- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ.പൂർണിമ മോഹൻ നാലുഭാഷകൾ സംസാരിക്കും; ബഹുഭാഷാ പണ്ഡിത; കേരള സർവകലാശാല മലയാളം മഹാ നിഘണ്ടു വകുപ്പ് മേധാവിയായി നിയമിച്ച സംസ്‌കൃതം അദ്ധ്യാപികയ്ക്ക് യോഗ്യത ഉണ്ടെന്ന് മന്ത്രി ആർ.ബിന്ദു; കൂടുതൽ യോഗ്യതകളുള്ള ആളാണ് പൂർണിമ എന്നും ന്യായീകരിച്ച് മന്ത്രി
തിരുവനന്തപുരം: കേരള സർവകലാശാല മലയാളം മഹാ നിഘണ്ടു വകുപ്പ് മേധാവിയായി നിയമിച്ച ഡോ.പൂർണിമ മോഹന് യോഗ്യത ഉണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സർവ്വകലാശാല ഓർഡിനൻസ് മറികടന്ന് പൂർണിമ മോഹനനെ നിയമിച്ച കാര്യം തനിക്കറിയില്ല.
പൂർണിമയുടേത് സ്ഥിരം നിയമനമല്ലെന്നും മന്ത്രി പറഞ്ഞു. പൂർണിമ ബഹുഭാഷാ പണ്ഡിതയാണ്. ഒരുപാട് എഴുതുകയും വിവർത്തനങ്ങൾ ചെയ്യുകയും ചെയ്ത ആളാണ്. നാല് ഭാഷകൾ അവർ സംസാരിക്കും. ഡെപ്യൂട്ടേഷനിൽ താത്കാലികമായിട്ടാണ് അവരുടെ നിയമനം. ക്വാളിഫിക്കേഷൻ ഇല്ലാത്ത ആളല്ല കൂടുതൽ യോഗ്യതകളുള്ള ആളാണ് പൂർണിമയെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്റെ ഭാര്യ ഡോ പൂർണിമാ മോഹനന്റെ നിയമനമാണ് വിവാദത്തിലായിരിക്കുന്നത്. കാലടി സർവ്വകലാശാലയിലെ സംസ്‌കൃത വിഭാഗം അദ്ധ്യാപികയായ പൂർണിമാ മോഹനനെ മലയാള മഹാ നിഘണ്ടു വകുപ്പ് മേധാവിയാക്കിയത് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം.
അതേസമയം, സംസ്‌കൃത അദ്ധ്യാപികയെ മലയാളം മഹാനിഘണ്ടു മേധാവിയായി നിയമിക്കുന്നതിന് സർവകലാശാല ഓർഡിനൻസിലെ യോഗ്യതയോടൊപ്പം സംസ്‌കൃതം കൂട്ടി ചേർത്താണെന്ന പരാതിയിൽ കേരള സർവകലാശാല വിസിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച പരാതി ചാൻസിലർ കൂടിയായ ഗവർണർക്ക് നൽകിയത്.
മലയാളം മഹാനിഘണ്ടു (ലെക്സിക്കൺ) മേധാവി നിയമനത്തിനുള്ള യോഗ്യതകൾ തിരുത്തിയ വിജ്ഞാപനം പുറത്തുവന്നിരുന്നു. യോഗ്യതായി സംസ്‌കൃത ഗവേഷണ ബിരുദവും ചേർത്താണ് വിജ്ഞാപനം. മലയാളം ബിരുദാനന്തര ബിരുദം വേണ്ടതില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. വിജ്ഞാപനം സർവകലാശാല ഓർഡിനൻസിന് വിരുദ്ധമാണെന്നാണ് ആരോപണം.
മലയാളഭാഷയിൽ ഉന്നത പ്രാവീണ്യവും ഗവേഷണ ബിരുദവും, 10 വർഷത്തെ മലയാള അദ്ധ്യാപന പരിചയവുമാണ് മഹാനിഘണ്ടു എഡിറ്ററുടെ യോഗ്യതയായി മുമ്പ് നിശ്ചയിച്ചിരുന്നത്. ഈ യോഗ്യത പരിഷ്‌കരിച്ചാണ് പുതിയ നിയമനം നടത്തിയത്. നിയമനം കിട്ടിയത് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആർ. മോഹനന്റെ ഭാര്യയാണ് ഡോ. പൂർണിമ മോഹനൻ. സംസ്‌കൃതം അദ്ധ്യാപികയാണിവർ.
