ഡമാസ്‌കസ്: സിറയയിൽ നിന്ന് ഐസിസിനേയും വിമതരേയും തുരത്താനുള്ള റഷ്യൻ പടനീക്കം അന്തിമ ഘട്ടത്തിലേക്ക്. മലനിരകളിൽ ഒളിച്ചിരിക്കുന്ന ഐസിസ് തീവ്രവാദികളെ പുകച്ച് പുറത്തു ചാടിക്കാൻ അത്യാധുനിക ആയുധമാണ് പ്രയോഗിക്കുന്നത്. ഇറാനും ആക്രമണം രൂക്ഷമാക്കിയതോടെ ഐസിസ് നിലയില്ലാ കളത്തിലായി. നാറ്റോ സേനയെ റഷ്യയുടെ അതിർത്തിയിൽ വിന്യസിച്ച് ഭീഷണിപ്പെടുത്താനുള്ള അമേരിക്കൻ തന്ത്രവും ഫലം കാണുന്നില്ല. റഷ്യയുടെ കരുത്തേറിയ മിസൈലുകൾക്ക് മുന്നിൽ എന്തുചെയ്യണമെന്ന് അറിയാതെ പകയ്ക്കുകയാണ് ഐസിസ്. തീവ്രവാദികൾക്ക് എതിരായ യുദ്ധത്തിൽ പ്രയോഗിക്കാത്ത ആയുധമാണ് റഷ്യ ഉപയോഗിക്കുന്നത്.

അതിനിടെ സിറിയയിൽ നിന്ന് യൂറോപ്പിലേക്ക് പലായനം ചെയ്ത അഭയാർത്ഥികൾ നാട്ടിലേക്കുള്ള മടക്കത്തിലാണ്. എട്ട് ലക്ഷത്തോളം അഭയാർത്ഥികളാണ് സിറിയയിലേക്ക് മടങ്ങുന്നത്. ഐസിസിന്റെ ആക്രമണ കരുത്ത് റഷ്യ ഇല്ലായ്മ ചെയ്തുവെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഇതോടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യത്ത് കൂടുതൽ കരുത്തനായി. ഈ സാഹചര്യത്തിലാണ് അഭയാർത്ഥികളുടെ മടക്കം. ഇത് യൂറോപ്പിനും ഏറെ ആശ്വാസമാണ്. റഷ്യൻ പ്രസിഡന്റ് വഌഡിമർ പുട്ടിന് ജയ് വിളിച്ചാണ് ഇവരുടെ മടങ്ങിപ്പോക്ക്. ഇതു മാത്രമാണ് യൂറോപ്പിനേയും അമേരിക്കയേയും അലോസരപ്പെടുത്തുന്നത്. സിറിയയിൽ ആഭ്യന്തരയുദ്ധത്തിന്റെ ശക്തി കുറച്ചത് റഷ്യയുടെ ഇടപെടലാണെന്ന് അവരും അംഗീകരിക്കുന്നു.

2,000 കിലോമീറ്റർവരെ സഞ്ചരിച്ച് ഏതിരാളിയുടെ കേന്ദ്രങ്ങളെ കൃത്യമായി തകർക്കുന്ന റഷ്യൻ ക്രൂയീസ് മിസൈലുകൾക്ക് മുന്നിൽ ഐസിസിന് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. ടാർഗറ്റിനെ അനുസരിച്ച് ഇതിന്റെ പരിധി വ്യത്യാസപ്പെടുന്ന മിസൈലാണ് ഉപയോഗിക്കുന്നത്്. 1991 ലെ ഗൾഫ് യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്ര കൃത്യതയ്യാർന്ന മിസൈലുകൾ റഷ്യ വ്യോമാക്രണത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ താവളങ്ങൾ തേടുകയാണ് ഐസിസ്. സിറിയ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇനി തുടരുന്നത് അത്ര പന്തിയല്ലെന്നും ഐസിസിനറിയാം. അതിനാൽ തന്നെ ഭീകരർ അഫ്ഗാനിസ്ഥാൻ ഉൾപ്പടെയുള്ള മധ്യേഷൻ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതായി റഷ്യൻ ചാരസംഘടന റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ ചാരമേധാവി അലക്‌സാണ്ടർ ബോട്ട്‌നിക്കോവ് പറയുന്നത് ഐസിസ് അഫ്‌നിസ്ഥാനിലേയ്ക്ക് നീങ്ങുന്നുവെന്നാണ്.

