കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം കവർന്നെടുത്തത് നൂറുകണക്കിനു ജീവനുകളാണ്. പൊലീസിന്റെ വീഴ്ചയെന്ന് കളക്ടറും കമ്പത്തിനു അനുമതിയുണ്ടെന്ന് പറഞ്ഞ് ഉത്സവ കമ്മിറ്റക്കാർ തങ്ങളെ കബളിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ ദേശീയ സംസ്ഥാന നേതാക്കളുടെ നീണ്ട നിര തന്നെ സംഭവസ്ഥലം സന്ദർശിച്ച് പരവൂറിന്റെ ദുഃഖത്തിൽ പങ്കുചേർന്നു. എന്നിട്ടും തങ്ങൾക്കുണ്ടായ ദുരന്തത്തിൽ നിന്നും ഇനിയും വിട്ടുമാറാത്ത നടുക്കത്തിലാണ് പ്രദേശവാസികൾ.

ദൈവത്തിന്റെ പേരിൽ കാണിച്ച് കൂട്ടിയ തോന്നിയവാസമാണ് ഇത്രയും വലിയ അപകടം വിളിച്ചു വരുത്തിയതെന്ന് പ്രദേശവാസികളും പറയുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്രയും ആൾക്കാർ ഒത്തു കൂടുന്ന സ്ഥലത്ത് വൻ സ്‌ഫോടന ശേഷിയുള്ള വസ്തുക്കൾ തുറസ്സായ സ്ഥലത്ത് സൂക്ഷിച്ചിരുന്നത്. എതിർപ്പുമായി ചെന്നവരോടൊക്കെ ദൈവകാര്യത്തിനു തടസ്സം നിൽക്കുന്നത് സൂക്ഷിച്ച് വേണമെന്നും യാതൊരു കാരണവശാലും കമ്പം ഒഴിവാക്കില്ലെന്നുമാണ് കമ്മറ്റി അധികൃതർ നല്കിയ മറുപടി. പ്രമാണിമാരായ കമ്മറ്റിക്കാരോട് മുഷിച്ചിലുണ്ടാക്കണ്ടെന്ന ചിന്തയാണ് പലരേയും പരാതിയുമായി മുന്നോട്ടു പോകുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്.

ഭയവും അങ്കലാപ്പും ഒക്കെയുണ്ടായിരുന്നിട്ടും ദൈവകാര്യത്തിനു തടസ്സം നിന്നു ദൈവകോപം വാങ്ങണ്ടെന്ന കമ്മറ്റിക്കാരുടെ താക്കീതിനു മുന്നിൽ പലരും പിന്മാറി. എല്ലാ വർഷവും സ്ഥിരമായി വീടിനു കേടുപാട് സംഭവിക്കാറുള്ള ക്ഷേത്രത്തിനു സമീപത്തുള്ള പങ്കജം എന്ന വീട്ടലെ പങ്കജാക്ഷിയമ്മ എന്ന എൺപതുകാരി ക്ഷേത്രകമ്മറ്റിക്കാരോട് പരാതി പറഞ്ഞപ്പോഴും ഒരു കാരണവശാലും കമ്പം ഒഴിവാക്കില്ലെന്ന് അധികൃതർ തീർത്തു പറയുകയായിരുന്നു. തുടർന്ന് ഇവർ ജില്ലാ കളക്ടർക്കും മറ്റും പരാതി നൽകിയതിലെ വൈരാഗ്യം കാരണം ഇവരുടെ വീടിനു മുന്നിലെത്തി അസഭ്യ വർഷം നടത്തുകയും ചെയ്തു.

യുകെയിൽ ജോലിചെയ്യുന്ന ഇവരടെ മകൻ പ്രകാശും നാട്ടിലുണ്ടായിരുന്നു. വീടിനു കേടുപാടുകൾ 2011 മുതൽ സ്ഥിരമായി സംഭവിക്കാറുള്ളത് കാരണം എല്ലാ വർഷവും കരിമരുന്ന് പ്രയോഗം ആരംഭിക്കുന്നതിനു മുൻപ് ഇവർ അൽപ്പം അകലെയുള്ള ബന്ധുക്കളുടെ വീട്ടിൽ പോവുകയും കരിമരുന്ന് പ്രയോഗം അവസാനിച്ചശേഷം തിരിച്ചെത്താറുമാണ് പതിവ്. എന്നാൽ ഇത്തവണ തിരികെയെത്തിയപ്പോൽ കണ്ട കാഴ്ചയെ കുറിച്ച് ഞങ്ങളോട് വിശദീകരിക്കുമ്പോഴും അവരുടെ കണ്ണിൽ ഭയം വിട്ടുമാറുന്നുണ്ടായിരുന്നില്ല. ഇത്തവണ തിരികെയെത്തിയപ്പോൾ വീടിനുണ്ടായ നാശനഷ്ടങ്ങളെക്കാൾ അവർക്ക് അസ്വസ്ഥതയുണ്ടാക്കിയ കാഴ്ച സ്വന്തം വീട്ടു പരിസരത്ത് ചിതറികിടന്ന മനുഷ്യ മാംസവും കൈവിരലുകളും ഒക്കെയാണ്. വയോവയോധികയായ പങ്കജാക്ഷിയമ്മയുടെ വാക്കുകൾ കേൾക്കുവാൻ അധികൃതർ തയ്യാറായിരുന്നെങ്കിൽ ഒഴിവാകുമായിരുന്നത് വൻ ദുരന്തം തന്നെയാണ്.

