- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം വാങ്ങിയോ ഭൂമി വിറ്റോ ഭാര്യയുടെ കെട്ടുതാലി വിറ്റോ നിക്ഷേപം നടത്തിക്കോളൂ....നിങ്ങൾ ആഡംബര ജീവിതം അടക്കം വേറെ ലേവലിൽ എത്തും; ക്യൂനെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ദുബായി മോഡൽ മണിചെയിൻ തട്ടിപ്പിന്റെ പുതിയ വേർഷൻ മലപ്പുറത്തും കൊച്ചിയിലും കരയിച്ചത് നിരവധി പേരെ; തട്ടിപ്പ് പുറത്തുവന്നതോടെ കേസാക്കാതെ ഒത്തുതീർപ്പിന് പരക്കം പാഞ്ഞ് ക്യൂനെറ്റ് ഏജന്റുമാർ
തിരുവനന്തപുരം: കോവിഡ് കാലം അടച്ചിടൽ കാലമായിരുന്നെങ്കിലും ചിലർക്ക് അത് പുതിയ വേട്ടകൾക്കുള്ള മുന്നൊരുക്ക കാലമായിരുന്നു. ജീവിതം എങ്ങനെ മുന്നോട്ട് നീക്കും എന്ന് ശങ്കിച്ച യുവാക്കളെയും വ്യവസായികളെയും എല്ലാം ക്യാൻവാസ് ചെയ്ത് കരുതൽ പണം മൂന്നിരട്ടിയാക്കാമെന്ന വാഗ്ദാനത്തിൽ നിക്ഷേപിപ്പിക്കുക. പിന്നീട് പൊടിയും തട്ടിപോകുക. ദുബായിലും മറ്റും വലിയ തട്ടിപ്പ് നടത്തിയ ക്യൂനെറ്റ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനി കേരളത്തിലും ഇര പിടുത്തം നടത്തിയത് ഇതിനകം വാർത്തയായി കഴിഞ്ഞു. ക്യൂനെറ്റിന്റെ ഏജന്റുമാർ മുഖ്യകേന്ദ്രങ്ങളായി തിരഞ്ഞെടുത്തതുകൊച്ചിയും, മലപ്പുറത്തെ കോട്ടയ്ക്കലും. പതിനായിരം കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക കണക്ക്. തട്ടിപ്പ് വാർത്തയായതോടെ. എങ്ങനെയെങ്കിലും കേസാവാതെ ഇരിക്കാൻ ഒത്തുതീർപ്പ് ശ്രമങ്ങളുമായി ക്യൂനെറ്റ് ഏജന്റുമാർ എത്തിയതായാണ് റിപ്പോർട്ട്.
പൊലീസിൽ പരാതി നൽകാതിരിക്കാനും മാധ്യമങ്ങൾക്ക് മുന്നിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാനുമാണ് ധാരണയുമായി ഏജന്റുമാർ രംഗത്തെത്തിയത്. തിരൂരിലെയും സമീപ പ്രദേശത്തുമുള്ള നാലുപേർക്കാണ് പണം എത്രയും പെട്ടെന്ന് തിരിച്ചുതരാമെന്ന വാഗ്ദാനം ലഭിച്ചത്. കൂടുതൽ പേരെ സമീപിച്ച് ഏജന്റുമാർ ഒത്തുതീർപ്പിന് ശ്രമിക്കുന്നുണ്ട്. ഭൂരിഭാഗവും ബന്ധുക്കളും സുഹൃത്തുക്കളുമായതിനാൽ ഒത്തുതീർപ്പ് ധാരണക്ക് ചിലർ വഴങ്ങി. എന്നാൽ, പൊലീസിൽ പരാതി നൽകിയവർക്ക് പണം തിരിച്ചുനൽകില്ലെന്ന നിലപാടിലാണ് ചില ഏജന്റുമാർ.