ചട്ടങ്ങൾ പാലിക്കാതെയുള്ള നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. യായ പൂർണിമ മോഹന് ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ ഇല്ലെന്നായിരുന്നു പരാതി. ലെക്സിക്കൺ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രൊഫസറെ ചുമതലയിൽനിന്ന് നീക്കിയാണ് വിവാദ നിയമനം. ഇക്കാര്യം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ആളിക്കത്തിയത്.
മലയാള പണ്ഡിതരായിരുന്ന ഡോ. ശൂരനാട് കുഞ്ഞൻപിള്ള, ഡോ. ആർ.ഇ. ബാലകൃഷ്ണൻ, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരൻനായർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന മലയാളം പ്രൊഫസർമാരെയാണ് ഇതുവരെ ലെക്സിക്കൺ എഡിറ്റർമാരായി നിയമിച്ചത്. മുതിർന്ന മലയാളം പ്രൊഫസർമാരെ ഒഴിവാക്കിയാണ് മറ്റൊരു ഭാഷയിൽ പ്രാവീണ്യമുള്ള വ്യക്തിക്ക് നിയമനം നൽകിയതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ആരോപിച്ചിരുന്നു. ഇതിനിടെയാണ് യോഗ്യതകൾ തിരുത്തി സർവകലാശാല വിജ്ഞാപനം പുറത്തുവന്നത്.
കാലടി സംസ്‌കൃത സർവകലാശാലയിലെ അദ്ധ്യാപികയായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമിക്കുന്നതു ലക്ഷ്യം വച്ചായിരുന്നു യോഗ്യത മാനദണ്ഡങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്തിയതെന്ന് വ്യക്തമാണെന്നാണ് ആരോപണം. ജനുവരി 28 ന് പുറപ്പെടുവിച്ച നിയമന വിജ്ഞാപനം പത്രങ്ങളിലോ യൂണിവേഴ്‌സിറ്റിയുടെ വകുപ്പുകളിലോ പ്രസിദ്ധീകരികാതിരുന്നത് ദുരൂഹമാണ്. സർവകലാശാല ഓർഡിനൻസിൽ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിൽ മാറ്റം വരുത്തുവാൻ സർവകലാശാല വിസി ക്കോ സിണ്ടിക്കേറ്റിനോ അധികാരമില്ലെന്ന് ശശികുമാറും പറയുന്നു.
മഹാ നിഘണ്ടു മേധാവിക്ക് മലയാള ഭാഷയിൽ ബിരുദാനന്തരബിരുദം അനിവാര്യമാണെന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് ആരോപണം. നിലവിലെ മറ്റ് യോഗ്യതകളോടൊപ്പം സംസ്‌കൃതം കൂട്ടിചേ ർത്തതാണെന്ന വാദം മുന്മന്ത്രി കെ.ടി.ജലീൽ വിവാദ ബന്ധു നിയമനത്തിന് നടത്തിയ വിജ്ഞാപനത്തിന് സമാനമാണെന്നും അഭിപ്രായം ഉയരുന്നു, യൂണിവേഴ്‌സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമായി ലക്‌സിക്കൺ മേധാവിയുടെ യോഗ്യതകൾ നിശ്ചയിച്ച് നിയമനം നടത്തിയ വൈസ് ചാൻസലറെ മാറ്റി നിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മഹാനിഘണ്ടു മേധാവി സ്ഥാനത്ത് നിന്ന് ഉടനടി നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണറോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് പെൻഷൻ പരിഷ്‌കരണം പോലും സർവകലാശാല നിർത്തിവച്ചിരിക്കുമ്പോഴാണ് പ്രതിമാസം രണ്ട് ലക്ഷം രൂപയുടെ അധികചെലവിൽ നിയമനം നടത്തുന്നതെന്ന ആക്ഷേപവുമുണ്ട്.