികൃതമാക്കിയ ഈ സംഭവത്തെ ചാതുർവർണ്യ വ്യവസ്ഥിതി വീണ്ടും കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിന്റെ ഭാഗമാണെന്നും ഇതിനെതിരെ ദലിത് സമൂഹവും പൊതുജനങ്ങളും സാംസ്‌കാരികപ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ഭാരതീയ പട്ടിക ജനസമാജം രക്ഷാധികാരി എം.എം. ശ്രീധരൻ, മേഖലാ സെക്രട്ടറി പി.എം.ബി. നടേരി, സംസ്ഥാനസമിതി കൺവീനർ ശശീന്ദ്രൻ ബപ്പൻകാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അതേസമയം തനിക്ക് ഈ വിഷയത്തെക്കുറിച്ച് ഒന്നു മറിയില്‌ളെന്നാണ് മുൻ എംഎ‍ൽഎ പി.വിശ്വന്റെ പ്രതികരണം.സംഭവം കെട്ടിച്ചമച്ചതാണെന്നാണ് ഒരു വിഭാഗം നാട്ടുകാരും പറയുന്നത്.