മലപ്പുറത്താണ് ഇരകളിൽ ഏറെയും. മർട്ടിനാഷണൽ മാർക്കറ്റിങ് കമ്പനി എന്നാണ് ക്യൂനെറ്റ് സ്വയം വിശേഷിപ്പിക്കുന്നത്. ക്യൂനെറ്റിനെ കേന്ദ്രമാക്കി ടീം ഓഷ്യൻ എന്ന കമ്പനി രൂപീകരിച്ച് ദുബായ് ബുർജ്മാൾ കേന്ദ്രീകരിച്ച് മണി ചെയ്ൻ തട്ടിപ്പ് നടത്തി നസീബ് ആബിദ് ഷാ എന്നീ തട്ടിപ്പുസംഘം ദുബായ് മലയാളികൾ അടക്കമുള്ളവരിൽ നിന്ന് കോടികൾ തട്ടിയത് എക്‌സ്‌ക്ലുസീവായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. 2019 സെപ്റ്റംബറിലാണ് ടീം ഓഷ്യൻ നടത്തിയ കോടികളുടെ മണി ചെയിൻ തടിപ്പ് മറുനാടൻ പുറത്തുകൊണ്ടുവരുന്നത്. ഇവരിപ്പോഴും ദുബായിൽ ആഡംബര ജീവിതം നയിക്കുന്നു.
ഇപ്പോൾ ഓൺലൈൻ കച്ചവടത്തിന്റെ പേരിൽ കോവിഡ്കാലത്ത് പണം പിടുങ്ങാൻ ഇറങ്ങിയിരിക്കുകയാണ് ക്യൂനെറ്റ് ടീം. കടം വാങ്ങിയോ ഭൂമി വിറ്റോ ഭാര്യയുടെ കെട്ടുതാലി വിറ്റോ നിക്ഷേപം നടത്തിക്കൊളേൂ....നിങ്ങൾക്ക് ആഡംബര ജീവിതം അടക്കം വേറെ ലേവലിൽ എത്തുമെന്നാണ് സംഘത്തിന്റെ വാഗ്ദാനം.ദുബായി മോഡലിന്റെ പുതിയ വേർഷനാണ് മലപ്പുറത്തും മറ്റും പയറ്റിയത്. കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചോളൂ..ഇൻഷാ അള്ളാ ഒന്നും നോക്കേണ്ട ലൈഫ് രക്ഷപ്പെടും, ഇങ്ങനെ പറഞ്ഞാണ് ആളെ വീഴ്‌ത്തുന്നത്.
മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് കോടി വരെ നേടാമെന്നുള്ള മോഹനവാഗ്ദാനം കേട്ടാൽ ആരാണ് വീഴാത്തത്? ആട് തേക്ക് മാഞ്ചിയം അടക്കം തട്ടിപ്പുകൾ പലതും കണ്ടവരെങ്കിലും മലയാളികൾ വീണ്ടും ചതിക്കുഴികളിൽ വീഴുകയാണ്. പണം നിക്ഷേപിക്കാൻ തയ്യാറാകുന്നവർക്ക് ആദ്യം ഇന്റർവ്യൂ ഒക്കെ ഉണ്ട്. കൂടെകൂടെ ഇൻഷാ അള്ളാ എന്ന് പറഞ്ഞ് മതവിശ്വാസത്തെ കൂട്ടുപിടിക്കുന്നതും ഇവരുടെ ട്രിക്കാണ്. മണി ചെയിൻ ആണെന്ന് ഒരിക്കലും സമ്മതിക്കില്ല. ഡീലർ ഏജന്റുമാർ എന്നൊക്കെയാണ് നിക്ഷേപകരെ വിളിക്കുക. കയ്യിൽ പണമില്ലെങ്കിൽ സ്വർണമോ ആധാരമോ സ്വർണമോ വിൽക്കാനാകും ഉപദേശം. ക്യൂനെറ്റ് വഴി കോടികൾ സമ്പാദിച്ച് ആഡംബര ജീവിതം നയിക്കുന്ന ആൾ എന്ന് സ്വയം പരിചയപ്പെടുത്തുന്ന വ്യക്തിയാകും അഭിമുഖം നടത്തുക. ദൈവാനുഗ്രഹവും കുടുംബത്തിന്റെ പ്രാർത്ഥനയും കൊണ്ടാണ് തനിക്കീ അവസരം ലഭിച്ചതെന്ന് ഇടക്കിടെ ഓർമിപ്പിച്ച് നിക്ഷേപകരുടെ വിശ്വാസവും പിടിച്ചുപറ്റും. പ്രത്യേക ടോണിൽ അങ്ങോട്ട് ഒന്നും അധികം ചോദിക്കാൻ അവസരം നൽകാത്ത വിധത്തിലായിരിക്കും അഭിമുഖം.
