- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരരുടെ താവളങ്ങളുടെ ലിസ്റ്റ് ചോദിച്ചിട്ട് തന്നില്ല; എവിടെ ബോംബിടണണെന്ന് ചോദിച്ചപ്പോഴും മിണ്ടിയില്ല; പിന്നെന്തിന് മോങ്ങുന്നു? ഐസിസിനെ തകർക്കാനുള്ള അമേരിക്കയുടെ വിഷമം തുറന്നുപറഞ്ഞ് പുട്ടിൻ; റഷ്യയെ ഇല്ലാതാക്കുമെന്ന് ഭീകരരുടെ ഭീഷണിയും
മോസ്‌കോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകകരെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളെച്ചൊല്ലി റഷ്യയും പാശ്ചാത്യ ചേരികളുമായുള്ള അകൽച്ച വർധിക്കുന്നു. ഐസിസിനെ തകർക്കാൻ യോജിച്ച് പ്രവർത്തിക്കാമെന്ന നിർദ്ദേശം അമേരിക്ക ചെവിക്കൊണ്ടില്ലെന്ന് കഴിഞ്ഞ ദിവസം റഷ്യ ആരോപണമുന്നയിച്ചിരുന്നു. അമേരിക്കയുടെ ഐസിസ് വിരോധം വ്യാജമാണെന്ന് സ്ഥാപിക്കുന്ന കൂടുതൽ ആ
മോസ്‌കോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകകരെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളെച്ചൊല്ലി റഷ്യയും പാശ്ചാത്യ ചേരികളുമായുള്ള അകൽച്ച വർധിക്കുന്നു. ഐസിസിനെ തകർക്കാൻ യോജിച്ച് പ്രവർത്തിക്കാമെന്ന നിർദ്ദേശം അമേരിക്ക ചെവിക്കൊണ്ടില്ലെന്ന് കഴിഞ്ഞ ദിവസം റഷ്യ ആരോപണമുന്നയിച്ചിരുന്നു. അമേരിക്കയുടെ ഐസിസ് വിരോധം വ്യാജമാണെന്ന് സ്ഥാപിക്കുന്ന കൂടുതൽ ആരോപണങ്ങളുമായി റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിൻ രംഗത്തെത്തി.
സിറിയയിലെ ഭീകര കേന്ദ്രങ്ങളെക്കുറിച്ച് വിവരം നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക അതിന് തയ്യാറായില്ലെന്ന് പുട്ടിൻ പറഞ്ഞു. സിറിയയിൽ റഷ്യ ആക്രമണം നടത്തുന്നത് ഭീകരരുടെ താവളങ്ങളിലല്ലെന്ന് അമേരിക്ക ആരോപിച്ചിരുന്നു. എങ്കിൽ ഭീകരരുടെ താവളങ്ങൾ എന്ന് അമേരിക്ക കരുതുന്ന സ്ഥലങ്ങളുടെ പട്ടിക നൽകാൻ റഷ്യ ആവശ്യപ്പെട്ടിരുന്നു. അതിനവർ തയ്യാറായില്ലെന്നും പുട്ടിൻ പറഞ്ഞു. ഭീകരരുടെ താവളങ്ങൾ എന്ന് കരുതുന്ന സ്ഥലങ്ങളുടെ വിവരം നൽകാൻ റഷ്യൻ സേന അമേരിക്കൻ സൈന്യത്തോട് ആവശ്യപ്പെട്ടു. എന്നാൽ, അത്തരം വിവരങ്ങൾ കൈമാറാൻ തയ്യാറല്ലെന്നായിരുന്നു അമേരിക്കയുടെ മറുപടി. എങ്കിൽ എവിടെയൊക്കെ ആക്രമിക്കരുത് എന്നെങ്കിലും പറഞ്ഞുതരാൻ റഷ്യ ആവശ്യപ്പെട്ടു. അതിനും ഉത്തരം ലഭിച്ചില്ല. പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് പുട്ടിൻ ചോദിക്കുന്നു.
