ബെൽഫാസ്റ്റ്: അസഹിഷ്ണുതാ വിവാദമാണ് ഇന്ത്യയിൽ കൊടുമ്പിരി കൊണ്ടു നിൽക്കുന്നത്. ഭരിക്കുന്നവർക്ക് ഇഷ്ടപ്പെട്ടാത്ത രീതിയിൽ പ്രതികരിച്ചാൽ ഉടനെ പാക്കിസ്ഥാനിലേക്ക് പോകാൻ പറയുന്ന അസഹിഷ്ണുത ഒരു വശത്ത്. അനുഭവം തുറന്നെഴുതിയതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിക്കുന്ന അസഹിഷ്ണുത മറുവശത്ത്. ഇതിന്റെ പേരിലുള്ള സമൂഹ്യ മാദ്ധ്യമങ്ങളിലും മറ്റും വിവാദ കോലാഹലം അരങ്ങേറുമ്പോൾ അയർലണ്ടിൽ നിന്നും ഒരു നന്മയുടെ വാർത്ത പുറത്തുവരുന്നു.

ഒരു വിഭാഗം വംശീയവെറിയന്മാരുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്ന മലയാളി നഴ്‌സിന്റെ ആത്മവിശ്വാസം പകരാൻ വേണ്ടി  യുകെയിലെ വടക്കൻ അയർലണ്ട് സമൂഹം മുഴുവൻ ഒന്നിച്ചു രംഗത്തെത്തുന്ന കാഴ്‌ച്ചയാണ് കാണുന്നത്. സായിപ്പന്മാർക്കിടയിലെ വംശീയവാദികളുടെ വായടപ്പിക്കുന്ന വിധത്തിലാണ് ഇവിടുത്തെ സോഷ്യൽ മീഡിയ പ്രചരണം നടക്കുന്നത്. വടക്കൻ അയർലന്റിലെ ആൻഡ്രിമിൽ എന്ന സ്ഥലത്ത് ഒരു സംഘം വംശീയ വിരോധികളുടെ വിദ്വേഷത്തിന് ഇരയായി മലയാളി നേഴ്‌സ് സുബി ഫിലിപ്പിന് വേണ്ടിയാണ് വെള്ളക്കാർ ഒറ്റക്കെട്ടായി രംഗത്തുവന്നത്. വംശീയവാദികൾ അഗ്നിക്കിരയാക്കിയ കാറിന് പകരം കാർ വാങ്ങി നൽകാൻ അൻഡ്രിമിലെ ഒരു വെള്ളക്കാരൻ ആരംഭിച്ച ക്രൗഡ് ഫണ്ടിങ് ഒരു ദിവസം പിന്നിട്ടപ്പോൾ ലക്ഷ്യവും കവിഞ്ഞ് മുൻപോട്ട് പോകുകയാണ്.

5000 പൗണ്ട് (അഞ്ച് ലക്ഷത്തോളം രൂപ)ചോദിച്ചു ആരംഭിച്ച ഫണ്ടിങ് നിമിഷ നേരം കൊണ്ട് 6883 പൗണ്ടായി(ഏഴ് ലക്ഷം രൂപ)ഉയർന്നതോടെ കാമ്പെയിൻ അവസാനിപ്പിച്ചു സംഘാടകർ മടങ്ങുകയായിരുന്നു. ജോനാതൻ മക്കാർത്തി എന്ന വെള്ളക്കാരൻ വംശീയതയെ ചെറുത്തുതോൽപ്പിക്കാൻ വേണ്ടി ഈ കാമ്പെയിൻ തുടങ്ങിയത്. ഒരു മാസം കൊണ്ട് 5000 പൗണ്ട് ശേഖരിച്ചു നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ, രാജ്യത്ത് വംശീയതെ വച്ചുപൊറുപ്പിക്കില്ലെന്ന ലക്ഷ്യത്തോടെ സായിപ്പന്മാർ രംഗത്തു വരികയായിരുന്നു. ഇതോടെ ആദ്യ ദിവസം തന്നെ ലക്ഷ്യം കവിഞ്ഞു.