ഇതൊരു മണി ചെയിൻ സ്ഥാപനമല്ലെന്നും ഓൺലൈൻ വ്യാപാരത്തിന്റെ ലാഭവിഹിതമാണ് വരുമാനമെന്നും അഭിമുഖം നടത്തുന്ന കമ്പനി പ്രതിനിധി ഉറപ്പ് നൽകും. കൂടാതെ, തട്ടിപ്പിന് ബലം കൂട്ടാൻ മതപണ്ഡിതരുടെ വേഷം കെട്ടിയ ആളുകളെയും ഇവർ രംഗത്തെത്തിക്കും. ക്യൂനെറ്റ് വ്യാപാരത്തിലൂടെ കിട്ടുന്ന വരുമാനം പലിശയല്ലെന്നും, ഇടപാടുകളെല്ലാം 'ഹലാൽ' ആണെന്നും കമ്പനി പ്രതിനിധികളായ മതപണ്ഡിതരും ഉറപ്പ് നൽകും.
ലക്ഷങ്ങൾ പോയവർ കരയുന്നു
പണം നിക്ഷേപിച്ച പലരും ഞെട്ടിക്കുന്ന കഥയാണ് പറയുന്നത്. നല്ലൊരു ബിസിനസാണ്, നിന്നെ ഞാൻ രക്ഷപ്പെടുത്താം എന്ന് പറഞ്ഞാണ് ഒരു പരിചയക്കാരൻ മലപ്പുറത്തെ കമറുദ്ദീനെ വിളിക്കുന്നത്. വാക്ക് വിശ്വസിച്ച കമറുദ്ദീൻ ഇപ്പോൾ നാലര ലക്ഷം രൂപയ്ക്കടുത്ത് കടക്കാരനാണ്. കമറുദ്ദീനെ പോലെ ആയിരക്കണക്കിന് ആളുകളാണ് വഞ്ചനക്ക് ഇരയായത്. ഓഫിസുകൾ ഇല്ലാതെ പ്രതിനിധികളിലൂടെ മാത്രം പ്രവർത്തിക്കുന്ന ക്യൂനെറ്റിനെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
മലപ്പുറം ജില്ലയിൽ മാത്രം ശതകോടികളാണ് തട്ടിയത്. മതവിശ്വാസം ദുരുപയോഗിച്ച് അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചതിക്കാൻ പ്രത്യേക പരിശീലനവും തട്ടിപ്പ് കമ്പനി നൽകുന്നു. ഇത്തരത്തിൽ അനേകമാളുകൾ കിടപ്പാടം വിറ്റും കടംവാങ്ങിയും സ്വരുക്കൂട്ടിയ പണമാണ് തട്ടിപ്പുസംഘം അടിച്ചുമാറ്റുന്നത്.
തിരൂർ ആലത്തിയൂർ സ്വദേശിയായ യുവാവിനും മറ്റു ബന്ധുക്കൾക്കും കൂടി ക്യൂനെറ്റിലൂടെ നഷ്ടമായത് 25 ലക്ഷം രൂപയാണ്. ഭാര്യയുടെ കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ നിരന്തരമായ പ്രേരണയിലാണ് തൃപ്രങ്ങോട് സ്വദേശിയായ യുവാവും ബന്ധുക്കളും പണം നൽകിയത്.35കാരനായ യുവാവിന് 6,30000 രൂപയും തിരൂർ കട്ടച്ചിറയിലെ രണ്ട് ബന്ധുക്കൾക്കും കൂടി 1260000 രൂപയും എടപ്പാളിലെ മറ്റൊരു ബന്ധുവിന് 30000 രൂപയുമാണ് നഷ്ടമായത്. താനൂർ പുത്തൻതെരുവ് സ്വദേശിയായ ബന്ധുവാണ് മറ്റു കുടുംബങ്ങൾക്ക് നെറ്റിനെ പരിചയപ്പെടുത്തി നൽകിയത്. ഇയാൾ തന്നെയാണ് ഒരു കുടുംബത്തിൽ നിന്ന് 630000 രൂപ നേരിട്ട് കൈപ്പറ്റിയത്. ബാക്കിയുള്ള മൂന്ന് കുടുംബങ്ങളുടെയും തുക കർണാടകയിലെ ക്ലാസിക് എന്റർപ്രൈസസ് എന്ന കമ്പനിയുടെ പേരിൽ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നൽകുകയായിരുന്നു.
