ക്രെംലിൻ: വ്യോമാതിർത്തി ലംഘിച്ചതിന് റഷ്യൻ പോർവിമാനം തുർക്കി വെടിവച്ചിട്ടത് അമേരിക്കയുടെ അറിവോടെയെന്ന് വഌദിമിർ പുട്ടിൻ. റഷ്യൻ വിമാനത്തിന്റെ വ്യോമപാത മുൻകൂട്ടി അറിയാാമായിരുന്ന അമേരിക്ക അത് തുർക്കിക്ക് ചോർത്തി നൽകുകയായിരുന്നുവെന്നാണ് പുട്ടിന്റെ ആരോപണം. സിറിയിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന റഷ്യയെ ചതിക്കുകയായിരുന്നു അമേരിക്കയെന്നും പ്രസിഡന്റ് ആരോപിക്കുന്നു.

ക്രെംലിനിൽ വാർത്താസമ്മേളനം വിളിച്ചുചേർത്താണ് അമേരിക്കയ്‌ക്കെതിരെ ഗുരുതരമായ ആരോപണം പുട്ടിൻ ഉന്നയിച്ചത്. യുദ്ധവിമാനത്തിന്റെ പാത സംബന്ധിച്ച വിവരങ്ങൾ അമേരിക്കയ്ക്ക് നൽകിയിരുന്നുവെന്നും അവർ അത് തുർക്കിക്ക് കൈമാറിയെന്നും പുട്ടിൻ പറഞ്ഞു. എന്നാൽ, ഇതുകൊണ്ടൊന്നും ഭീകരർക്കെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും റഷ്യ വ്യക്തമാക്കി.

യുദ്ധവിമാനം വെടിവച്ചിട്ടതിന്റെ പശ്ചാത്തലത്തിൽ ശക്തമായ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 തുർക്കിയുടെ റഷ്യ അതിർത്തിയിലെത്തിച്ചു. വിമാനങ്ങൾക്കുനേരെ തൊടുക്കുന്ന മിസൈലുകളെ കണ്ടെത്തി നശിപ്പിക്കാൻ ശേഷിയുള്ള സംവിധാനമാണിത്. തുർക്കിയുടെ അതിർത്തിയോടുചേർന്നുള്ള സിറിയൻ പ്രദേശത്താണ് മിസൈൽ പ്രതിരോധ സംവിധാനം എത്തിച്ചിട്ടുള്ളത്.

പാരീസിൽ നടന്ന ഭീകരാക്രമണത്തിനുശേഷം റഷ്യയ്‌ക്കൊപ്പം ചേർന്ന് ഭീകരവേട്ട നടത്തുന്ന ഫ്രാൻസ് സഹകരണം തുടരുമെന്ന് വ്യക്തമാക്കി. ഫ്രാൻസുമായി ചേർന്ന് ഐസിസ് കേന്ദ്രങ്ങളിൽ ബോംബാക്രമണം തുടരുമെന്നും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുമെന്നും പുട്ടിനും പറഞ്ഞു.

പാരീസ് ആക്രമണത്തോടെ റഷ്യയും അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ചേരികളും കൂടുതൽ യോജിച്ച് ഐസിസ് വേട്ടയ്ക്ക് ഇറങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, റഷ്യൻ യുദ്ധവിമാനം വെടിവച്ചിട്ടതോടെ ഈ ഭിന്നിപ്പ് കൂടുതൽ വലുതാവുകയാണ് ചെയ്തത്. ഫ്രാൻസ് മാത്രമാണ് റഷ്യക്കൊപ്പം ഇപ്പോൾ ഐസിസ് വേട്ടയ്ക്ക് തയ്യാറായി രംഗത്തുള്ളത്.

ചൊവ്വാഴ്ചയാണ് സിറിയൻ അതിർത്തിയിൽ റഷ്യൻ സുഖോയ് വിമാനം തുർക്കി വെടിവച്ചുവീഴ്‌ത്തിയത്. വിമാനത്തിലെ രണ്ട് പൈലറ്റുമാരും പാരച്യൂട്ടുവഴി രക്ഷപ്പെട്ടെങ്കിലും, അതിലൊരാളെ മാത്രമേ റഷ്യൻ പ്രത്യേക സേനയ്ക്ക് രക്ഷപ്പെടുത്താനായുള്ളൂ. കാട്ടിൽ കുടുങ്ങിയ കോൺസ്റ്റന്റൈൻ മുരാഖ്തിനെ രക്ഷപ്പെടുത്തിയെങ്കിലും ഒലെഗ് പെഷ്‌കോവ് എന്ന പൈലറ്റിനെ സിറിയൻ വിമതർ വെടിവച്ചുകൊന്നു.

റഷ്യയുടെ യുദ്ധവിമാനങ്ങൾ എവിടെ എപ്പോഴെത്തുമെന്ന കൃത്യമായ വിവരം അമേരിക്കയ്ക്ക് അറിയാമായിരുന്നുവെന്നും അത് അവർ തുർക്കിക്ക് നൽകുകയായിരുന്നുവെന്നും പുട്ടിൻ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സഹകരണം ഇല്ലാത്ത നിലയ്ക്ക് യുദ്ധവിമാനങ്ങളുടെ വ്യോമപാത സംബന്ധിച്ച വിവരങ്ങൾ അമേരിക്കയ്ക്ക് കൈമാറേണ്ടതില്ലെന്നും പുട്ടിൻ പറഞ്ഞു.