കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പുത്തൻവേലിക്കരയിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പള്ളി വികാരിയെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ ഗുരുതരവീഴ്ച മൂലം. കഴിഞ്ഞ മെയ്‌ മാസത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച ശേഷം പള്ളി വികാരി എഡ്വിൻ ഫിഗരസ് പുത്തൻവേലിക്കരയിൽ എത്തിയിരുന്നതായി വിവരം കിട്ടി. പള്ളിയിൽ വന്നതിനു ശേഷം വൈദികൻ അവിടത്തെ ചില പരിചയക്കാരുടെ വീടുകളിലും പോയി.

കുകുറേസമയം അവിടെ ചെലവഴിച്ചശേഷം തനിക്കെതിരായ കേസ് ചാർജ് ചെയ്യപ്പെട്ട പുത്തൻവേലിക്കര പൊലീസ് സ്റ്റേഷനിലും ഇയാൾ എത്തി. കേസിന്റെ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്‌പെക്ടറോട് തിരക്കുകയും ചെയ്തത്രെ. തന്നെ കുടുക്കിയതാണെന്നും താൻ പെൺകുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും എഡ്വിൻ ഫിഗരസ് പൊലീസുകാരോടും പറഞ്ഞിരുന്നുവെന്ന് ചില പൊലീസുകാർ തന്നെ സമ്മതിക്കുന്നുണ്ട്. കേസിനു പിന്നിൽ രൂപതയുടെ കീഴിലെ രണ്ടു പ്രധാന പുരോഹിതരാണെന്നാണ് ഫിഗരസിന്റെ ആക്ഷേപം. ഇവരുടെ നേതൃത്വത്തിൽ ചിലർ പള്ളിയിലെ ഒരു വിഭാഗം വിശ്വാസികളെ സ്വാധീനിച്ചതാണ് തനിക്കെതിരായ കള്ളക്കേസുണ്ടാകാൻ കാരണമെന്ന് ഫിഗരസ് പ്രദേശത്തെ ചില വിശ്വാസികളോട് പറഞ്ഞിരുന്നത്രെ.

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയമായിരുന്നതിനാൽ പുത്തൻവേലിക്കരയിലെത്തിയപ്പോൾ അറസ്റ്റ് ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. എന്നാൽ ഇയാൾ എവിടെനിന്നാണ് വന്നതെന്നോ പിന്നീട് ഇവിടെ നിന്ന് എവിടേക്കാണ് പോയതെന്നോ പൊലീസ് അന്വേഷിക്കാൻ മുതിർന്നതുമില്ല. ഈ ഗുരുതരവീഴ്ച മൂലമാണ് ഇതുപോലെ പ്രമാദമായ കേസിലെ പ്രതി ജനുവരി മാസം മുതൽ മുങ്ങി നടക്കുന്നതെന്നു പെൺകുട്ടിയോടൊപ്പം നിൽക്കുന്ന നാട്ടുകാരുടെ ആരോപണം.

പുത്തൻവേലിക്കരയിൽ ഇയാൾ പോയ സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ള പൊലീസ് പക്ഷെ നാട്ടിലെ അച്ചന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയില്ല .ഒരു ദിവസം മുഴുവൻ ഫാ എഡ്വിൻ ഫിഗരസ് പുത്തൻവേലിക്കരയിൽ തന്നെയുണ്ടായിരുന്നതായി അവിടങ്ങളിലെ നാട്ടുകാരും സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ മെയ്‌ ആറിന് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ജസ്റ്റിസ് രാമകൃഷണൻ തള്ളിയതോടെയാണ് ഇയാൾ വീണ്ടും മുങ്ങിയതായി വാർത്തകൾ വന്നത്. എന്നാൽ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണോയെന്നു പോലും പുത്തൻവേലിക്കര പൊലീസിനറിയില്ല. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയോ എന്നു വിളിച്ചന്വേഷിച്ചപ്പോൾ തങ്ങൾക്കറിയില്ലെന്നായിരുന്നു എസ്‌ഐ സനൂജിന്റെ മറുപടി.

ഒരുപാട് അന്വേഷിച്ചിട്ടും വികാരിയെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇതിനിടെ വൈദികൻ വിദേശത്തേക്കു കടന്നതായും സൂചനയുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്ന് ഉറപ്പായതോടെയാണ് ഇയാൾ വീണ്ടും ഒളിവിൽ പോയതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പള്ളിയിൽ വേദപാഠം പഠിക്കാനായി എത്തിയ പതിനാലുകാരിയെ എഡ്വിൻ ഫിഗരസ് പീഡിപ്പിച്ചതായി പരാതിയുയർന്നത്.കേസ് വരുമെന്ന് ഉറപ്പായതോടെ പള്ളിയിൽ നിന്ന് സഭ ഇടപെട്ട് അച്ചനെ താൽക്കാലികമായി മാറ്റുകയായിരുന്നു. കേസ് വന്നതോടെ ഒത്തുതീർപ്പിനുള്ള ശ്രമം നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല.

അതോടെ ഇയാൾ നാട്ടിൽനിന്നു തന്നെ മുങ്ങുകയായിരുന്നു. കേസെടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും വികാരിയെ കസ്റ്റഡിയിൽ എടുക്കാത്തത് ഉന്നത സമ്മർദ്ദം മൂലമാണെന്നാണ് നാട്ടുകാരുടെ ആരോപണം. അങ്കമാലി കേന്ദ്രീകരിച്ചുള്ള ഒരുവ്യവസായിയാണ് കേസ് അട്ടിമറിക്ക് പിന്നിലെന്നാണ് സൂചന. അതേസമയം അച്ചനെ താൽക്കാലികമായി വിലക്കി സഭ കേസിൽ നിന്ന് പതിയെ തടിയൂരിയിരിക്കുകയാണ്.