- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥിയാകാനുള്ള താത്പര്യം ആർഎസ്എസിനെ അറിയിച്ചിരുന്നു; ആർഎസ്എസുകാരല്ലാത്തവരും ഓർഗനൈസർ പത്രാധിപരാകാറുണ്ടെന്ന് പറഞ്ഞ ഗോപാലൻ കുട്ടി മാസ്റ്ററുടെ പ്രായാധിക്യത്തെയും പദവിയെയും മാനിച്ച് മറ്റൊന്നും പറയുന്നില്ല; സിപിഎം-ബിജെപി ഡീൽ എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു എന്നും ആർ.ബാലശങ്കർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം ഡീൽ ഉണ്ടെന്ന ഓർഗനൈസർ മുൻ പത്രാധിപർ ആർ.ബാലശങ്കറിന്റെ ആരോപണം മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ബാലശങ്കറിന്റെ ഒപ്പമല്ല തങ്ങളെന്ന് സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. തന്റെ ഓർഗനൈസർ പാരമ്പര്യത്തേയും ആർഎസ്എസ് ബന്ധത്തെയും ആർഎസ്എസ് പ്രാന്തകാര്യവാഹക് ഗോപാലൻ കുട്ടി മാസ്റ്റർ കുറച്ചുകണ്ടത് ബാലശങ്കറിനെ പ്രകോപിതനാക്കി.
പ്രായാധിക്യവും പദവിയും മാനിച്ച് മറ്റൊന്നും പറയുന്നില്ലെന്ന് ബാലശങ്കർ പ്രതികരിച്ചു. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎം-ബിജെപി ഡീൽ എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. ആർഎസ്എസുകാർ അല്ലാത്തവരും ഓർഗനൈസറിന്റെ പത്രാധിപരാകുമെന്ന ഗോപാലൻകുട്ടി മാസ്റ്ററുടെ ആരോപണത്തോടും ബാലശങ്കർ പ്രതികരിച്ചു. അദ്ദേഹം ഓർഗനൈസർ വായിക്കാറില്ലായിരിക്കാം. ആർഎസ്എസിലെ ഉന്നത നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് ഓർഗനൈസർ പത്രാധിപരായതെന്നും ബാലശങ്കർ വ്യക്തമാക്കി.
സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ഡൽഹിയിൽ നിന്ന് ബിജെപി നേതൃത്വമാണ്. അവർ അറിഞ്ഞിട്ടുണ്ടെങ്കിൽ പട്ടികയിൽ പേരുണ്ടാകും. പിന്നീട് ഇവിടെ വന്ന് പ്രതികരിക്കുന്നതിൽ അർഥമില്ല. ബാലശങ്കർ പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും കൂടുതൽ പ്രതികരണം ബുദ്ധിമുട്ടുണ്ടാക്കുമെന്നും ആർഎസ്എസ് പ്രാന്തകാര്യവാഹക് ഗോപാലൻ കുട്ടി മാസ്റ്റർ പറഞ്ഞിരുന്നു. ബാലശങ്കറിനെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തെക്കുറിച്ചൊന്നും അറിയില്ലെന്നും വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നിശ്ചയിക്കുന്ന സ്ഥാനാർത്ഥി തന്നെയാണ് ആർഎസ്എസിന്റേതും. ബാലശങ്കർ പറഞ്ഞത് ആരും ശ്രദ്ധിക്കാൻ പോകുന്നില്ല. ബാലശങ്കർ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്ന കാര്യം സംഘത്തെ അറിയിച്ചിരുന്നില്ല, സ്ഥാനാർത്ഥികളെ ബിജെപി ആണ് നിശ്ചയിക്കുന്നത്. അതാണ് നമ്മുടെ സ്ഥാനാർത്ഥി. ഇത്തരം ചർച്ചകളൊന്നും എവിടേയും നടന്നിട്ടില്ല. ബിജെപി ആണ് മത്സരിക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാൻ അവർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആർഎസ്എസുമായി ചർച്ച നടത്തിയിട്ടില്ലെന്ന ഗോപാലൻകുട്ടിയുടെ ആരോപണം ബാലശങ്കർ പൂർണമായി തള്ളിക്കളഞ്ഞു. ആർഎസ്എസ് കാര്യാലയത്തിലെത്തി മുതിർന്ന നേതാക്കളോട് സംസാരിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയാകാനുള്ള താത്പര്യം അവരെ അറിയിച്ചിരുന്നു. അത് സംഘത്തിലാരും അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാൽ അത്ഭുതപ്പെടാൻ മാത്രമേ സാധിക്കൂ. ഗോപാലൻകുട്ടി മാസ്റ്ററെ താൻ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തിൽ അറിവില്ലാത്തതുകൊണ്ടായിരിക്കാം അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചതെന്നും ബാലശങ്കർ പറഞ്ഞു.
കേന്ദ്ര എച്ച്ആർഡി മന്ത്രാലയത്തിൽ മുരളീ മനോഹർ ജോഷിയുടെ ഉപദേശകനായി ഇരിക്കുന്ന കാലത്ത് ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ഉപദേശക പദവി രാജിവെച്ച് ഓർഗനൈസറിന്റെ പത്രാധിപരായി കയറുന്നത്. മോഹൻ ഭാഗവതിന്റെയും അന്തരിച്ച ശേഷാദ്രിയുടെയും അറിവോടെയാണ് ഓർഗനൈസർ പത്രാധിപരാകുന്നത്. ആർഎസ്എസുകാരല്ലാത്തവരും പത്രാധിപരാകാറുണ്ടെന്ന് പറഞ്ഞതിനോട് ആ വ്യക്തിയുടെ പ്രായാധിക്യത്തെയും വഹിക്കുന്ന പദവിയെയും മാനിച്ച് മറ്റൊന്നും പറയുന്നില്ല. അദ്ദേഹം ഓർഗനൈസർ വായിക്കില്ലായിരിക്കാം. മൽക്കാനിയും ശോഷാദ്രിയും ആർഎസ്എസുകാരല്ലെങ്കിൽ ബാലശങ്കറും ആർഎസ്എസുകാരനല്ല. അങ്ങനെ ആർഎസ്എസ്സുകാരനല്ലാത്ത ഒരാളെ 11 വർഷം ഓർഗനൈസറിന്റെ പത്രാധിപരായി കാത്തുസൂക്ഷിച്ച സംഘടനയ്ക്ക് ഇത്രയും വലിയ പാപ്പരത്തം എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ബാലശങ്കർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