- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസർ സുനി ചിത്രങ്ങൾ പകർത്തി മൂന്ന് നടിമാരെ ബ്ലാക്‌മെയിൽ ചെയ്തു പണം വാങ്ങിയെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തൽ ഗൗരവതരം; ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥയായിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും ചോദ്യം; ബ്ലാക്‌മെയിൽ കേസിൽ പൾസർ സുനിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്യുമോ?
കൊച്ചി: മുൻ ഡിജിപി ആർ ശ്രീലേഖ തന്റെ യു ടൂബിൽ നടത്തിയ വെളിപ്പെടുത്തലുകൾ കേരളം സജീവമായി ചർച്ച ചെയ്യുന്നുണ്ട്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി പ്ൾസർ സുനിയെ കൊണ്ട് ദിലീപിനെ കുടുക്കിയെന്ന വിധത്തിലുള്ള ആരോപണങ്ങളാണ് അവർ ഉയർത്തിയത്. ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ഏറെ ഗൗരവതരമായുള്ളത് മൂന്ന് മലയാളം നടിമാരുടെ ചിത്രങ്ങൾ പകർത്തി പൾസർ സുനി ബ്ലാക്‌മെയിൽ ചെയ്തു എന്നതാണ്. ഇതേക്കുറിച്ച് മലയാളത്തിലെ തന്നെ നടിമാർ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ശ്രീലേഖ പറയുന്നത്. ഇതോടെ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മുമ്പ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തിയതും. ഇവിടെയും സമാനമായ മാതൃക വേണ്ടേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒരു വനിതാ ഉദ്യോഗസ്ഥ ആയിരുന്നിട്ടു കൂടി പൾസർ സുനിയുടെ ഗുരുതര കുറ്റകൃത്യത്തെ കുറിച്ച് ശ്രീലേഖ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും നിസ്സംഗത പാലിച്ചു എന്നുമാണ് ഇതോടെ ഉയരുന്ന ചോദ്യം. മലയാളം സിനിമ രംഗത്ത് പൾസർ സുനിയെ പോലുള്ള ക്രിമിനലുകൾ എങ്ങനെ കടന്നുകൂടിയെന്ന ചോദ്യവും ഉയരുന്നുണ്ട്.
കൊച്ചിയിലെ നടിയെ ആക്രമിച്ചതിന് സമാനമായ കുറ്റകൃത്യങ്ങൾ സുനി നേരത്തെയും ചെയ്തുവെന്ന ആരോപണം വളരെ ഗുരുതരമാണെന്നാണ് വിലയിരുത്തൽ. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് തനിക്ക് സിനിമമേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മൂന്ന് നടിമാർ പൾസർ സുനിയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ തന്റെ വ്‌ളോഗിൽ വെളിപ്പെടുത്തുന്നുണ്ട്.
വിശ്വാസ്യത പിടിച്ചുപറ്റി അടുത്തുകൂടി തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രീകരിച്ച് ഇയാൾ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവർ മാത്രമല്ല പലരും അതിന് ഇരയായിട്ടുണ്ട്. ഇത് കേട്ടപ്പോൾ ഞാൻ രൂക്ഷമായി ചോദിച്ചു, എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ല എന്ന്. കരിയർ തകരുമെന്ന ഭയത്തിലും കേസിന് പിറകേ നടക്കാനും മടിയായതുകൊണ്ടാണ് അവർ പരാതി നൽകാതിരുന്നത്. അവർ പണം നൽകി ഒത്തുതീർപ്പാക്കിയെന്നും പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നുമുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശം വിവാദമയതോടെ അന്വേഷണ സംഘവും പ്രോസിക്യൂഷനും ഞെട്ടലിലാണ്. ദിലീപിനെ വെള്ള പൂശാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതിനിടെ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
എന്നാൽ വിഷയം വിവാദമായപ്പോഴും ഇനി കൂടുതൽ സംസാരിക്കാനോ പരസ്യ പ്രതികരണത്തിനോ ഇല്ലെന്ന നിലപാടിലാണ് ആർ.ശ്രീലേഖ പറയുന്നത്. പറയേണ്ടതെല്ലാം തന്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞുവെന്നും ഇപ്പോൾ ഉണ്ടാക്കുന്ന വിവാദങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണെന്നും ശ്രീലേഖ വിശദീകരിക്കുന്നു. വിചാരണ നടപടികൾ അവസാനിച്ചതുകൊണ്ടും തന്റെ ചാനലിന്റെ 75 എപ്പിസോഡായതു കൊണ്ടുമാണ് ഈ വിഷയം തെരെഞ്ഞെടുത്തത്. പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാൻ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും ശ്രീലേഖ പ്രതികരിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് നിരപരാധിയാണെന്നു വെളിപ്പെടുത്തിയ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാനൊരുങ്ങി പൊലീസ്. പ്രോസിക്യൂഷൻ ഇതു സംബന്ധിച്ച് നിയമോപദേശം തേടി. കോടതി അനുമതിയോടെ ഇവരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി ഇന്നുതന്നെ വിചാരണക്കോടതിയെ സമീപിച്ചേക്കും. ഇന്നു സിറ്റിങ് ഇല്ലാത്ത സാഹചര്യത്തിൽ നാളെയായിരിക്കും അപേക്ഷ പരിഗണിക്കുക.
കേസിൽ, മുൻ ഡിജിപിയുടെ ഭാഗത്തുനിന്നു ഗുരുതര കോടതിയലക്ഷ്യം ഉണ്ടായതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ പ്രതിയായ ഒരാൾ കുറ്റക്കാരനല്ലെന്നു നേരത്തെ സർവീസിലുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ പറയുന്നത് കേസ് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്. ഇതു വിചാരണയെ ബാധിക്കുമെന്നു ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമീപിക്കുന്നത്.
നടൻ ദിലീപും പ്രതി പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനു പൊലീസിന്റെ പക്കലുള്ള ചിത്രം വ്യാജമായി ചമച്ചതാണെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തിയതായി ഇവർ പറയുന്നത് കേസിനെ ബാധിക്കും. ഇതു സംബന്ധിച്ച വസ്തുതകൾ ശേഖരിക്കുന്നതിനും എന്തു സാഹചര്യത്തിലാണ് ഈ കാര്യങ്ങളുടെ വെളിപ്പെടുത്തലെന്നും അറിയുന്നതിനാണ് ശ്രീലേഖയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഇവരുടെ വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്ന ഒരാൾ എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങൾ ഉയർത്തുന്നതെന്നും ഉദ്യോഗസ്ഥർ ചോദിക്കുന്നു. അതേസമയം, കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കി ഈ മാസം 15നകം റിപ്പോർട്ട് നൽകണമെന്നിരിക്കെയാണ് ഈ ആരോപണങ്ങൾ എന്നത് അന്വേഷണ സംഘത്തെ സമ്മർദത്തിലാക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