ഇടുക്കി: സുഖശീതളമായ കാലാവസ്ഥയും സ്വച്ഛമായ അന്തരീക്ഷവും കാനനത്തിന്റെ വശ്യമനോഹാരിതയും മനം കുളിർപ്പിക്കുന്ന ഇടുക്കി ജില്ലാ ആസ്ഥാനമായ കുയിലിമലയിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്നത് ഒരു 'ഗസറ്റഡ് തട്ടിപ്പി'ന്റെ കഥയാണ്. സർക്കാർ ജീവനക്കാരിലെ താഴേക്കിടയിലുള്ള പാവപ്പെട്ടവർക്കുള്ള വാസകേന്ദ്രം ഗൂഢനീക്കത്തിലൂടെ തട്ടിയെടുത്ത ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ചീഞ്ഞ കളികളുടെ കഥയാണ് 'ഗസറ്റഡ് തട്ടിപ്പെ'ന്ന പേരിൽ പ്രചരിക്കുന്നത്. ഇടുക്കി എൻജിനീയറിങ് കോളജിലെ എൻ. ജി. ഒമാർക്കായി പണിത ഫഌറ്റുകളുടെ അവകാശം ഉയർന്ന ജീവനക്കാർ കയ്യടക്കിയതാണ് സംഭവം. ഫഌറ്റ് ലഭിക്കാൻ കാത്തിരുന്ന അർഹരായ താഴേക്കിടയിലെ ജീവനക്കാർ 'കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയ'തിന്റെ നിരാശയിലും പെരുവഴിയിലുമായി.

എൻജിനീയറിങ് കോളജിലെ എൺപതോളം വരുന്ന നോൺ ഗസറ്റഡ് ജീവനക്കാർക്കായി 2010-ൽ നിർമ്മാണാനുമതി ലഭിച്ച മൂന്നു കോടിയിലധികം രൂപ നിർമ്മാണ ചെലവുള്ള ഫഌറ്റുകളുടെ ഉടമസ്ഥാവകാശമാണ് പണി പൂർത്തിയായപ്പോൽ ഗസറ്റഡ് ഓഫീസർമാർ തങ്ങളുടേതാക്കിയത്. ഇതോടെ താമസിക്കാൻ സൗകര്യം പ്രതീക്ഷിച്ചു കാത്തിരുന്ന 34 നോൺ ഗസറ്റഡ് ജീവനക്കാരുടെ സ്വപ്‌നങ്ങളാണ് തകർന്നത്. 132 ജീവനക്കാരാണ് കോളജിലുള്ളത്. ക്വാർട്ടേഴ്‌സുകളുടെ ലഭ്യതക്കുറവുമൂലം ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം സർക്കാർ ജീവനക്കാരും വാടക വീടുകളെയാണ് അഭയം പ്രാപിക്കുന്നത്. വനമേഖല ആയതിനാൽ ജില്ലാ ആസ്ഥാനത്ത് സ്വകാര്യവ്യക്തികളുടെ വീടുകളും വാടകക്കെട്ടിടങ്ങളും വളരെ കുറവാണ്. ഇതുമൂലം തൊടുപുഴ, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലാണ് മിക്കവരും വാടക വീടുകൾ തരപ്പെടുത്തി താമസിക്കുന്നത്. അമിതവാടകയാണ് ഇവർ ഈടാക്കുന്നത്. വാടകവീടുകളിലെത്തണമെങ്കിൽ പോലും പലർക്കും ഒരു മണിക്കൂറിലേറെ യാത്ര ചെയ്യുകയും വേണം.

എൻജിനീയറിങ് കോളജിലെ നോൺ ഗസറ്റഡ് ജീവനക്കാർക്കായി 299.99 ലക്ഷം രൂപ ചെലവിൽ എൻ. ജി. ഒ ക്വാർട്ടേഴ്‌സ് നിർമ്മിക്കാൻ 2010-ൽ സർക്കാർ ഉത്തരവ് നൽകി. ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പി. ഡബ്ല്യൂ. ഡിയാണ് പണി നടത്തിയത്. മൂന്ന് കെട്ടിടങ്ങളിലായി 18 ഫഌറ്റുകളാണ് പണിയാൻ അനുമതിയായത്. ഫണ്ട് അനുവദിച്ചു പണി തുടങ്ങിയപ്പോഴാണ് ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് 'കത്തി'യത്, ഫഌറ്റുകളിലെ താമസം വിനോദസഞ്ചാര കേന്ദ്രങ്ങളുടേതിനു സമാനമാകുമെന്ന്. ഗസറ്റഡ് ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്നത് ഡി ടൈപ്പ് ക്വാർട്ടേഴ്‌സാണ്. മൂന്നു ബെഡുകളോടു കൂടിയ വലിയ ഒറ്റവീടുകളാണ് ഇവ. എന്നാൽ വഴിയരുകിൽ കോളനികൾ പോലെ അടുത്തടുത്ത താമസം അത്ര സുഖകരമല്ലെന്നു ബോധ്യമായ ചിലർ ഫഌറ്റുകൾ തങ്ങളുടേതാക്കാൻ നിർമ്മാണകാലത്തു ചരടുവലിച്ചത് അധികമാർക്കും മനസിലായില്ല. എൻ. ജി. ഒ ക്വാർട്ടേഴ്‌സിനു ടൈപ്പ് 2 ആണ് അനുവദിക്കുന്നത്. 70 ചതുരശ്ര മീറ്ററിൽ താഴെയുള്ള രണ്ടു ബെഡ്്‌റൂം സൗകര്യമാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.

