അങ്കമാലി:അങ്കമാലി -മൂക്കന്നൂർ -ആതിരപ്പിള്ളി റൂട്ടിൽ താബോറിന് സമീപം ഇന്നലെ പുലർച്ചെമുതലാണ് നാട്ടുകാർ കരിങ്കല്ല് കയറ്റിയെത്തിയ ടിപ്പറുകൾ തടഞ്ഞത്.എട്ടുമണിയായപ്പോഴേക്കും അങ്കമാലി സി ഐ മുഹമ്മദ് റിയാസിന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ക്വാറിമാഫിയുടെ ഇടപെടൽ പ്രകാരം അവരെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പാറമടകളിൽ പാറകൾ പൊട്ടിക്കുന്നതും അനയതന്ത്രിതമായി അമിതവേഗതയിൽ അധിക ലോഡുമായി പോകുന്നതും കരിങ്കല്ലിന് അമിത വില ഈടാക്കുന്നതുമാണ് നാട്ടുകാർ വാഹനങ്ങൾ തടയുന്നതിന് കാരണമായത്.

ലൈസൻസ് ഉണ്ടെന്ന കാരണത്താൽ എന്തും ചെയ്യാമെന്ന ധാരണയിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തിയുള്ള പാറഖനനത്തിനെതിരെയാണ് പ്രധാനമായും നാട്ടുകാരുടെ പ്രതിഷേധം.അഞ്ചും ആറും ജെ സി ബികളും അത്രതന്നെ ജാക്കമറുകളും ഉപയോഗിച്ചാണ് മൂക്കന്നുരിലെ ഒരോ പാറമടകളിലും പാറഖനനം നടക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ദിവസം തോറും മുന്നൂറിലധികം ഇലട്രിക് കേപ്പുകളും പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നുണ്ടെന്നും അറുന്നുറിലധികം ലോഡുകൾ ഒരോ പാറമടയിൽ നിന്നും പ്രതിദിനം വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.

ഇത് പ്രദ്ദേശത്ത് ഗുരുതരമായ പാരിസ്ഥിതി പ്രശ്‌നങ്ങളുയർത്തുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.പാറമടകളിൽ നിന്നും പുലർച്ചെ അഞ്ച് മുതൽ ലോഡുമായി ഡിപ്പറുകളും ടോറസുകളും ചീറിപ്പായുന്നത് കാൽനടക്കാർക്കും ഇതര വാഹനയാത്രക്കാർക്കും ഭീഷിണിയായിട്ടുണ്ട്.

ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുള്ള പാറമടകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആരെങ്കിലും പരാതി നൽകിയാൽ ക്വാറിമാഫിയ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

റവന്യൂവകുപ്പ് അധികൃതരും പൊലീസും പ്രദേശിക രാഷ്ട്രീയ നേതൃത്വങ്ങളും ഒത്താശചെയ്യുന്നതിനാൽ എന്തും ചെയ്യാമെന്ന ഹുങ്കോടൊണ് ക്വാറിമാഫിയയുടെ ഇവിടുത്തെ പ്രവർത്തനമെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.

ആരെയും പേടിക്കാതെ നിർബാധം പ്രകൃതിയെ ചൂക്ഷണം ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇക്കൂട്ടർ നടത്തി വരുന്നത്.രൂക്ഷമായ പൊടിപടലങ്ങൾ കൊണ്ടും ശക്തമായ ചൂടുമൂലം പ്രദേശത്ത് താമസിക്കുവാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കുകയാണെന്നാണ് പാറമടകൾക്ക് സമീപം കഴിയുന്നവരുടെ വെളിപ്പെടുത്തൽ.

പ്രദേശമാകെ അഗാത ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ് .ജിയോളജി - പരിസ്ഥതി വകുപ്പുകളുടെ അനുമതിപത്രവും എസ്‌പ്ലോസീവ് ലൈസൻസും പഞ്ചായത്ത് -വില്ലേജ് അനുമതിയും മറ്റും ഇക്കൂട്ടർ സ്വന്തമാക്കുന്നത് സാമ്പത്തീ-രാഷ്ട്രീയ ഇടപെടലുകളിലൂടെയാണെന്നത് പരസ്യമായ രഹസ്യമാണെന്നാണ് നാട്ടുകാരുടെ പക്ഷം.