ആഗ്ര: വീടുകളിലും ഹോട്ടലുകളിലും വാഹനങ്ങളിലുമൊക്കെ പാമ്പു കയറിക്കൂടുന്നത് ഇന്ന് സാധാരണമാണ്.എന്നാൽ വിമാനത്തിൽ പാമ്പു കയറിയ വാർത്ത എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അത്തരമൊരു വാർത്തയാണിപ്പോൾ വിമാനയാത്രക്കാരെ പേടിപ്പിക്കുന്നത്.

വിദേശ രാജ്യങ്ങളിലൊന്നുമല്ല,നമ്മുടെ ഇന്ത്യയിൽ തന്നെയാണ് പാമ്പ് വിമാനയാത്രയ്‌ക്കെത്തിയത്.അതും വെറും പാമ്പുമല്ല,നല്ല ഉഗ്രനൊരു പെരുമ്പാമ്പ് തന്നെ. ഏറ്റവും രസകരമായ കാര്യം പാമ്പു കയറിയത് നമ്മുടെ വ്യോമസേനയുടെ വിമാനത്തിലാണ് എന്നുള്ളതാണ്.

ആഗ്ര വ്യോമതാവളത്തിൽനിന്ന് പുറപ്പെടാനൊരുങ്ങിയ എ.എൻ-32 വിമാനത്തിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.വിമാനത്തിന്റെ അടിഭാഗത്തായിരുന്നു എട്ടടി നീളമുള്ള 'ഇന്ത്യൻ റോക്ക് പൈത്തൺ' എന്ന വിഭാഗത്തിൽപെട്ട പെരുമ്പാമ്പിനെ കണ്ടെത്തിയത്. അധികൃതർ അറിയിച്ചതിനെ തുടർന്ന് എത്തിയ രണ്ട് പാമ്പുപിടിത്ത വിദഗ്ദ്ധർ ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവിൽ വിമാനത്തിൽ അതിക്രമിച്ചു കയറിയ കക്ഷിയെ പിടികൂടുകയായിരുന്നു.

അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെത്തിച്ചത്.കൂറ്റൻ പെരുമ്പാമ്പിനെ പരുക്കുകൾ ഏൽക്കാതെ പിടികൂടാൻ ഏറെ ബുദ്ധിമുട്ടിയെന്നാണ് പാമ്പു പിടുത്തക്കാരും വ്യോമസേന അധികൃതരും പറയുന്നത്. താമസിയാതെ ഇതിനെ കാട്ടിൽ വിടുമെന്നും വന്യജീവി സംരക്ഷണ ഡയറക്ടർ എം വി ബൈജുരാജ് പറഞ്ഞു.