കോഴിക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളും അതിനെ ചൊല്ലിയുള്ള വിവാദങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തായ പുതുപ്പാടിയിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വാസാവകാശ സംരക്ഷണ സമിതിയെന്ന സ്വതന്ത്ര കൂട്ടായ്മയും മത്സരത്തിനുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മാതൃകയിൽ എല്ലാ വാർഡുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് വാസാവകാശ സംരക്ഷണ സമിതിയുടെ തീരുമാനം. കർഷകരുടെ ഭൂമി സംരക്ഷിക്കാൻ ഇരുമുണികൾക്കും സാധിക്കുന്നില്ല എന്ന് പറഞ്ഞാണ് വാസാവകാശ സംരക്ഷണ സമിതി ഇരുമുന്നണികൾക്കുമെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പുതുപ്പാടി പഞ്ചായത്തിലെ ഭൂമി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വാസാവകാശ സംരക്ഷണ സമിതി. പഞ്ചായത്തിലെ 18,19,20,21 വാർഡുകളിലെ നാലായിരത്തിലധികം കുടുംബങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ടാണ് വാസാവകാശ സംരക്ഷണ സമിതിയുടെ തുടക്കം. 1930ൽ 65 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമി നിരവധിയാളുകൾക്കായി മുറിച്ചു വിൽക്കുകയായിരുന്നു. പിന്നീട് ഭൂഉടമയുടെ പിന്മുറക്കാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി കയറിയതോടെ ഈ ഭൂമിയിലെ ക്രയവിക്രിയങ്ങളെല്ലാം നിലച്ചു. ഇതോടെ നാല് വാർഡുകളിലെയും നാലായിരത്തിലധികം കുടുംബങ്ങൾ പ്രതിസന്ധിയിലായി. ഈ പ്രശ്‌നം പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കോ മുന്നണികൾക്കോ സാധിച്ചില്ലെന്ന് ആരോപിച്ചാണ് ഇപ്പോൾ വാസാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.

ഇതോടൊപ്പം മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർസോണായി പ്രഖ്യാപിച്ചതിൽ കൃഷിഭൂമിയും ഉൾപ്പെടുമെന്ന പ്രചരണവും വാസാവകാശ സംരക്ഷണ സമിതി നടത്തുന്നു. കർഷകരുടെ ഭൂമി സംരക്ഷിക്കാൻ ഇരുമുന്നണികളും യാതൊരു ഇടപെടലും നടത്തിയില്ലെന്ന് പറഞ്ഞാണ് ഇപ്പോൾ വാസാവകാശ സംരക്ഷണ സമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്. കൃഷി ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിൽക്കുന്ന വാർഡുകളിലെല്ലാം സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞ ദിവസം ചേർന്ന വാസാവകാശ സംരക്ഷണ സമിതിയുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. വാസാവകാശ സമിതിയുടെ നേതാവ് ജോയ്‌സെബാസ്റ്റ്യനാണ് ഇക്കാര്യ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ എൽഡിഎഫ് ഭരിക്കുന്ന പുതുപ്പാടി പഞ്ചായത്തിൽ വാസാവകാശ സമിതി ഒരു സമ്മർദ്ദ ശക്തിയാകാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.

അതേ സമയം സിപിഐഎം വിരുദ്ധരുടെ ഒരു കൂട്ടമാണ് വാസാവകാശ സമിതിയെന്നും അവർക്ക് തെരഞ്ഞെടുപ്പിൽ യാതൊരു വിധ സ്വാധീനവുമുണ്ടാക്കാൻ കഴിയില്ലെന്നുമാണ് പ്രാദേശിക സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. സിപിഐയിൽ തന്നെയുള്ള സീറ്റ് മോഹികളായ ഒരു കൂട്ടം നേതാക്കൾ മറ്റ് സിപിഎം വിരുദ്ധകക്ഷികളുടെ സഹായത്തോടെ വാസാവകാശ സംരക്ഷണ സമിതിയുടെ പേരിൽ നാടകം കളിക്കുകയാണ്. നേരത്തെ സിപിഐഎം ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട് പിന്നീട് സിപിഐയിൽ ചേരുകയും ഇപ്പോഴും ആ പാർട്ടിയിൽ തന്നെ തുടരുകയും ചെയ്യുന്നയാളാണ് ഇതിന് പിന്നിലെന്നും വാസാവകാശ സംരക്ഷണ സമിതി നേതാവായ ജോയ്‌സെബാസ്റ്റ്യനെ ഉന്നം വെച്ച് സിപിഎം ആരോപിക്കുന്നു. നേരത്തെ സിപിഐഎം ലോക്കൽ സെക്രട്ടറിയായിരുന്നു ഇദ്ദേഹത്തെ സംഘടന വിരുദ്ധ പ്രവർത്തനത്തിന് സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയതാണ്. പിന്നീട് ജോയ് സെബാസ്റ്റ്യൻ സിപിഐയിൽ ചേരുകയുമായിരുന്നു. ഇപ്പോഴും ഇദ്ദേഹം സിപിഐഎയിൽ തന്നെയാണ് തുടരുന്നത്.

അദ്ദേഹത്തിന് പഞ്ചായത്തിലെ ഒരു വാർഡിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ മുന്നണി തീരുമാനം പ്രകാരം അവിടെ ഐഎൻഎൽ ആണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥിയെയും തീരുമാനിച്ചിട്ടുണ്ട്. ആ സീറ്റ് ലഭിക്കാത്തതു കൊണ്ട് അദ്ദേഹമുണ്ടാക്കിയ തട്ടിക്കൂട്ട് നാടകമാണ് ഇപ്പോൾ വാസാവകാശ സംരക്ഷണ സമിതിയുടെ പേരിൽ നടക്കുന്നതെന്നും സിപിഐഎം നേതാക്കൾ പറയുന്നു. അതേ സമയം എൽഡിഎഫിന്റെ ഭാഗമായി തന്നെ സിപിഐയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുമുണ്ട്. എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു

പഞ്ചായത്തിൽ ആകെയുള്ള 21 വാർഡിൽ മൂന്നിടത്ത് മാത്രമാണ് യുഡിഎഫ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയിടങ്ങളിൽ വാസാവകാശ സംരക്ഷണ സമിതിയുടെ സ്ഥാനാർത്ഥികളെ നോക്കിയായിരിക്കും യുഡിഎഫ് തീരുമാനമെടുക്കുക. വാസാവകാശ സമിതി സ്ഥാനാർത്ഥികളെ നിർത്തുന്ന ഇടങ്ങളിൽ അവരുടെ സ്ഥാനാർത്ഥികളെ പിന്തുണക്കണമെന്ന നിലപാടാണ് ചില യുഡിഎഫ് നേതാക്കൾക്കുള്ളത്. അതുവഴി സിപിഎം വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. നിലവിൽ 21 അംഗ പുതുപ്പാടി പഞ്ചായത്തിൽ 12 അംഗങ്ങളുള്ള എൽഡിഎഫാണ് ഭരണം നടത്തുന്നത്. നേരത്തെ എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഏറെ കാലം യുഡിഎഫിനായിരുന്നു പ്രസിഡണ്ട് സ്ഥാനം. സംവരണ പ്രതിനിധിയില്ലാത്തതിനാൽ ഭൂരിപക്ഷമുണ്ടായിട്ടും എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് കൈമാറേണ്ടി വന്നു. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി ആർ രാകേഷ് വിജയിച്ചതോടെയാണ് പിന്നീട് യുഡിഎഫിന്റെ പ്രസിഡന്റ് ഭരണത്തിന് അവസാനമായത്.