നിലവിൽ താലിബാനും ഐസിസും ശത്രുക്കളാണ്. പക്ഷേ അഫാഗിനലെ ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിച്ച് ഒരുകുടക്കീഴിൽ അണിനിരക്കാനാണ് ഐസിസ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ഭീകര സംഘടനകൾ ഒരുമിച്ചാൽ അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേയ്ക്ക് എത്താനുള്ള ദൂരം കുറവല്ല. റഷ്യയുടെ വേഗതയേറിയ മിസൈലുകൾ തന്നെയാണ് ഇതിന് കാരണം. ഐസിസ് തീവ്രവാദികളുടെ കീഴിലായിരുന്ന സിറിയയുടെ റാഖ്, അലേപ്പോ പ്രവിശ്യകളിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കിയത് ഈ മിസൈലുകളാണ്. അൽക്വയ്ദയുടെ അധീനതയിലായിരുന്ന ഇദ്‌ലിബ് പ്രവിശ്യയിലും ഈ മിസൈൽ വൻനാശമാണു വിതച്ചത്. മിസൈൽ ടെക്‌നോളജി മാത്രമല്ല ബോംബ് ടെക്‌നോളജിയിലും റഷ്യ മികച്ച മുന്നേറ്റം കൈവരിച്ചിരിക്കുന്നുവെന്ന് സിറിയയിലെ യുദ്ധം വ്യക്തമാക്കുന്നു. ഇതും അമേരിക്കയുടെ സൈനിക കരുത്തിന് വെല്ലുവിളി ഉയർത്തുന്നതാണ്.

അമേരിക്കയുടെ സിബിയു105 നു പകരം വയ്ക്കാവുന്ന ബോംബാണു റഷ്യയുടെ ആർ. ബി. കെ. 500 എസ്‌പി.ബി.ഇ.ഇ. പേരിലെ 500 സൂചിപ്പിക്കും പോലെ 500 കിലോ സ്‌ഫോടകവസ്തുവിന്റെ പ്രഹര ശേഷിയുള്ളതാണ് ഈ ബോംബ്. വെവ്വേറെ സെൻസറുകളോടു കൂടിയ 15 ചെറുബോംബുകളും ഇതിലടങ്ങിയിരിക്കുന്നു. 15 ടാങ്കുകൾ നശിപ്പിക്കാൻ തക്ക ശേഷി ഇതിനുണ്ട്. മനുഷ്യനെയും ഉപകരണങ്ങളെയും തിരിച്ചറിഞ്ഞ് ലക്ഷ്യം നിയന്ത്രിക്കാനാകുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. അതിനാൽ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ഇത് അപകടം വിതയ്ക്കില്ല. ഇത് ഇതിനെ കൂടുതൽ മികവുറ്റതാക്കുന്നു. സിറിയയിലെ യുദ്ധമുന്നണിയിൽ ഇറാനും സജീവമാണ്. റഷ്യൻ സഹകരണത്തോടെ നടത്തുന്ന ആക്രമണങ്ങളിൽ ഇറാനും പലതും പഠിക്കുന്നുണ്ട്. അമേരിക്കയെ വിരട്ടുകയെന്ന തന്ത്രമാണ് ഇറാൻ പയറ്റുന്നത്. സിറിയയിലെ ഐസിസ് കേന്ദ്രങ്ങളെ റഷ്യ ആക്രമിക്കുമ്പോൾ അതിർത്തിയോട് ചേർന്ന അമേരിക്കൻ ബേസുകളെ വിരട്ടുകയാണ് ഇറാൻ.

അതിനിടെ അമേരിക്കയും റഷ്യയും തമ്മിൽ ചർച്ച നടത്തുന്നതിലൂടെ ആഭ്യന്തരസംഘർഷം രൂക്ഷമായ സിറിയയിൽ സമാധാനം തിരികെക്കൊണ്ടുവരാൻ സാധിച്ചേക്കുമെന്ന് യുഎൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ അഭിപ്രായപ്പെട്ടു. 2012ൽ സിറിയൻ സമാധാനചർച്ചയ്ക്ക് കോഫി അന്നൻ മധ്യസ്ഥത വഹിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ റഷ്യയുടെയും യുഎസിന്റെയും നില ഏറെ പ്രധാനപ്പെട്ടതാണ്. ഇരുരാജ്യങ്ങളും ഒരുമിച്ചും മറ്റു രാജ്യങ്ങളുമായി സഹകരിച്ചും പ്രവർത്തിക്കാനുള്ള വഴി കണ്ടെത്തുകയാണെങ്കിൽ ദൗത്യം വിജയിക്കുമെന്നു കോഫി അന്നൻ പറഞ്ഞു.

നാലര വർഷത്തോളമായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഇതുവരെ മരിച്ചത് രണ്ടര ലക്ഷത്തോളം പേരാണെന്നും യുദ്ധത്തിനുള്ള ചെലവ് വഹിക്കുന്നതും ആയുധങ്ങൾ നൽകി സഹായിക്കുന്നതും വിദേശ സർക്കാരുകളാണെന്നും വിദ്യാർത്ഥികളുടെയും നയതന്ത്രജ്ഞരുടെയും മുന്നിൽ നടത്തിയ പ്രസംഗത്തിൽ അന്നൻ പറഞ്ഞു. സിറിയൻ വിഷയത്തിൽ റഷ്യയും യുഎസും നാളെ വിയന്നയിൽ ചർച്ച നടത്തും. സമാധാനചർച്ചയിൽ ഇറാനും ക്ഷണമുണ്ട്. 2012ൽ കോഫി അന്നൻ സെക്രട്ടറി ജനറലായിരുന്ന സമയത്ത് ഇറാനെ ചർച്ചയിൽ പങ്കെടുപ്പിക്കുന്നതിനെ യുഎസ് എതിർത്തിരുന്നു.