കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ നടന്ന അപകടത്തിന് കാരണമായത് പകുതി പൊട്ടിയ അമിട്ടിൽ നിന്ന് വീണ തീപ്പൊരി പടർന്നെന്ന് ദൃക്‌സാക്ഷികൾ. രാവിലെ 3.30ന് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഏകദേശം അവസാനിക്കാറായപ്പോഴാണ് അപകടമുണ്ടായത്. കൃഷ്ണൻകുട്ടി എന്നയാളാണ് ക്ഷേത്രത്തിൽ കമ്പക്കെട്ട് ഒരുക്കിയത്. വെടിക്കെട്ട് അവസാനഘട്ടത്തിൽ എല്ലാ അമിട്ടുകളും പൊട്ടിക്കാൻ അനുവാദം നൽകി. ഇതിനിടെയാണ് അപകടമുണ്ടായത്. പുലർച്ചെയായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും വ്യക്തമായിരുന്നില്ല.

കമ്പപ്പുരയിൽനിന്ന് വെടിക്കെട്ട് സാമഗ്രികൾ മൈതാനത്തേക്കു കൊണ്ടുപോകുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് സൂര്യകാന്തി എന്നുപേരുള്ള ഒരുതരം അമിട്ട് ലക്ഷ്യംതെറ്റി വീഴുകയായിരുന്നു. തുടർന്നുണ്ടായ സ്‌ഫോടനത്തിൽ അമിട്ടിന്റെ ചീളുകൾ വീണ് കമ്പപ്പുരയ്ക്ക് തീപിടിച്ച് തുടർസ്‌ഫോടനങ്ങളുണ്ടായി. സമീപത്തെ ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. ഈ കെട്ടിടത്തിന്റെ കോൺക്രീറ്റ് ചീളുകളും മറ്റും തെറിച്ചാണ് പലർക്കും പരുക്കേറ്റത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ ഉപദേവതാ ക്ഷേത്രങ്ങൾക്കും സമീപത്തെ മുപ്പതോളം വീടുകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

വലിയ സ്‌ഫോടന ശബ്ദം ഉണ്ടായി. ക്ഷേത്ര കോമ്പൗണ്ടിന് പുറത്തുള്ളവർക്ക് ആദ്യം ഒന്നും മനസ്സിലായില്ല. എന്നാൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിതിനിടെ ഉയർന്ന നിലവിളികൾ ദുരന്തത്തിന്റെ വ്യാപ്തിയുടെ സൂചനയായിരുന്നു. ഇതോടെ നാട്ടുകാർ ഉണർന്നു. പരിമിതമായ പൊലീസുകാർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ഫയർഫോഴ്‌സ് എത്തിയതോടെ രക്ഷാ പ്രവർത്തനം ഊർജ്ജിതമായി. പരിക്കേറ്റവരേയും മരിച്ചവരുടെ മൃതദേഹങ്ങളും സ്ഥല്തത് നിന്ന് മാറ്റി. പിന്നീട് ജെസിബി അടക്കമുള്ളവ എത്തിച്ച് തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാറ്റി. അപ്പോഴും നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു.

മുൻ വർഷങ്ങളിൽ മത്സര അടിസ്ഥാനത്തിലായിരുന്നു ഈ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയിരുന്നത്. ഇതിനെതിരെ നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആചാരപ്രകാരമുള്ള വെടിക്കെട്ട് മാത്രം നടത്താൻ താരുമാനിക്കുകയായിരുന്നു. എന്നാൽ മത്സര കമ്പത്തിനായി കരുതിയ മുഴുവൻ സ്‌ഫോടക വസ്തുക്കളും അവിടെയുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വെടിക്കെട്ടു നടക്കുന്ന സ്ഥലമാണ് പുറ്റിങ്ങൽ ദേവീക്ഷേത്രം. വർഷങ്ങളായി ഇവിടെ മൽസരവെടിക്കെട്ടു നടക്കാറുണ്ട്. വെടിക്കെട്ട് നടക്കുന്ന മൈതാനത്തിനു സമീപം പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉടമകൾ വെടിക്കെട്ടിനെതിരെ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.

ദുരന്തത്തിന് സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. തുടർന്ന് ജില്ലാഭരണകൂടം മൽസരവെടിക്കെട്ടിന് വിലക്ക് ഏർപ്പെടുത്തി. ഇതിന് ഇളവ് അനുവദിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ വഴങ്ങിയില്ല. ഇതേത്തുടർന്ന് വിലക്ക് ലംഘിച്ചാണ് ക്ഷേത്രത്തിൽ വൻതോതിൽ കരിമരുന്നു ശേഖരിച്ചത്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലർച്ചെ മൂന്നരയോടെ പൊലീസ് ഇടപെട്ട് വെടിക്കെട്ട് അവസാനിപ്പിക്കണമെന്ന് ഉൽസവക്കമ്മിറ്റി ഭാരവാഹികളോട് നിർദ്ദേശിച്ചു. അവർ വെടിക്കെട്ട് കരാറുകാർക്ക് വെടിക്കെട്ടു നിർത്താൻ നിർദ്ദേശം കൊടുക്കുന്നതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്.

നിട്ടുകൾക്ക് മുൻപ് അപകടം നടന്നിരുന്നുവെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും വർദ്ധിച്ചേനെയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വെടിക്കെട്ടിനായി കരാർ എടുത്തിരുന്ന വ്യക്തിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കൊല്ലം സ്വദേശിയായ പ്രദീപ് എന്ന ഇയാൾ പരിക്കേറ്റ് ചികിത്സയിലാണ്. അപകടസ്ഥിതി വിലയിരുത്താനും അനന്തര നടപടികൾ ചർച്ച ചെയ്യാനും ഡിജിപിയും കലക്ടറും ഉൾപ്പെട്ട ഉന്നതതലയോഗം ചേർന്നു.