- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യുനെറ്റ് തട്ടിപ്പ് വീണ്ടും; മറ്റൊരു കമ്പനിയുടെ ഫ്രാഞ്ചെയ്സി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി ക്യുനെറ്റ് ഉൽപ്പന്നം വിറ്റതായി പരാതി; പൊലീസ് പരാതി സ്വീകരിക്കാതെ തട്ടികളിക്കുന്നതായി ഇരകൾ; പൊലീസ് തട്ടിപ്പുകാർക്ക് കുടപിടിക്കുന്നതായും ആരോപണം
എറണാകുളം: ക്യുനെറ്റ് എന്ന എംഎൽഎം കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം സ്വദേശിയും തിരുവനന്തപുരം സ്വദേശിയുമായ രണ്ട് യുവാക്കളാണ് പരാതി നൽകിയിരിക്കുന്നത്. ക്യുനെറ്റ് തട്ടിപ്പിൽ ഇരയായ നിരവധിപേർ മുമ്പ് പരാതിയുമായി രംഗത്തെത്തിയിരുന്നു.
എംവൈക്യു വെക്കേഷൻസ് ഇന്റെർനാഷണൽ കമ്പനി എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി തരാമെന്നും പ്രതിമാസം 45000 രൂപ ലാഭം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങിയ ശേഷം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്യു നെറ്റ് എന്ന എംഎൽഎം ഉൽപ്പന്നം അയച്ച് പറ്റിച്ചു എന്നാണ് പരാതി. ഇതിന്റെ പേരിൽ 2,74,600 രൂപ കബളിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. റോബിൻ ജോൺ ജേക്കബ്ബ്, ഐബിമോൾ എന്നിവരുടെ പേരിലാണ് പരാതി.
എന്നാൽ പരാതിയുമായി പോയ യുവാക്കൾക്ക് മുന്നിൽ കേസ് തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്ന് പറഞ്ഞ് കൈമലർത്തുകയായിരുന്നു എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ. റോബിന്റെ വീട് തിരുവല്ലയിലായതിനാൽ അവരോട് അവിടെ പരാതി നൽകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് തിരുവല്ലയിൽ പരാതി നൽകിയപ്പോൾ കത്രിക്കടവിൽ നടന്ന സംഭവത്തിൽ എന്തിനാണ് തിരുവല്ലയിൽ പരാതി നൽകുന്നതെന്നായിരുന്നു അവിടത്തെ പൊലീസുകാർ ചോദിച്ചത്.
തിരുവല്ലയിൽ നിന്നും പരാതി ട്രാൻസ്ഫറായി കൊച്ചിയിലെത്തിയിട്ട് രണ്ടാഴ്‌ച്ചയായെങ്കിലും ഇതുവരെ നോർത്ത് പൊലീസ് കൈപ്പറ്റിയിട്ടില്ല. ഇതിനെ തുടർന്ന് കൊച്ചി കമ്മീഷണറേറ്റിൽ നിന്നും പരാതി വീണ്ടും തിരുവല്ലയിലേയ്ക്ക് തിരിച്ചയച്ചതായാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ കേസന്വേഷണവും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിനിടെ നോർത്ത് സർക്കിൾ ട്രാൻസ്ഫറാകുകയും പുതിയ ഓഫീസർ ചാർജെടുക്കുകയും ചെയ്തു. അതിനാൽ മുൻ സർക്കിളിന്റെ നിലപാട് അറിയില്ലെന്നാണ് പുതിയ സിഐ പറയുന്നത്. എന്തായാലും കേസെടുക്കാതെ പരാതി തട്ടിക്കളിക്കുകയാണ് പൊലീസുകാർ.