ഇതോടെ ഇനി ഫണ്ട് നൽകാൻ ആഗ്രഹിക്കുന്നവർ നോർത്തേൺ അയർലന്റ് കൗൺസിൽ ഫോർ എത്തിനിക് മിനിസ്ട്രീസിന് നൽകാൻ ആണ് ക്രൗഡ് ഫണ്ട് പേജിലെ നിർദ്ദേശിച്ചാണ് ഫണ്ട് ശേഖരണം ജോനാതൻ അവസാനിപ്പിച്ചത്. മലയാളികൾ കൈകോർക്കും മുൻപാണ് വെള്ളക്കാരായ അയൽക്കാർ ഒരുമിച്ചതും സുബിക്ക് പുതിയ കാർ വാങ്ങി നൽകിയതും. പിതാവിന്റെ സംസ്‌കാരത്തിനായി നാട്ടിൽ എത്തിയ ഭർത്താവ് ഷിജോ മടങ്ങി എത്തും മുൻപ് പുതിയ കാർ വീട്ടിൽ കൊണ്ട് നൽകുമെന്ന വാശിയിലാണ് നാട്ടുകാർ.

നിമിഷ നേരം കൊണ്ട് പണം നൽകി രംഗത്ത് വന്നത് 394 പേരാണ്. 269 പേരും പത്ത് പൗണ്ടോ അതിൽ കൂടുതലോ നൽകിയാണ് വംശീയതക്കെതിരായ ഐക്യദാർഡ്യത്തിൽ പങ്കെടുത്തത്. അതിൽ തന്നെ 104 പേർക്ക് 20 പൗണ്ട് വീതം നൽകി. രണ്ട് പേർ 100 പൗണ്ട് വീതം നൽകിയപ്പോൾ 13 പേർ 50 പൗണ്ട് വീതം നല്കി മാതൃക കാട്ടി. ഈ സംഭാവന നൽകിയവരിൽ എത്ര മലയാളികൾ ഉണ്ട് എന്ന് വ്യക്തമല്ല. പക്ഷെ വംശീയതയിൽ പേടിച്ചിരുന്ന മലയാളികൾക്ക് വലിയ ആശ്വാസമായി മാറുക ആയിരുന്നു ഇത്.

വടക്കൻ അയർലണ്ടിലെ ഒരു ചെറിയ ന്യൂനപക്ഷം വംശീയ വിരോദികളായ നാട്ടിൽ മനുഷ്യ സ്‌നേഹികളാണ് കൂടുതൽ എന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവം. ആൻഡ്രിമിൽ ഞങ്ങൾ ഒറ്റക്കല്ല, ഈ സമൂഹം മുഴുവൻ ഞങ്ങളോടൊപ്പമുണ്ട് എന്ന സൂചയാണ് ഈ സംഭവമെന്ന് അവടെ താമസിക്കുന്ന മലയാളിയായ തോമസ് മാത്യു പറയുന്നു. കാർ വാങ്ങി നല്കുന്നതിനേക്കാൾ ഉപരി ഇത് ഈ സമൂഹത്തിലെ ഒത്തൊരമയാണ് കാണിക്കുന്നതെന്ന സൂചന നല്കിയാണ് പലരും ഈ ക്യാമ്പെയ്ൻ പങ്കാളികളായിരിക്കുന്നത്. ഈ ക്യാമ്പെയ്‌നിലൂടെ വംശീയതക്കെതിരെയും ഇത്തരം അക്രമണം ഇനി ഉണ്ടാകാതിരിക്കട്ടെയെന്നും പ്രാർത്ഥിച്ച് കൊണ്ടും സുബിക്ക് ധൈര്യം നല്കിയിരിക്കുകയാണ് ഒരു സമൂഹം മുഴുവൻ.

