കരിപ്പൂർ: ഖത്തറിൽനിന്ന് മലബാർ മേഖലയിലേക്കെത്തിയ 153 കോടി രൂപയിൽ ഏറിയ പങ്കും തീവ്രവാദസ്വഭാവമുള്ള ഒരു സംഘടനയുടെ സമാന്തര ഏജൻസികൾക്കാണു ലഭിച്ചതെന്ന് എൻ.ഐ.എ കണ്ടെത്തി. വിദേശപണത്തിൽ 96 കോടി രൂപയും ഈ തീവ്രവാദ സംഘടനയുടെ അനുബന്ധ ഏജൻസികൾക്കാണ് ലഭിച്ചത്. രാജ്യത്തെ പലഭാഗങ്ങളിലേക്കും ഈ പണം കൈമാറ്റം ചെയ്യപ്പെട്ടതു സംബന്ധിച്ച തെളിവുകളും എൻഐഎ ശേഖരിച്ചിട്ടുണ്ട്.

നേരത്തെ ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽനടന്ന തീവ്രവാദി ആക്രമണങ്ങളിൽ കേരളത്തിൽനിന്നും സാമ്പത്തിക സഹായം ലഭ്യമായിരുന്നതായി വ്യക്തമായിരുന്നു. പണമെത്തിയ സന്നദ്ധ സംഘടനകളിൽ പലതും കടലാസു സംഘടനകൾ മാത്രമാണെന്നാണ് എൻ.ഐ.എക്കു ലഭിച്ചിരിക്കുന്ന വിവരം.

ഐ.എസ് റിക്രൂട്ടുമായും കശ്മീർ റിക്രൂട്ടുമായും ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള ഈ സംഘടനയുടെ പ്രധാന പ്രവർത്തകർ മലബാർ മേഖലയിൽ വ്യാപകമായി സ്ഥലങ്ങളും കെട്ടിടങ്ങളും സ്വന്തമാക്കിയതായി എൻ.ഐ.എ ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് ഇത്തരത്തിൽ സ്ഥലങ്ങളും കെട്ടിടങ്ങളും സ്വന്തമാക്കിയിരിക്കുന്നത്.

നോട്ടു നിരോധനത്തിനു മുൻപുനടന്ന പലപ്രധാന റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളും ഇത്തരത്തിലുള്ള പണമുപയോഗിച്ചാണെന്ന സംശയം ബലപ്പെടുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെ ആതുര,സാമൂഹികസേവന പ്രവർത്തനങ്ങളിലും ഇത്തരം സംഘടനകളുടെ പ്രവർത്തകർ സക്രിയമായിരുന്നു. ഇതിന്റെ മറവിലാണ് ഖത്തർ പണം സ്വീകരിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.

അതേസമയം ഇത്തരം പ്രവർത്തനങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സഹായം ലഭിച്ചിരുന്നതായും എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സമുദായ ചാരിറ്റബൾ സംഘടനകളിൽ അംഗങ്ങളായ സർക്കാർ ജീവനക്കാരെക്കുറിച്ച് എൻ.ഐ.എ വിവരങ്ങൾ തേടിയിട്ടുണ്ട്.

2011 മുതൽ 2016 വരെയുള്ള കണക്കാണ് ഐബി ശേഖരിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പണമെത്തിയത്. 44 കോടി രൂപ. മലപ്പുറത്ത് 42 കോടിയും. പണം ചെലവഴിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

മലബാർ ജില്ലകളിൽ 437 എൻജിഒകൾക്ക് വിദേശ പണം സ്വീകരിക്കാനുള്ള അനുമതിയുണ്ട്. കോഴിക്കോട് സലഫി ചാരിറ്റബിൾ ട്രസ്റ്റ്, മലപ്പുറം ഇസ്ലാമിക് മിഷൻ ട്രസ്റ്റ് എന്നിവയുൾപ്പെടെ ഒൻപത് എൻജിഒകൾക്കാണ് ഖത്തറിൽനിന്നും പണം ലഭിച്ചത്. ഖത്തറിലെ സർക്കാർ വകുപ്പുകൾ, ഖത്തർ ചാരിറ്റി, ഹസാൻ ഗ്രൂപ്പ് തുടങ്ങിയവയാണ് കേരളത്തിലെ എൻജിഒകൾക്കു പണം നൽകിയ പ്രധാന സംഘടനകൾ.

വിദ്യാഭ്യാസ മേഖലയിലുൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനത്തിന് വിവിധ മുസ്ലിം രാജ്യങ്ങളും വിദേശ സംഘടനകളും എൻജിഒകൾക്ക് സംഭാവനകൾ നൽകുന്നുണ്ട്. നിയമപരമായാണ് പണം ലഭിച്ചതെങ്കിലും ഖത്തറിന്റെ ഭീകരവാദ ബന്ധവും കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റിലെ വളർച്ചയും പരിഗണിച്ചാണ് വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എൻജിഒകൾ സമർപ്പിച്ച എഫ്‌സിആർഎ റിട്ടേണുകൾ എൻഫോഴ്സ്മെന്റും പരിശോധിക്കുന്നുണ്ട്. ഇതിനിടെയാണ് എൻഐഎ അന്വേഷണം ആരംഭിച്ചത്. രഹസ്യാന്വേഷണ വിഭാഗവും ഈ എൻജിഒകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭീകര സംഘടനകളെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് അറബ് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ഇതിനിടെയാണ് കേരളത്തിലേക്കു കോടികൾ ഒഴുകിയെന്ന കണക്ക് പുറത്തു വന്നതും. അടുത്തിടെ ഏറ്റവുമധികെ യുവാക്കൾ ഐസിസിൽ ചേർന്നതു കേരളത്തിൽനിന്നാണ്. ഈ സാഹചര്യത്തിലാണ് സന്നദ്ധ പ്രവർത്തനങ്ങൾക്കു നൽകിയ പണം വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത്. ജൂൺ ഏഴിന് ഇന്ത്യൻ എക്സ്‌പ്രസ് പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ഇന്റലിജൻസ് ബ്യൂറോ വിശദമായ കണക്കുകൾ ശേഖരിച്ചത്.

ഇതിനിടെ ഐഎസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തിൽ 55 പേർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. മലബാർ ജില്ലകളിലാണ് ഐഎസ് പ്രവർത്തനം ശക്തമാക്കിയിരിക്കുന്നത്. വ്യാജപാസ്‌പോർട്ടിൽ പിടിയിലായി തുർക്കിയിൽനിന്നും നാടുകടത്തപ്പെട്ട ഐഎസ് ഭീകരൻ കണ്ണൂർ സ്വദേശി ഷാജഹാൻ വെള്ളുവക്കണ്ടിയെ ഡൽഹി പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് കേരളത്തിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.