സിറിയയിലെ ബാഷർ അൽ-ആസാദ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന റഷ്യ, ഐസിസ് താവളങ്ങളെയല്ല, വിമത കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക ആരോപിച്ചത്. എന്നാൽ, അമേരിക്ക നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുകയാണെന്നായിരുന്നു പുട്ടിന്റെ പ്രതികരണം. സിറിയയിൽ എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെയാണ് പാശ്ചാത്യചേരികൾ പ്രതികരിക്കുന്നതെന്നും പുട്ടിൻ പറയുന്നത്. അതിനിടെ, റഷ്യയ്‌ക്കെതിരെ ഐസിസ് പുതിയ ഭീഷണിയുമായി രംഗത്തെത്തി. ലോകത്തുള്ള മുഴുവൻ മുസ്ലീങ്ങളോട് റഷ്യയ്‌ക്കെതിരെ പോരാടാനാണ് ഐസിസ് ആവശ്യപ്പെട്ടു. റഷ്യയ്‌ക്കെതിരെയും അമേരിക്കയ്‌ക്കെതിരെയുമുള്ള പോരാട്ടം ലോകത്തെ മുസ്ലിം യുവാക്കൾ ഏറ്റെടുക്കണമെന്ന് ഐസിസ് പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ പറയുന്നു. ഐസിസ് വക്താവ് അബു മുഹമ്മദ് അൽ അഡ്‌നാനിയാണ് സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.
അമേരിക്കയുടെ പിന്തുണയോടെയാണ് സിറിയയിൽ വിമതർ പോരാട്ടം നയിക്കുന്നത്. എന്നാൽ പ്രസിഡന്റ് അസദിനെതിരെ യഥാർത്ഥത്തിൽ യുദ്ധം നയിക്കുന്നത് ഐസിസുമാണ്. ഈ സാഹചര്യത്തിലാണ് വിമതരേയും ഐസിസിനേയും ആക്രമിക്കാൻ റഷ്യ തീരുമാനിച്ചത്. ഇതിൽ അമേരിക്ക അമർഷം രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഐസിസിന് പിന്നിൽ അമേരിക്കയാണെന്ന് പോലും വിലയിരുത്തലുകൾ വന്നു. അതിന് ശേഷവും റഷ്യയെ കുറ്റപ്പെടുത്തുക മാത്രമാണ് അമേരിക്ക ചെയ്തത്. കഴിഞ്ഞ ദിവസം യുദ്ധം ചെയ്യുന്ന വിമതർക്ക് ആയുധങ്ങൾ വിമാനത്തിലൂടെ വർഷിച്ചു നൽകുകയും ചെയ്തു. ഫലത്തിൽ ഇതെല്ലാം സഹായകമാവുക ഐസിസിനാകും. ഈ സാഹചര്യത്തിലാണ് പുടിൻ ശക്തമായി രംഗത്ത് വന്നത്.
അതിനിടെ ഡമാസ്‌ക്കസിലെ റഷ്യൻ എംബസിവളപ്പിൽ രണ്ട് റോക്കറ്റുകൾ പതിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി. സിറിയയിൽ ഐസിസ് ഭീകരർക്കെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ച് നൂറുക്കണക്കിന് ആളുകളാണ് ഇവിടെ എത്തിയിരുന്നത്. റഷ്യക്ക് പിന്തുണയുമായുള്ള പ്രകടനം തുടങ്ങുമ്പോഴാണ് റോക്കറ്റുകൾ പതിക്കുന്നത്. ആദ്യം ഒന്നമ്പരന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മനസ്സിലായതോടെ സാധാരണനിലയിലേക്ക് കാര്യങ്ങൾ മടങ്ങി. 300 ഓളം വരുന്ന പ്രകടനക്കാർ റഷ്യൻ പതാകയും പ്രസിഡന്റ് വൽഡ്മിർ പുടിന്റെ ഫോട്ടോകളും പിടിച്ചാണ് പ്രകടനത്തിനെത്തിയത്. ഐസീസ് ഭീകരർക്കെതിരെ റഷ്യ വ്യോമാക്രമണം ആരംഭിച്ചതോടെയാണ് ഭീകരർ എമ്പസിയെ ലക്ഷ്യമിട്ടതെന്നാണ് സൂചന.
സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. ഐസിസിനെതിരായ റഷ്യയുടെ നിലപാടുകൾക്ക് സാധാരണക്കാർക്കിടയിൽ പോലും വൻ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഐസിസ് കേന്ദ്രങ്ങളിൽ റഷ്യ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട് ഐ. എസ്. ഭീകരരുടെ പ്രഖ്യാപിത തലസ്ഥാനമായ റാഖയുൾപ്പെടെയുള്ള 53 പട്ടണങ്ങൾ റഷ്യൻ ആക്രമണത്തിൽ തകർന്നതായാണ് റിപ്പോർട്ട്. റഡാറുകളെ മറികടന്ന് റഷ്യൻ വിമാനങ്ങൾ ഐസിസ് കേന്ദ്രങ്ങളിൽ ബോംബ് വർഷിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഐസിസിനേയും മറ്റ് ഭീകരവാദഗ്രൂപ്പുകളേയും തുടച്ച് നീക്കുമെന്ന പ്രഖ്യപനത്തോടെയാണ് റഷ്യ സിറിയയിൽ ആക്രമണം ആരംഭിച്ചത്. സുക്കോയ് 22, സുക്കോയ് 24 വിമാനങ്ങൾ ഉപയോഗിച്ചാണ് ഐ എസ് കേന്ദ്രങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നത്. ഇറാഖും ഇറാനും എല്ലാ പിന്തുണയും റഷ്യയ്ക്ക് നൽകുന്നു.
കഴിഞ്ഞ ദിവസം ഐസിസ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ വ്യോമാക്രമണത്തിൽ ഐ.എസ് മേധാവി അബൂബക്കർ അൽബഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇറാഖ് സൈന്യം അറിയിച്ചു. ഇറാഖ്‌സിറിയ അതിർത്തിയിൽവച്ചായിരുന്നു ബഗ്ദാദിയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടന്നത്. സംഘത്തിലുണ്ടായിരുന്ന ബഗ്ദാദി കാറിൽ ഉടൻ രക്ഷപ്പെട്ടതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ബഗ്ദാദിയില്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. അതേസമയം, താഴെക്കിടയിലുള്ള നേതാവ് അബൂ സഅദ് അൽകർബൂലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നതെന്നും ഇറാഖ് സേനയിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കർബലയിൽ ഐ.എസ് കമാൻഡർമാരുടെ യോഗത്തിനു നേരെയും വ്യോമാക്രമണം നടന്നിരുന്നു. എട്ടു നേതാക്കൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. ഈ യോഗത്തിലേക്കു പോകുംവഴിയാണത്രെ ബഗ്ദാദിയുടെ വാഹനവ്യൂഹത്തിനു മേൽ ബോംബുകൾ പതിച്ചത്.
അതിനിടെ സിറിയയിൽ വിമതരും സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതായി സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് അറിയിച്ചു. റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളുടെ പിൻബലത്തിൽ പല പ്രദേശങ്ങളും വിമതരിൽനിന്നു തിരിച്ചുപിടിച്ചതായി സിറിയൻ സേന അവകാശപ്പെട്ടു. വിമതരുടെ സ്വാധീനമേഖലയായ പടിഞ്ഞാറൻ സിറിയയിലെ ഹമാ പ്രവിശ്യയിലെ കഫ്ർ നബുദയിൽ ഇന്നലെ റഷ്യ 30 തവണ വ്യോമാക്രമണം നടത്തി. എന്നാൽ പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയുള്ള സിറിയൻ വിമതർക്കെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിൽ യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗം പ്രതിഷേധിച്ചു. സിറിയയിലെ പ്രതിസന്ധി നീട്ടാൻ മാത്രമാണു റഷ്യയുടെ ഇടപെടൽ കാരണമാകുകയെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.
അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന റഷ്യയുടെ നടപടി ക്രിയാത്മകമല്ലെന്നും ഇത് യുദ്ധം നീണ്ടുപോകാനാണു സഹായിക്കുകയെന്നും നാറ്റോ അഭിപ്രായപ്പെടുന്നു. റഷ്യയുടെ സൈനിക ഇടപെടലിന് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സൗദി അറേബ്യയും മുന്നറിയിപ്പു നൽകി. റഷ്യയുടെ നിലപാട് ആഭ്യന്തരകലാപം വർധിപ്പിക്കാനാണു സഹായിക്കുകയെന്നും സൗദി വിശദീകരിച്ചു. എന്നാൽ യുഎഇ അടക്കമുള്ള ചില ഗൾഫ് രാജ്യങ്ങൾ ഐസിസിനെതിരായ പോരാട്ടത്തിൽ റഷ്യയെ പിന്തുണയ്ക്കുന്നുണ്ട്.