പാലക്കാട്: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മദ്ധ്യവയസ്‌കനെ സഹോദരങ്ങൾ ചേർന്നു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. പുതുപ്പരിയാരം സ്വദേശി മണികണ്ഠന്റെ മൃതദേഹമാണ് സെപ്ടിക് ടാങ്കിൽ കണ്ടെത്തിയത്. ഈ മാസം അഞ്ചാം തീയതി മുതൽ മണികണ്ഠനെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കൊല്ലപ്പെട്ട മണികണ്ഠനു നാലു സഹോദരന്മാരുണ്ട്. ഈ സഹോദരങ്ങളെയും മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ആരാണു കൃത്യം നടത്തിയത്, ആരെല്ലാമാണു സംഭവത്തിൽ പങ്കാളികൾ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. മണികണ്ഠനെ കാണാനില്ലെന്ന പരാതിയിൽ അദ്ദേഹത്തിന്റെ നാലു സഹോദരന്മാരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപ്പെടുത്തിയ വിവരം അവർ പുറത്തു പറഞ്ഞത്. സ്വത്ത് ഭാഗം ചെയ്യുന്നത് സംഭവിച്ച തർക്കത്തെ തുടർന്നാണ് കൊല്ലാൻ തീരുമാനിച്ചത്.

പുതുപ്പരിയാരം പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്തെ പാറയ്കൽവീട്ടിലെ ടാങ്കിലാണ് മൃതദേഹം കിടന്നത്. മണികണ്ഠനെ ഏതാനും ദിവസങ്ങളായി കാണാതായിരുന്നു. ടാങ്ക് പൂർണമായി തുറന്ന് മൃതദേഹം പുറത്തെടുക്കും. വീട് പൊലീസിന്റെ നിരീക്ഷണത്തിലാണിപ്പോൾ. പാറയ്ക്കൽവീട്ടിൽ വാസുവിന്റെയും ജാനകിയുടെയും മകനായ മണികണ്ഠനെ കാണാനില്ലെന്ന കാര്യം നാട്ടുകാരിൽ ആരോ ആണ് പൊലീസിൽ അറിയിച്ചത്.

വീട്ടിലെ മൂത്ത മകനായ ഇയാൾ വിവാഹമോചിതനാണ്. ഇയാൾക്ക് സുരേഷ്, രാമചന്ദ്രൻ, രാജേഷ്, രാധ എന്നീ സഹോദരങ്ങളുമുണ്ട്. ഞായറാഴ്ച ഉച്ചയോടെ പൊലീസെത്തിയപ്പോഴാണ് പരിസരവാസികൾ സംഭവമറിയുന്നത്. പിന്നീട് വീട്ടുവളപ്പിലേക്ക് പൊലീസ് ആരെയും കടത്തിവിട്ടതുമില്ല. നാലഞ്ചു ദിവസങ്ങളായി മണികണ്ഠനെ ആരും കണ്ടിട്ടില്ല. മണികണ്ഠന്റെ സഹോദരൻ കൃഷ്ണൻകുട്ടിയുടെ വിവാഹമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച. വിവാഹദിവസവും മണികണ്ഠനെ കണ്ടതായി പരിസരവാസികൾ ഓർക്കുന്നില്ല.

കാവിൽപ്പാട് ഓട്ടുകമ്പനി പരിസരത്തും മറ്റും ലോട്ടറിവിൽപന നടത്തുന്ന മണികണ്ഠൻ സമീപ ദിവസങ്ങളിൽ അവിടെയുമെത്തിയിരുന്നില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഹേമാംബികനഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മണികണ്ഠനെ കാണാനില്ലെന്ന് പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നാരായണൻ നൽകിയ പരാതിയിലാണ് കൊലപാതകം പുറത്തറിഞ്ഞത്.