യുകെ പാക്കിസ്ഥാന് നൽകുന്ന 300 മില്യൺ പൗണ്ടിന്റെ സഹായത്തിൽ നിന്നും തങ്ങളുടെ വിഹിതം കൈപ്പറ്റാൻ കാഷ് പോയിന്റിന് മുന്നിൽ ക്യൂ നിൽക്കുന്ന പാക്കിസ്ഥാനികളുടെ ചിത്രങ്ങൾ പുറത്ത് വന്നു. ബ്രിട്ടൻ നൽകുന്ന നക്കാപ്പിച്ച വാങ്ങാനെത്തിയ പാക്കിസ്ഥാനികളുടെ ചിത്രങ്ങൾ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ്. ഇത് കാണുമ്പോൾ ഇന്ത്യക്കാരായ നമുക്കീ ഗതികേടുണ്ടായില്ലല്ലോ എന്ന് ആശ്വസിക്കാൻ തോന്നിയാലും അത്ഭുതപ്പെടേണ്ടതില്ല. ബ്രിട്ടീഷ് നികുതിദായകന്റെ പണമെടുത്ത് ഇത്തരത്തിൽ സഹായം നൽകുന്നതിനെതിരെ കടുത്ത വിദ്വേഷമാണ് ബ്രിട്ടനിലുയരുന്നത്. ഇതനുസരിച്ച് ഓരോ മൂന്ന് മാസം കൂടുന്തോറും പാക്കിസ്ഥാനിലെ ഏതാണ്ട് 235,000 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുന്നത്. ഇതനുസരിച്ച് ബേനസീർ ഇൻകം സപ്പോർട്ട് പ്രോഗ്രാമിന് കീഴിൽ ഓരോ കുടുംബങ്ങൾക്കും 34.50 പൗണ്ട് അഥവാ 4500 രൂപയാണ് ലഭിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ ബ്രിട്ടൻ വിദേശസഹായം വകയിൽ ഒരു ബില്യൺ പൗണ്ട് പണമായി നൽകി വരുന്നുണ്ടെന്ന് ഇന്നലെ വെളിപ്പെട്ടിരുന്നു. ഈ തുകയുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് വെളിപ്പെട്ടിട്ടും ഒഫീഷ്യലുകൾ ഈ തുകയിൽ നാല് മടങ്ങ് വർധനവ് വരുത്തിയതിനെതിരെയും ബ്രിട്ടനിൽ കടുത്തപ്രതിഷേധം ഉയർന്നിരുന്നു. 2005ൽ ബ്രിട്ടന്റെ വിദേശസഹായത്തിനുള്ള ബജറ്റ് 53 മില്യൺ പൗണ്ടായിരുന്നുവെങ്കിൽ 2011-15 കാലഘട്ടത്തിൽ അത് 219 മില്യൺ പൗണ്ടായി കുതിച്ചുയർന്നിരുന്നു. ഇതിനെതിരെ എംപിമാർ കഴിഞ്ഞ രാത്രി കടുത്ത വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പാക്കിസ്ഥാന് സഹായമായി നൽകുന്ന 300 മില്യൺ പൗണ്ടിൽ നിന്നും വളരെയധികം തുക ധൂർത്തടിക്കപ്പെടുന്നുണ്ടെന്നും അഴിമതിക്ക് വിധേയമായി അനർഹരുടെ കൈകളിലെത്തുന്നുവെന്ന വിമർശനവും പരക്കെയുണ്ട്. ഇതനുസരിച്ച് 2020 ആകുമ്പോഴേക്കും 441,000 പാക്കിസ്ഥാൻ കുടുംബങ്ങളിലേക്ക് ഈ സഹായം വ്യാപിപ്പിക്കാനാണ് വൈറ്റ്ഹാൾ ഒഫീഷ്യലുകൾ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുണ്ട്. ദേശീയവരുമാനത്തിന്റെ 0.7 ശതമാനം വിദേശസഹായമായി നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്ന് എംപിമാർ ശക്തമായി ആവശ്യപ്പെടുന്നതിനിടെയാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരിക്കുന്നത്. യുകെയിൽ പണമില്ലാത്തതിനാൽ പ്രായമായവരുടെ കെയർ പ്രതിസന്ധിയെ നേരിടുമ്പോഴാണ് വിദേശസഹായത്തിന്റെ പേരിൽ ബ്രിട്ടീഷ് നികുതിദായകന്റെ പണം വൻ തോതിൽ കവർന്നെടുത്ത് വിദേശരാജ്യങ്ങളിൽ ധൂർത്തടിക്കപ്പെടുന്നതെന്ന് ബാക്ക് ബെഞ്ചർമാർ വാദിക്കുന്നു. ഫണ്ട് കുറവ് നികത്താനായി ടൗൺഹാളുകൾ കൗൺസിൽ ടാക്സ് ഇരട്ടിയാക്കി വർധിപ്പിക്കാനൊരുങ്ങുമ്പോൾ വിദേശത്തുള്ള അനർഹരുടെ കൈയിൽ ബ്രിട്ടീഷുകാരുടെ പണമെത്തുന്നതിലും അവർക്ക് കനത്ത പ്രതിഷേധമുണ്ട്.

ബേനസീൽ ഇൻകം സപ്പോർട്ട് പ്രോഗ്രാമിന് കീഴിൽ പാക്കിസ്ഥാൻ കുടുംബങ്ങൾക്ക് ലഭിക്കുന്ന പണം അവർക്കിഷ്ടമുള്ളത് പോലെ ചെലവഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. നിലവിൽ ഈ പ്രോഗ്രാമിന്റെ ഏഴ് ശതമാനവും ബ്രിട്ടീഷ് നികുതിദായകനിൽ നിന്നാണ് ഈടാക്കന്നത്. ഈ പ്രോഗ്രാമിന് കീഴിൽ പത്തിലൊന്നു പേർക്കും പണം ലഭിക്കുന്നത് പോസ്റ്റ് ഓഫീസുകളിലൂടെയാണ്. മറ്റുള്ളവർക്ക് കാഷ് കാർഡുകളാണ് ലഭിക്കുന്തന്. അത് സ്ഥിരമായി പണമുപയോഗിച്ച് ടോപ്പ് അപ്പ് ചെയ്യപ്പെടും. ഇതവർക്ക് പിൻവലിക്കാനോ ഷോപ്പുകളിൽ ഇത് കാണിച്ച് സാധനങ്ങൾ വാങ്ങാനോ സാധിക്കുന്നതാണ്. എന്നാൽ പെഷവാറിലെ ഒരു ഗ്രാമത്തിൽ ഗ്രാമീണർ കാഷ് പോയിന്റിൽ നിന്നും കാർഡ് ഉപയോഗിച്ച് പണം എടുക്കുന്നതിന്റെ ചിത്രങ്ങളാണ് ഡെയിലി മെയിൽ പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഈ പ്രോഗ്രാമിന്റെ പേരിൽ പാക്കിസ്ഥാനിലെ ചില ഒഫീഷ്യലുകൾ വൻ തോതിൽ അഴിമതി നടത്തുന്നുണ്ടെന്ന കാര്യം ഓഗസ്റ്റിൽ പാക്കിസ്ഥാനിലെ പത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു. വ്യാജ അക്കൗണ്ടുകൾ പോലുള്ളവ സൃഷ്ടിച്ചാണ് പാക്ക്ഉദ്യോഗസ്ഥർ ഇത്തരത്തിൽ പണം തട്ടുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.