കബളിപ്പിക്കപ്പെട്ട യുവാവ് പറയുന്നതിങ്ങനെ. ' റോബിൻ എംവൈക്യു വെക്കേഷൻസ് ഇന്റെർനാഷണൽ കമ്പനി എന്ന സ്ഥാപനത്തിന്റെ മെന്റർ ആണെന്നും ഐബി മോൾ ഫിനാൻഷ്യൽ അഡൈ്വസർ ആണെന്നും പരിചയപ്പെടുത്തിയാണ് ഞങ്ങളെ ബന്ധപ്പെടുന്നത്. എന്റെ വീട്ടിൽ വച്ചാണ് ഞാൻ അവർ ഇരുവരുമായി സൂം മീറ്റിങിൽ പങ്കെടുത്തത്. എംവൈക്യു വെക്കേഷൻസ് ഇന്റെർനാഷണൽ കമ്പനിയുടെ ഫ്രാഞ്ചൈസി തരാമെന്നും പ്രതിമാസം 45000 രൂപ ലാഭം ലഭിക്കുമെന്നുമാണ് അവർ ഞങ്ങളെ വിശ്വസിപ്പിച്ചത്. അതിന് വേണ്ടി ഞാൻ മൂന്ന് ലക്ഷം രൂപ പലപ്പോഴായി അവർക്ക് ട്രാൻസ്ഫർ ചെയ്തു. ഗൂഗിൾപേ വഴിയാണ് പണം ട്രാൻസ്ഫർ ചെയ്തത്. ഇതിൽ 25,400 രൂപ റോബിൻ എന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാൽ നൽകിയ പണത്തിന്റെ വൗച്ചർ ലഭിച്ചപ്പോഴാണ് ക്യൂനെറ്റ് എന്ന എംഎൽഎം കമ്പനിയുടെ ഉൽപ്പന്നമാണ് തനിക്ക് ലഭിച്ചതെന്നും അത് തനിക്ക് ലഭിക്കാതിരിക്കാൻ തെറ്റായ വിലാസവും ഫോൺ നമ്പരുമാണ് ചേർത്തിരിക്കുന്നതെന്നും മനസിലായത്.
ചതിക്കപ്പെട്ടതായി മനസിലായതിനെ തുടർന്ന് ഞങ്ങൾ അവരെ വിളിച്ചപ്പോൾ എറണാകുളത്ത് ഓഫീസിലേയ്ക്ക് വരാൻ റോബിൻ പറഞ്ഞു. റോബിന്റെയും ഐബിയുടെയും ഓഫീസായി പ്രവർത്തിക്കുന്ന കതൃക്കടവിലുള്ള ഫ്‌ളാറ്റിലെത്തി ഞങ്ങൾ പണം തിരികെ ആവശ്യപ്പെട്ടു. ആദ്യം പണം തരാമെന്നേറ്റ അവർ പിന്നീട് വാക്ക് മാറ്റി. ഇതിനെ തുടർന്നാണ് ഞങ്ങൾ എറണാകുളം നോർത്ത് സ്‌റ്റേഷനിലെത്തി പരാതി നൽകുന്നത്. എന്നാൽ റോബിന്റെ യഥാർത്ഥ വീട് തിരുവല്ലയിലായതിനാൽ കേസിന്റെ ജ്യൂറിസെക്ഷൻ അവിടെയാണെന്നും അവിടെയാണ് പരാതി നൽകേണ്ടതെന്നും പറഞ്ഞ് സർക്കിൾ ഇൻസ്‌പെക്ടർ സിബി ടോം സാർ ഞങ്ങളെ തിരിച്ചയയ്ക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങൾ തിരുവല്ലയിൽ പരാതി നൽകിയത്. എന്നാൽ കതൃക്കടവിൽ നടന്ന കുറ്റകൃത്യത്തിൽ അവർക്ക് കേസെടുക്കാൻ കഴിയാത്തതിനാൽ അവർ പരാതി എറണാകുളത്തേയ്ക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. എന്നിട്ടും കേസെടുക്കാതെ ഞങ്ങളെ ചുറ്റിക്കുന്ന എറണാകുളം പൊലീസ് പരാതി തിരുവല്ലയിലേയ്ക്ക് തിരിച്ച് അയച്ചതായാണ് ഇപ്പോൾ അറിയുന്നത്.'
സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്ന് ആഗ്രഹിച്ച് കബളിപ്പിക്കപ്പെട്ട യുവാക്കളുടെ പരാതി സ്റ്റേഷനുകൾ തോറും പന്തുതട്ടുകയാണ് പൊലീസ്. അവർ പരാതിയുമായി പൊലീസ് സ്‌റ്റേഷനുകൾ കയറിഇറങ്ങുമ്പോൾ പണം തട്ടിച്ചവർ കൊച്ചി നഗരത്തിൽ നെഞ്ചുവിരിച്ചു നടക്കുന്നു. തട്ടിപ്പുകാരെ സംരക്ഷിക്കുന്നതിന് തുല്യമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് ഇരകൾ ആരോപിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