തിരുവനന്തപുരം: പുറ്റിങ്ങൽ കേസിന്റെ മുഴുവൻ ഉത്തരവാദിത്വവും പൊലീസിന്റെ തലയിൽ കെട്ടിവച്ച് കേസ് ഒതുക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഞായറാഴ്ച രഹസ്യയോഗം ചേർന്നത് വിവാദമാകുന്നു. രഹസ്യയോഗം ചേർന്ന വിവരം മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനിനെറ്റോ, പ്രൈവറ്റ് സെക്രട്ടറി എം വിജയരാജൻ, സംഭവത്തിൽ ആദ്യം മുതൽ സംശയത്തിന്റെ നിഴലിലുള്ള ജിഎസ്ടി അഡീഷണൽ കമ്മീഷണറും മുൻ കൊല്ലം ജില്ലാ കളക്ടറുമായ ഷൈനമോൾ, കേസിലെ ഗവൺമെന്റ് പ്ലീഡർ അനന്തകൃഷ്ണൻ എന്നിവരാണ് യോഗം ചേർന്നത്.

അതേസമയം, അപകടത്തിൽ പൊലീസുകാരെ പ്രതികൂട്ടിലാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പൊലീസ് സർവീസ് ഓഫീസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. അടിയന്തര നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. പൊലീസ് മേധാവിയെ ഒഴിവാക്കികൊണ്ട് ചേർന്ന യോഗത്തിൽ ജുഡീഷ്യൽ കമ്മീഷന് മുമ്പാകെ നൽകേണ്ട സത്യവാങ്്മൂലം തയ്യാറാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളാണ് ഗവൺമെന്റ് പ്ലീഡർക്ക് നൽകിയത്. രാവിലെ 11ന് മണിക്കാണ് യോഗം ചേർന്നത്. 15 മിനിട്ടോളം യോഗത്തിൽ പങ്കെടുത്ത ശേഷം ജയരാജൻ മടങ്ങി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസിൽ ഇല്ലായിരുന്നു.

സ്വയം രക്ഷതേടി പരക്കം പായുന്ന ഷൈനമോളെ രക്ഷിക്കുന്നതിനെക്കാൾ തന്റെ ശത്രുവായ സെൻകുമാറിനെ കുരുക്കുകയെന്ന ലക്ഷ്യമാണ് നളിനിനെറ്റോക്ക് ഉള്ളത്. പുറ്റിങ്ങൽ ദുരന്തം, ജിഷകൊലക്കേസ് എന്നിവയിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നുള്ള റിപ്പോർട്ട് നളിനി നെറ്റോ സർക്കാരിന് നൽകിയത്. സുപ്രീംകോടതിയിൽ വരെ എത്തിയ ഈ റിപ്പോർട്ട് തെറ്റാണെന്ന് കണ്ടെത്തിയതോടെ നളിനിക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. 25000 രൂപ പിഴയും അടയ്‌ക്കേണ്ടി വന്നു.

എന്നാൽ ഇപ്പോൾ പുറ്റിങ്ങൽ ദുരന്തം പൂർണമായും പൊലീസിന്റെ വീഴ്ചയായി വരുത്തിതീർത്താൽ തന്റെ നിരീക്ഷണങ്ങൾ ശരിയാണെന്ന് നളിനിക്ക് വീണ്ടും അവകാശവാദം ഉന്നയിക്കാം. അതിന് വേണ്ടിയുള്ള കരുക്കളാണ് അണിയറയിൽ നീക്കുന്നത്്. അന്വേഷണത്തിനായി നിയോഗിച്ച് ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ കമ്മീഷന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ മുൻ കൊല്ലം കളക്ടറായിരുന്ന ഷൈനമോൾ തീർത്തും പ്രതിരോധത്തിലാണ്.

പുറ്റിങ്ങൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ട ഫയലുകൾ ഷൈനമോൾ സമർപ്പിക്കാതെ പൂഴ്‌ത്തിയെന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ഈ മാസം 31 ന് കമ്മീഷന്റെ സിറ്റിങ് നടക്കാനിരിക്കെയാണ് രഹസ്യയോഗം ചേർന്നത്.

-ഷൈനമോൾക്ക് അഴിയാ കുരുക്ക്-

2016 ഏപ്രിൽ 10നായിരുന്നു പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം സംഭവിച്ചത്. 111പേർ മരിച്ച സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതര പിഴവാണ് ഉണ്ടായതെന്ന് അന്വേഷണകമ്മീഷൻ ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. കളക്ടറുടെ വാക്കാലുള്ള അനുമതിയോടെയാണ് വെടിക്കെട്ട് നടത്തിയത്. എന്നാൽ വെടിക്കെട്ട് ദുരന്തമായിമാറിയപ്പോൾ സ്വന്തം തടി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഷൈനമോൾ.
പുറ്റിങ്ങൽ ക്ഷേത്ര കമ്മിറ്റി വെടിക്കെട്ടിന് അനുമതി തേടി കൊല്ലം ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിരുന്നു.

ഈ അപേക്ഷയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ഒരു ഫയൽ തുറന്നിരുന്നു. വെടിക്കെട്ടിന് അനുമതി നൽകാൻ സ്‌പെഷ്യൽ ബ്രാഞ്ച്് രണ്ട് അനുകൂല റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടുകളിൽ കളക്ടറേറ്റിൽ തുറന്ന ഫയലിന്റെ നമ്പരും രേഖപ്പെടുത്തിയിരുന്നു. ജുഡീഷ്യൽ കമ്മീഷൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഷൈനമോൾ ഈ ഫയൽ സമർപ്പിച്ചിട്ടില്ല. പുറ്റിങ്ങലിൽ അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തിയെന്നതാണ് ഷൈനമോളുടെ വാദം. എന്നാൽ ഷൈനമോളുടെ വാദത്തെ ഖണ്ഡിക്കുന്നതാണ് ഈ ഫയൽ.