തുടർന്ന് മാസങ്ങൾക്ക് ശേഷം ഗിഫ്റ്റെന്ന പേരിൽ ചില സാധനങ്ങൾ പണം നൽകിയവരുടെ വീടുകളിൽ കൊറിയർ വഴി എത്തി. പാക്ക് തുറന്ന് പരിശോധിച്ചപ്പോൾ വാട്ടർ ഫ്യൂരിഫയർ, വാച്ച്, എയർ ഫ്രഷർ, കോസ്മറ്റിക്സ് ഉൾപ്പെടെയുള്ള സാധനങ്ങൾ ഉണ്ടായിരുന്നു. പാക്കിങിനകത്ത് നിന്ന് കിട്ടിയ ബില്ല് കണ്ട് ഞെട്ടിയവർ തങ്ങളെ ക്യൂനെറ്റിൽ ചേർത്ത ബന്ധുവിനെ ഇക്കാര്യം അറിയിച്ചു. അത് ഗിഫ്റ്റാണെന്ന മറുപടിയാണ് ഇയാൾ ഇവർക്ക് നൽകിയത്.
തുടർന്ന് രണ്ട് മാസത്തിന് ശേഷം 10000 രൂപ വെച്ച് ഇവർക്ക് ലഭിക്കുകയും ചെയ്തു. ഈ കുടുംബങ്ങൾ നടത്തിയ ബിസിനസിന്റെ കമ്മിഷനാണ് ഈ പതിനായിരം. ഇതോടെയാണ് തങ്ങൾ ചതിക്കപ്പെട്ട കാര്യം ബോധ്യമായത്. തങ്ങളുടെ യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് തട്ടിപ്പ് സംഘം തന്നെ സാധനങ്ങൾ പർച്ചേഴ്സ് ചെയ്ത് വിട്ടുനൽകുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. സൗദിയിൽ ജോലി ചെയ്തിരുന്ന യുവാവ് അസുഖം മൂലം ചികിത്സക്ക് വേണ്ടി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് ബന്ധുവിന്റെ പ്രേരണയിലും വാഗ്ദാനത്തിലും പ്രവാസിയായിരുന്ന യുവാവും മറ്റു ബന്ധുക്കളും നെറ്റിൽ അകപ്പെടുന്നത്.
ക്യൂനെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ തിരൂരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.. തിരൂർ ബി.പി അങ്ങാടി സ്വദേശിയും പ്രവാസിയുമായ ആളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നേടുന്നത് വരെ നുണ പറയുക എന്നതാണ് ക്യൂനെറ്റ് ടീമിന്റെ മോട്ടോ. രണ്ടുവർഷത്തിലേറെ ക്യൂനെറ്റിന്റെ ഭാഗമായ ഓഷ്യൻ എന്ന ശൃംഖലയിലേക്ക് ആളെ ചേർക്കുകയും, 900 വരെ പേരടങ്ങുന്ന ടീമിന്റെ ലീഡർമാരായി പ്രവർത്തിച്ചവരും നടക്കുന്നത് വൻതട്ടിപ്പാണെന്ന് ഇടക്കാലത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വാചകകസർത്തിലൂടെ ഇരകളെ കുടുക്കാൻ ക്യൂനെറ്റ് സംഘത്തിന് ഒരുവിഷമവും നേരിടുന്നില്ല.
നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി, വരുൺ, താഹിർ എന്നിവരടങ്ങുന്ന ടീം ഓഷ്യനെയും ഇവരുൾപ്പെടുന്ന നാനൂറു ഏജന്റുമാരെയും മണി ചെയ്ൻ തട്ടിപ്പിന്റെ പേരിൽ ക്യൂ നെറ്റ് പുറത്താക്കിയിരുന്നു
മറുനാടന് മലയാളി ബ്യൂറോ