ദുരന്തത്തിന്റെ പ്രത്യാഘാതത്തിൽ തങ്ങളുടെ വീടുകളും അധ്വാനിച്ചുണ്ടാക്കിയ സമ്പത്തുമൊക്കെ നഷ്ടപ്പെടുത്തിയവർ ഈ ദുരന്തത്തിനു മറുപടി പറയണമെന്ന അഭിപ്രായം തന്നെയാണ് പരവൂർ പുറ്റിങ്ങലിലെ പ്രദേശവാസികളും മറുനാടനോട് പങ്കുവച്ചത്. സംഭവം നടന്നു ദിവസം ഒന്നു പിന്നിട്ടെങ്കിലും ദുരന്തത്തിന്റെ വ്യാപ്തിയും അതുണ്ടാക്കിയ ഭയവും ഓരോരുത്തരുടേയും കണ്ണുകളിൽ നിന്നും വ്യക്തം. ദുരന്തം നടന്ന ശേഷം സ്ഥലത്തെത്തിയ വിഐപികൾക്ക് നൽകിയ സുരക്ഷയുടെ പകുതി മുൻകരുതലെടുത്തിരുന്നെങ്കിൽ ഈ ദരന്തം തീർച്ചയായും ഒഴിവാക്കാമായിരുന്നുവെന്ന് അവിടുത്തെ ഓരോ വ്യക്തികളും ഒരേ സ്വരത്തിൽ പറയുന്നു.

പുറ്റിങ്ങലിലെ കമ്പം ആരുടെയൊക്കെയോ സ്വകാര്യ താൽപ്പര്യങ്ങൾ സംരഷിക്കുന്നതിനു വേണ്ടി മാത്രം നടത്തിയതാണെന്നും പ്രദേശവാസികൾ തറപ്പിച്ച് പറയുന്നു. ഓരോ വർഷവും ഇവിടെ കമ്പക്കെട്ട് നടത്തുമ്പോഴും ചെറിയ അപകടങ്ങളും സമീപത്തെ വീടുകളിൽ കാര്യമായ നാശനഷ്ടങ്ങളും ഉണ്ടാകുന്നത് പതിവാണ്. ഓരോ വർഷവും ഉത്സവത്തിനു ശേഷം നാശനഷ്ടങ്ങളെ കുറിച്ചുള്ള പരാതികൾ കമ്മറ്റിക്കാരെ അറിയിക്കാറുണ്ടെന്നും അവർ കേടുപാടുകൾ പരിശോധിച്ച് വേണ്ടതു ചെയ്യാമെന്ന പാഴ്‌വാഗ്ദാനം നൽകി മടങ്ങുന്നതല്ലാതെ ഒന്നും സംഭവിക്കാറില്ലെന്നും അവർ പറയുന്നു.

പലരുടേയും ജീവൻ നഷ്ടപ്പെട്ടത്തിനെക്കാൾ വലുതല്ല തങ്ങളുടെ നഷ്ടം എന്ന തിരിച്ചറിവ് ഉണ്ടെങ്കിലും ഒരിക്കൽ പോലും തങ്ങളുടെ മുന്നറിയിപ്പോ ഭയമോ കണക്കിലെടുക്കാത്തവരോടുള്ള അമർഷവും അവർ മറുനാടനോട് തുറന്ന് പറഞ്ഞു. ഇത്രവലിയ വെടിക്കെട്ട് ദുരന്തം കേരളത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. കേരളത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെയും തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കരിമരുന്നു പ്രയോഗവും നടക്കുന്ന ക്ഷേത്രമാണ് പുറ്റിങ്ങൽ. എന്നാൽ ഇതിന് വേണ്ട സുരക്ഷയൊന്നും ഇവിടെ ഉണ്ടാകാറില്ല. ദുരന്തമുണ്ടായതിനാൽ ഇനി മുൻകരുതലുകൾ എടുക്കും. അടുത്ത വർഷം നിയമം എല്ലാം കൃത്യമായി പാലിക്കുകയും ചെയ്യും. പക്ഷേ ഉണ്ടായ നഷ്ടത്തിന് പകരമാകില്ല ഇത്തരം തിരുത്തലുകൾ.

വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭരണ സമിതിയിലെയും ഉത്സവ കമ്മിറ്റിയിലെയും 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. വെടിക്കെട്ടിന്റെ കരാറെടുത്ത അഞ്ച് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. സംഭവത്തെ തുടർന്ന് ക്ഷേത്രഭാരവാഹികളും ഉത്സവ കമ്മിറ്റിക്കാരും ഒളിവിലാണ്. അപകടത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിൽ ഫോറൻസിക് വിദഗ്ധരും ഉണ്ടാവും. ഉദ്യോഗസ്ഥ തലത്തിൽ വന്ന വീഴ്ചയെക്കുറിച്ചും അന്വേഷിക്കുമെന്ന് എഡിജിപി അനന്തകൃഷ്ണൻ പറഞ്ഞു.