ഇതുമനസിലാക്കിയ ഗസറ്റഡ് ജീവനക്കാരുടെ മേലാളന്മാരിൽ ചിലർ നിർമ്മാണഘട്ടത്തിൽ ഇടപെടുകയും പൊതുമരാമത്ത് വകുപ്പിന്റെ പ്ലാനിൽ മാറ്റങ്ങൾ വരുത്തിക്കുകയുമായിരുന്നു. അങ്ങനെ ഫഌറ്റുകൾ പൂർത്തിയായപ്പോൾ അവയുടെ വിസ്തീർണം 72 ചതുരശ്ര മീറ്ററായി. നിശ്ചിതഅളവിനേക്കാൾ രണ്ടുചതുരശ്ര മീറ്റർ കൂടുതൽ. ഇതിനു പിന്നാലെ കോളജിലെ ഗവേണിങ് ബോഡി ചേർന്ന് ഫഌറ്റുകളുടെ വലിപ്പം ടൈപ്പ് 2 വിനേക്കാൾ കൂടുതലായതിനാൽ എൻ. ജി ഒമാർക്ക് നൽകാനാവില്ലെന്നു തീരുമാനിച്ചതോടെയാണ് ഇക്കൂട്ടരുടെ ഇടപെടലുകൾ സംസാരവിഷയമായത്. ടൈപ്പ് 2 അല്ലെങ്കിലും മൂന്നു ബെഡ് റൂമുകൾ ഇല്ലാത്തതിനാൽ ഫഌറ്റുകളെ അടുത്ത ഗണത്തിൽ ചേർക്കാനുമാകില്ലെന്നു വന്നു. ഇതോടെ ഫഌറ്റ് അനുവദിക്കുന്നതിന് മാനദണ്ഡം നിശ്ചയിച്ചു.

അടിസ്ഥാന ശമ്പളം 13210 രൂപയിൽ അധികമുള്ളവർക്കു മാത്രമേ ഫഌറ്റ് അനുവദിക്കാനാകൂവെന്നാണ് തീരുമാനിച്ചത്. കുട്ടികളും ജീവിത പങ്കാളിയും സ്വന്തം വീടുമൊക്കെ പലയിടത്തായി ചിതറിക്കിടക്കുന്ന ഗ്രേഡ് നാല് ജീവനക്കാരും എൽ. ഡി ക്ലർക്കുമാണ് ഈ കെണിയിൽ വെട്ടിലായത്. ഫഌറ്റിൽ സകുടുംബം താമസിച്ചു ജോലി ചെയ്യാമെന്നു കരുതി 34 എൻ. ജി. ഒ മാരാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഇവരുടെ സ്വപ്നമായിരുന്ന താമസസ്ഥലം വെട്ടിപ്പിടിക്കാൻ തീരുമാനിച്ച ഗവേണിങ് ബോഡിയിലെ ഗസറ്റഡ് റാങ്കുകാർക്കു ലഭിക്കുന്ന ശമ്പളം ലക്ഷവും അതിനു മുകളിലുമാണ്. എൻ. ജി ക്വാർട്ടേഴ്‌സ് നോൺ ഗസറ്റഡ് വാസകേന്ദ്രമാക്കിയ ബുദ്ധിക്കു പിന്നിൽ ഒരു കമ്പ്യൂട്ടർ അദ്ധ്യാപകനാണത്രേ. ഇയാളാണ് സൂപ്പർ പ്രിൻസിപ്പൽ എന്നും പറയുന്നു. എന്തായാലും വർഗബോധത്തിൽ ഒട്ടും പിന്നിലല്ലാത്ത നോൺ ഗസറ്റഡ് ജീവനക്കാർ സംഘടിച്ചു തുടങ്ങിയതായാണ് കേൾവി.