- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാമ്പ് മുട്ടയിട്ടു; ദേശീയപാത നിർമ്മാണം 54 ദിവസം നിർത്തിവച്ച് ഊരാളുങ്കൽ സൊസൈറ്റി; 24 മുട്ടകളും വിരിഞ്ഞു, പതിനഞ്ച് പാമ്പിൻ കുഞ്ഞുങ്ങളെ കാട്ടിലേക്ക് അയച്ചു; ഇനിയുള്ള ഒൻപതെണ്ണത്തിനെ ഉടൻ കാട്ടിലേക്ക് അയക്കും; മുട്ട വരിയിക്കാൻ പരിശോധനകൾ നടത്തിയത് പാമ്പു പിടുത്തക്കാരൻ അമീൻ
കാസർകോട്: പെരുമ്പാമ്പ് മുട്ടയിട്ട് കിടന്നതുകാരണം റോഡ് പണി 54 ദിവസം നിർത്തിവച്ച് ഊരാളുങ്കൽ സൊസൈറ്റി. കാസർകോട് നിർമ്മിക്കുന്ന നാലുവരി ദേശീയ പാതയുടെ നിർമ്മാണമാണ് പാമ്പിന്റെ 24 മുട്ടകൾ വിരിയുന്നതിന് വേണ്ടി ഊരാളുങ്കൽ സൊസൈറ്റി നിർത്തിവെച്ചത്. വനംവകുപ്പുമായി ആലോചിച്ച ശേഷമായിരുന്നു സൊസൈറ്റിയുടെ നടപടി.
ഒടുവിൽ മുട്ടകൾ വിരിഞ്ഞു തുടങ്ങിയതോടെ ഇനി നിർമ്മാണം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ '24 മുട്ടകളും വിരിഞ്ഞു. പതിനഞ്ച് പാമ്പിൻ കുഞ്ഞുങ്ങളെ കാട്ടിലേക്ക് അയച്ചു. ഇനിയുള്ള ഒൻപതെണ്ണത്തിനെ ഉടൻ അയയ്ക്കും'- പാമ്പു പിടുത്തക്കാരനായ അമീൻ പറഞ്ഞു. അമീന്റെ നേതൃത്വത്തിലായിരുന്നു പെരുമ്പാമ്പിൻ മുട്ടകൾ പരിചരിച്ചത്.
എൻഎച്ച് 66ന്റെ വീതി കൂട്ടുന്നതിനായാണ് ജോലികൾ നടന്നുവന്നത്. സിപിസിആർഐയ്ക്ക് സമീപം ഒരു കലുങ്ക് നിർമ്മിക്കുന്നതിനിടെയാണ് തൊഴിലാളികൾ മാർച്ച് 20ന് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. റോഡ് നിരപ്പിൽ നിന്ന് നാലടി താഴെയാണ് പാമ്പിന്റെ മാളം കണ്ടെത്തിയത്. ഇത് മാറ്റാതെ കലുങ്ക് നിർമ്മാണം മുന്നോട്ടു കൊണ്ടുപോകാനും പറ്റില്ല. തുടർന്നാണ് വനംവകുപ്പ്, പാമ്പിനെ മാറ്റുന്നതുവരെ പണി നിർത്തിവയ്ക്കാൻ സാധിക്കുമോയെന്ന് സൊസൈറ്റിയോട് ചോദിക്കുന്നത്. പാമ്പിനെ പുറത്തെത്തിക്കാനായി അമീനെയും വിളിച്ചുവരുത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂൾ 1 ഇനത്തിലാണ് പെരുമ്പാമ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പാമ്പിനെ മാറ്റാനായി ശ്രമിക്കുമ്പോഴാണ് മുട്ടകൾക്ക് അടയിരിക്കുകയാണ് എന്ന് അമീന് മനസ്സിലായത്. തുടർന്ന് കാസർകോട് സ്വദേശിയും നേപ്പാൾ മിഥില വൈൽഡ് ലൈഫ് ട്രസ്റ്റിലെ വൈൽഡ് ലൈഫ് റിസർച്ച് ഹെഡ്ഡുമായ മവീഷ് കുമാറിനെ ബന്ധപ്പെട്ടു. അദ്ദേഹമാണ്, പാമ്പിനെ മാറ്റുന്നത് ശരിയല്ലെന്ന് പറഞ്ഞത്.
27 ഡിഗ്രി സെൽഷ്യസ് മുതൽ 31 ഡിഗ്രിവരെ ചൂടാണ് പെരുമ്പാമ്പിന്റെ മുട്ട വിരിയുന്നതിന് വേണ്ടത്. അമ്മ പാമ്പിന്റെ ചൂടു തന്നെ നിർബന്ധമാണെന്നും മവീഷ് പറഞ്ഞു. തുടർന്ന് ഈ മേഖലയിലെ ജോലി ഊരാളുങ്കൽ സൊസൈറ്റി നിർത്തിവയ്ക്കുകയായിരുന്നു. അമീൻ എല്ലാ ദിവസവും എത്തി പാമ്പിൻ മുട്ടകൾ പരിശോധിച്ചു. 54-ാം ദിവസം മുട്ടകൾ വിരിഞ്ഞു തുടങ്ങി. മുട്ടകൾ വിരിഞ്ഞുതുടങ്ങിയാൽ പിന്നെ, അമ്മ പാമ്പിന്റെ സാന്നിധ്യം ഇല്ലെങ്കിലും പ്രശ്നമില്ല. അതുകൊണ്ട് അമീൻ പാമ്പിൻ കുഞ്ഞുങ്ങളെയും മുട്ടകളെയും വീട്ടിലേക്ക് മാറ്റി. മുട്ടകൾ മാറ്റുന്ന സമയത്ത് മാളത്തിന് തൊട്ടടുത്ത് അമ്മ പാമ്പ് ഉണ്ടായിരുന്നതായും എന്നാൽ തന്നെ ആക്രമിച്ചില്ലെന്നും അമീൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