- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 4000 രൂപ ലാഭവിഹിതം; ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; മലപ്പുറം ജില്ലയിൽനിന്ന് മാത്രം ക്യൂ - നെറ്റ് തട്ടിയെടുത്തത് 100 കോടിയിലധികം; ചെട്ടിപ്പടി സ്വദേശിയുടെ നാലരലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
മലപ്പുറം: ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 4000 രൂപ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ക്യൂ - വൺ എന്ന കമ്പനിയുടെ പേരിൽ ബിസിനസിൽ പങ്കാളിയാക്കാമെന്നും മാസം തോറും ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ ഫൈറൂസ് എന്നയാളിൽ നിന്നും 4 ,50,000 രൂപ തട്ടിച്ച കേസിൽ പരപ്പനങ്ങാടി ചെട്ടിപ്പടി ആലിക്കകത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ ജംഷാദി (33)നെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ പ്രതി ക്യൂ വൺ കമ്പനിയിലെ മെംബർ ആണെന്നും മലപ്പുറം ജില്ലയിലെ വിവിധയാളുകളിൽ നിന്നും 100 കോടിക്ക് മുകളിൽ പണം ഇതേ കമ്പനി ഈ രീതിയിൽ വാങ്ങിയിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 4000 രൂപ ലാഭവിഹിതം നൽകാം എന്ന ഉറപ്പിലാണ് പ്രതി ആളുകളിൽ നിന്നും കമ്പനിക്ക് വേണ്ടി പണം ഡിപ്പോസിറ്റായി വാങ്ങിയിരുന്നത്. ഇത്തരത്തിൽ പണം കൈവശപ്പെടുത്തിയ ശേഷം കൂടുതൽ ആളുകളെ കമ്പനിയിലേക്ക് ചേർക്കുന്നതിനായി നിസാര വിലയ്ക്കുള്ള വീട്ടുപകരണങ്ങളും കമ്മീഷനായി പണവും പ്രതികൾ പരാതിക്കാരന് ഓഫർ ചെയ്തിരുന്നു.
നാളുകൾക്ക് ശേഷവും ലാഭവിഹിതവും മുടക്കിയ പണവും തിരിച്ചു കിട്ടാതെ വന്നപ്പോഴാണ് പരാതിക്കാരന് ചതി മനസിലായതും പൊലീസിൽ പരാതി നൽകിയതും. പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാർ അഡീ:എസ്ഐ സുരേഷ് കുമാർ, പൊലീസുകാരായ അഭിമന്യു, ദിലീപ്, സുധീഷ് , രാഗേഷ്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി തിരൂർ സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ഉണ്ടാവുമെന്നും വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതകളുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പരപ്പനങ്ങാടി സി ഐ ഹണി കെ. ദാസ് പറഞ്ഞു.