തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽപ്പെട്ട മന്ത്രി ഇ.പി.ജയരാജനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും. ത്വരിതപരിശോധന വേണോ, മറ്റേതെങ്കിലും തരത്തിലുള്ള പ്രാഥമിക അന്വേഷണം വേണോയെന്ന കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്നാണു സൂചന. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്. വിജിലൻസ് ലീഗൽ അഡ്വൈസർ വി.അഗസ്റ്റിനോടാണ് വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസ് ഉപദേശം തേടിയത്. ത്വരിതപരിശോധനയ്ക്കുള്ള സാധ്യത ഉൾപ്പെടെ ആരാഞ്ഞു. മറുപടി മറ്റന്നാൾ നൽകുമെന്നാണു വിവരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് വി.മുരളീധരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

മുൻ മന്ത്രി കെ.എം.മാണിയെ കുടുക്കിയ ലളിതകുമാരി കേസിലെ സുപ്രീം കോടതി ഉത്തരവാണ് ഇപ്പോൾ ഇ.പി.ജയരാജനും ബാധകമായി വരുന്നത്. ഒരു പരാതി ലഭിച്ചാൽ പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെട്ടാൽ കേസ് എടുക്കണമെന്നും അല്ലെങ്കിൽ പ്രാഥമിക അന്വേഷണം നടത്തി 42 ദിവസത്തിനകം തുടർനടപടി വേണമെന്നുമാണു ആ കേസിൽ സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. സംഭവം ഗൗരവമായി കാണുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും വിഎസും പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ ഏതു പരാതിയിലും അന്വേഷണം നടത്തുന്ന വിജിലൻസ് ഡയറക്ടർ ഡോ.ജേക്കബ് തോമസിനും കാര്യങ്ങൾ എളുപ്പമാണ്.

കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാരെ നിശ്ചയിച്ച തീരുമാനമായിരുന്നു ആദ്യം വിവാദം സൃഷ്ടിച്ചത്. ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യയെ കണ്ണൂർ ക്ലേ ആൻഡ് സെറാമിക്‌സിൽ ജനറൽ മാനേജരായും മുന്മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ചെറുമകനെ കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിന്റെ എംഡിയായും നിയമിച്ചതു വിവാദമായിരുന്നു. അവധി ദിനങ്ങളായതിനാൽ ഇതുവരെ ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണ ഉത്തരവിട്ടിട്ടില്ല.

വിവാദനിയമനത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ ജയരാജനെ പ്രതിയാക്കി വിജിലൻസിനു കേസ് എടുക്കേണ്ടി വരും. നിയമന ഉത്തരവു റദ്ദാക്കി തടിയൂരാൻ സർക്കാരും വ്യവസായ വകുപ്പും നടപടിയെടുത്തെങ്കിലും നടത്തിയ ക്രമക്കേട് ഇല്ലാതാകുന്നില്ല. അതിനാൽ കേസ് നടപടിയുമായി അന്വേഷണ സംഘത്തിനു തുടർന്നും മുന്നോട്ടുപോകേണ്ടി വരും. ഇതിനു സർക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ അനുമതി ആവശ്യമില്ല.

ജയരാജൻ അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം എന്നിവ നടത്തിയോ എന്നു കണ്ടെത്താൻ ലോകായുക്തയ്ക്കും അന്വേഷണം നടത്താൻ കഴിയും. പ്രാഥമികാന്വേഷണം വിജിലൻസ് നടത്തിയില്ലെങ്കിൽ ആരെങ്കിലും കോടതിയെ സമീപിച്ച് അന്വേഷണ ഉത്തരവു നേടിയാൽ അതു സർക്കാരിനു കൂടുതൽ ക്ഷീണമാകും. അതിനാൽ നാളെത്തന്നെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുമെന്നാണു സൂചന.