അതിനാൽ ഫയൽ നശിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ജുഡീഷ്യൽ കമ്മീഷൻ നടത്തിയ കോൾ ഡേറ്റാ റെക്കോർഡ്‌സ് പരിശോധനയിൽ ഷൈനയുടെ വാദം കളവാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടു.

- നിർണ്ണായക തെളിവായി 7 ഫോൺ വിളികൾ-

1.വെടികെട്ടിന് അനുമതി തേടി ക്ഷേത്രഭാരവാഹിയും മാധ്യമപ്രവർത്തകനുമായ പ്രേംലാൽ ആദ്യം കളക്ടർ ഷൈനമോളെ വിളിച്ചു.
2.പ്രേംലാലുമായി സംസാരിച്ച ശേഷം ഷൈനമോൾ വിളിച്ചത് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ഷാനവാസിനെ
3.ഷൈനമോളിൽ നിന്ന് ലഭിച്ച നിർദ്ദേശമനുസരിച്ച് ഷാനവാസ് പ്രേംലാലിനെ വിളിച്ചു
4.തുടർന്ന് ഷാനവാസ് കമ്മീഷണറായിരുന്ന പി.പ്രകാശിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.
5.ഷാനവാസ് ഉടൻ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചു, പുറ്റിങ്ങലിൽ വെടിക്കെട്ട് നടത്തുന്നതിന് അനുകൂലമായ റിപ്പോർട്ട് തയ്യാറാക്കി നൽകണമെന്ന് നിർദ്ദേശവും നൽകി.
6.വീണ്ടും ഷാനവാസ് പ്രേംലാലിനെ വിളിച്ചു
7.പിന്നീട് പ്രേംലാൽ വെടിക്കെട്ട് കരാറുകാരനെ വിളിച്ച് കളക്ടറുടെ വാക്കാലുള്ള അനുമതിയുണ്ടെന്നും വെടിക്കെട്ട് നടത്തണമെന്നും ആവശ്യപ്പട്ടു

ഷൈനമോൾ ഒഴികെ മറ്റെല്ലാരും ഇക്കാര്യങ്ങളിൽ സമാനമായ മൊഴിയാണ് അന്വേഷണ കമ്മീഷന് മുമ്പാകെ നൽകിയത്.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു ദുരന്തം സംഭവിച്ചത്. അതിനാൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചോദിക്കാനാണ് പത്രപ്രവർത്തകൻ വിളിച്ചതെന്നായിരുന്നു ഷൈനമോൾ കമ്മീഷനിൽ നൽകിയിരുന്ന മൊഴി. മുൻ വർഷങ്ങളിൽ രണ്ട് തവണ വെടിക്കെട്ടിന് വാക്കാൽ അനുമതി നൽകുകയും വെടിക്കെട്ട് നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ജില്ലാ ഭരണകൂടം രേഖാമൂലം അനുമതി നൽകിയത്. എന്നാൽ ക്ഷേത്രകമ്മിറ്റിക്കാർ അനുമതി ചോദിച്ചിരുന്നില്ലെന്നും പൊലീസിന്റെ ഭാഗത്താണ് വീഴ്ചയാണെന്നുമാണ് ഷൈനമോളുടെ നിലപാട്

അതേസമയം പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്താണ് വീഴ്ചയെന്നും കാട്ടി സിറ്റി പൊലീസ് കമ്മിഷണർ പ്രകാശ് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിന് റിപ്പോർട്ട് നൽകിയിരുന്നു. ആ റിപ്പോർട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സമർപ്പിച്ചിരുന്നു. പുറ്റിങ്ങൽ വെടിക്കെട്ട് നടക്കുന്ന സമയത്ത് ജില്ലാ കളക്ടർ തിരുവനന്തപുരത്തും എഡിഎം കൊച്ചിയിലുമായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്ന സാഹചര്യത്തിൽ ജില്ല വിട്ട് പോകുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ ഇരുവരും പാലിച്ചില്ലെന്നും കണ്ടെത്തിയിരുന്നു.

പുറ്റിങ്ങൽ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മുൻ സംസ്ഥാന പൊലീസ് മേധാവി സെൻകുമാറിനെതിരെയും പൊലീസിനെതിരെയും അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റൊ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ഡിജിപി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും പുറത്താക്കാൻ നളിനി നെറ്റൊയുടെ റിപ്പോർട്ട് പ്രയോജനപ്പെടുത്തുകയായിരുന്നു. പുറ്റിങ്ങൽ കേസിൽ ഈ അടുത്ത കാലം വരെ അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി അക്‌ബർ ഷൈനമോളുടെ സഹോദരൻ ആയിരുന്നു.

പുറ്റിങ്ങൽ അന്വേഷണ കമ്മീഷന്റെ കാലാവധി ഫെബ്രുവരിയിൽ അവസാനിക്കും. അതേസമയം കേസ് സിബിഐയ്ക്ക് വിടണമെന്ന ഹർജികളും കോടതിയിലുണ്ട്. പൊലീസിന് മേൽ പഴിചാരി ഫയൽ അടപ്പിക്കുന്നതിലൂടെ സിബിഐ അന്വേഷണം ഒഴിവാക്കുകയെന്ന ലക്ഷ്യവും നളിനിക്കും ഷൈനമോൾക്കുമുണ്ട്.