- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിട്ടിയറം മല ഇടിച്ചുനിരത്താൻ ജെസിബികൾ റെഡി; സമീപത്ത് പാതി ഇടിച്ച മലയിൽ ഉരുൾപൊട്ടിയിട്ടും പിന്മാറാതെ ക്വാറി മാഫിയ; മല സംരക്ഷിക്കാൻ നാട്ടുകാർ രംഗത്ത്
തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ തെക്കൻ പ്രദേശത്തെ കാർഷിക ഗ്രാമമായ കുന്നത്തുകാൽ പഞ്ചായത്തിലെ മണൽവാരി പ്രദേശത്തെ നീലിപ്പാറയും കാവും ശാസ്താക്ഷേത്രവും സ്ഥിതിചെയ്യുന്ന വിട്ടിയറ മല തുടച്ചുനീക്കാൻ ക്വാറിമാഫിയ രംഗത്ത്. മലപൊളിച്ചുമാറ്റാൻ ജെസിബിയും മറ്റുപകരണങ്ങളും സ്ഥലത്തെത്തിയതോടെ ആശങ്കയിലാണ് ഇവിടത്തെ നാട്ടുകാർ. വിട്ടിയറ മലയെ സംരക്ഷിക്കാൻ ജനകീയ കൂട്ടായ്മ രൂപീകരിച്ച് സമരപാതയിലാണ് ഇവിടത്തെ ജനങ്ങൾ.
വിട്ടിയറ മല തച്ചുടച്ചാൽ കുന്നിൻ ചരുവിൽ താമസമാക്കിവരുന്ന നൂറ്റി അമ്പതോളം കുടുംബങ്ങൾ വഴിയാധാരമാകും. നിർധനരായ അവരുടെ വീടുകൾക്കും ഭീഷണിയാണ് മലയിടിക്കൽ. വിട്ടിയറ മല ഇടിക്കലിന്റെ ദുരന്തഫലം നേരിട്ടും അല്ലാതെയും അനുഭവിക്കേണ്ടിവരുന്ന നിരവധിപേരാണ് സമരരംഗത്തുള്ളത്. വിഴിഞ്ഞം തുറമുഖനിർമ്മാണത്തിന് വേണ്ടി കരിങ്കല്ലുകൾക്കും മണ്ണിനും വേണ്ടിയാണ് മല ഇടിക്കുന്നതെന്നാണ് അവർ വിശദീകരിക്കുന്നത്.
വിട്ടിയറം മലയ്ക്ക് സമീപമുള്ള ശാസ്താംപാറയിൽ ഇക്കഴിഞ്ഞ തുടർമഴയിൽ ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും അവിടെയെത്തിയ ജില്ലാ കളക്ടറും സംഘവും വൻദുരന്തത്തിനുള്ള സാധ്യത മുന്നിൽകണ്ട് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ സ്ഥലത്തെ ജില്ലാ കളക്ടർ ദുരന്തബാധിതമേഖലയായി പ്രഖ്യാപിക്കുകയും സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിൽ അവിടെ പ്രവർത്തിച്ചിരുന്ന ടാർ മിക്സിങ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്‌പ്പിക്കുകയും ചെയ്തിരുന്നു.
ശാസ്താംപാറയ്ക്ക് തൊട്ടടുത്തായി അതേ വലിപ്പവും ഉയരവുമുള്ള മറ്റൊരു മലയാണ് വിട്ടിയറം. ഖനനത്തിന് സർക്കാർ അനുമതി നൽകിയാൽ ഇവിടേയ്ക്ക് വൻദുരന്തങ്ങൾ വിളിച്ചുവരുത്തുന്നതിന് തുല്യമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. മലസംരക്ഷണത്തിനായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും നാട്ടുകാരും ചേർന്ന് ജനകീയവേദി രൂപീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