ണ്ടനിലെ ഹൈ-പ്രൊഫൈൽ നിക്ഷേപകരിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ. നിലവിൽ വൻ വിലകൊടുത്ത് ഹരോഡ്സും ഷാർഡും ഒളിമ്പിക് വില്ലേജും നിർണായക സ്ഥാനങ്ങളിലുള്ള നിരവധി ആഡംബര ഹോട്ടലുകളും സ്വന്തമാക്കിയ രാജ്യമാണിത്. ബ്രെക്സിറ്റിന് ശേഷം ലണ്ടനിൽ തങ്ങളുടെ പിടിമുറുക്കാൻ കോടികൾ വാരി എറിയാനാണ് ഖത്തർ ഒരുങ്ങുന്നത്. ഇതിലൂടെ ഹീത്രോ എയർപോർട്ട്, സയിൻസ്ബറി തുടങ്ങിയവയെ വരെ ഇവർ സ്വന്തമാക്കാനുള്ള സാധ്യതയും ഈ അവസരത്തിൽ ഉയർന്ന് വരുന്നുണ്ട്.

റിയൽ എസ്റ്റേറ്റിൽ നിന്നും മാറി യുകെയിൽ തങ്ങളുടെ നിക്ഷേപം വൈവിധ്യവൽക്കരണത്തിലേക്ക് തിരിച്ച് വിടുന്നതിന്റെ ഭാഗമായിട്ടാണ് ഖത്തർ ഹീത്രോ എയർപോർട്ടും സയിൻസ്ബറിയും വാങ്ങാനുള്ള സാധ്യതകൾ തേടുന്നത്. യുകെയിലെ ട്രാൻസ്പോർട്ട്, പ്രോപ്പർട്ടി, ഡിജിറ്റൽ ടെക്നോളജി എന്നിവയിൽ നിക്ഷേപിക്കുന്നതിനായി തങ്ങൾ അഞ്ച് ബില്യൺ പൗണ്ട് കൂടി നീക്കി വച്ചിരിക്കുന്നുവെന്നാണ് ഈ അറബ് രാജ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രെക്സിറ്റിന് ശേഷം ഇതുമായി ബന്ധപ്പെട്ട അവസരങ്ങൾ യുകെയിൽ വർധിക്കുന്നത് കാത്തിരിക്കുകയാണെന്നും അത് മുതലാക്കാൻ തങ്ങൾ തയ്യാറായിരിക്കുന്നുവെന്നുമാണ് ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ സൗദ് അൽ-താനി ലണ്ടനിൽ വച്ച് നടന്ന ഒരു ഇൻവെസ്റ്റ്മെന്റ് കോൺഫറൻസിൽ വച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഖത്തർ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് അ്ദ്ദേഹം.

യുകെയിലെ ഇൻഫ്രാസ്ട്രക്ചറിലാണ് ഭാവിയിൽ തങ്ങൾ കൂടുതൽ നിക്ഷേപിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതിന് പുറമെ ഹെൽത്ത്കെയർ, ഐടി എന്നിവയിൽ നിക്ഷേപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നത് മൂലം ഖത്തറിന്റെ ഇത്തരം നിക്ഷേപ തീരുമാനങ്ങളെ ബാധിക്കില്ലെന്നും അൽ-താനി പറയുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഖത്തർ യുകെയിൽ അഞ്ച് ബില്യൺ പൗണ്ട് നിക്ഷേപിക്കുമെന്നും വിവിധ ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിലൂടെയും ഖത്തറിലെ പ്രസക്തമായ ആളുകളിലൂടെയുമായിരിക്കും ഇത് നിർവഹിക്കുകയെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇൻവെസ്റ്റ്മെന്റ് കോൺഫറൻസിനിടെ പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ യുകെയിൽ 40 ബില്യൺ പൗണ്ടാണ് ഖത്തർ നിക്ഷേപിച്ചിരിക്കുന്നത്. ഹരോഡ്സിന്റെ ഉടമസ്ഥത സ്വന്തമാക്കി ഖത്തർ ലണ്ടനിലെ ഷാർഡിന്റെ 95 ശതമാനം ഓഹരികളും വാങ്ങിയിട്ടുണ്ട്. ലണ്ടനിലെ ഡോക്ക്ലാൻഡ്സിലെ കാനറി വാർഫിലും ഖത്തറിന് ഓഹരികളുണ്ട്. സൗത്ത് വെയിൽസിലെ മിൽഫോർഡ് ഹാവൻ ലിക്യുഫീൽഡ് നാച്വറൽ ഗ്യാസ് ടെർമിനലിലും ഖത്തർ താൽപര്യം പുലർത്തുന്നുണ്ട്. ഖത്തർ ഇത്തരത്തിൽ നിക്ഷേപ സന്നദ്ധത പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി തെരേസ മെയ്‌ രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്യൻയൂണിയനിൽ നിന്ന് യുകെയെ പുറത്തെത്തിക്കുന്നതിനുള്ള ഔദ്യോഗിക പ്രക്രിയായ ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ അവർ നാളെ ആരംഭിക്കാനിരിക്കുകയാണ്.