സംഭവം നടന്നപ്പോൾ തന്നെ ബിബിസി അടക്കമുള്ള ചാനലുകളും പത്രങ്ങളും ഇതൊരു വലിയ സംഭവമായി തന്നെ എടുത്ത് റിപ്പോർട്ട് ചെയ്തിരുന്നു. നോർത്തേൺ അയർലണ്ടിലെ പ്രാദേശിക പത്രങ്ങളും ഉറച്ച നിലപാടാണ് എടുത്തത് രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ഇവിടുത്തെ സമൂഹം തങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറാറും ഇടപഴകാറുമുള്ളതെന്നും അതിനാൽ ഈ ആക്രമണം വളരെ ദുഃഖകരമാണെന്നും സുബി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇംഗ്ലീഷ് സമൂഹം തന്നെ മുൻകൈ എടുത്ത് ക്യാമ്പെയ്ൻ ആരംഭിച്ചത്.

വടക്കൻ അയർലണ്ടിലെ ആൻഡ്രിമിൽ താമസിക്കുന്ന മണിമല സ്വദേശിഷിജോ സൂബി ദമ്പതികളുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അക്രമകാരികൾ ആക്രമണം അഴിച്ച് വിട്ടത്. സുബിയുടെ ഭർത്താവ് ഷിജോ പിതാവിന്റെ സംസ്‌കാരത്തിന്റെ നാട്ടിൽ പോയ സമയത്തായിരുന്നു അക്രമണം.അതിരാവിലെ ഉറങ്ങി കിടക്കുമ്പോൾ വീടിന് ചിലർ തീയിടുക ആയിരുന്നു. അപകടത്തിൽ കുടുംബത്തിന്റെ കാർ പൂർണമായി കത്തി നശിച്ചു. ഭാര്യ സുബിയും രണ്ട് മക്കളും വീട്ടിൽ ഉള്ളപ്പോൾ ആയിരുന്നു അക്രണം. തീ കത്തുന്ന ശബ്ദം കേട്ട് എണീറ്റ സുബി മക്കളുമായി കതക് തുറന്ന് ഭാഗ്യം കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു.

ഇടയ്ക്കിടെ വംശീയ ആക്രമണം ഉണ്ടാകുന്ന ആൻഡ്രിമിൽ ഇത്തരം സംഭവ പരമ്പരയിലെ ഒടുവിലത്തെ ആണ് ഇന്നലെ ആൻഡ്രിം ഹോസ്പിറ്റലിലെ മലയാളി നഴ്‌സ് ആയ സുബി ഫിലിപിനു നേരിടേണ്ടി വന്നത്. കഴിഞ്ഞ 11 വർഷം ആയി ഈ ബെൽഫാസ്റ്റിലെ അന്ട്രിം എന്നാ സ്ഥലത്താണ് ഷിജോയും കുടുംബവും താമസിക്കുന്നത്. അവിടുത്തെ തന്നെ അന്ട്രിം കെയർ ഹോസ്പിറ്റലിൽ ആണ് സുബി ജോലി ചെയ്യുന്നത്. ആക്രമണത്തിൽ ഞെട്ടലിൽ നിന്നും സുബിയെയും മക്കളെയും മോചിതരാക്കാൻ ഉതകുന്നതാണ് ഇപ്പോഴത്തെ കാമ്പയിൻ. ഷാരൂഖ് ഖാനെ പോലുള്ള പ്രമുഖ വ്യക്തിത്വം പോലും അസഹിഷ്ണുതയെ കുറിച്ച് പരസ്യമായി പ്രതികരിച്ചപ്പോൾ രൂക്ഷമായ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇതിനിടെയാണ് സാധാരണക്കാരിയായ ഒരു മലയാളി നഴ്‌സിനോട് സായിപ്പന്മാർ കാണിച്ച സ്‌നേഹം ചർച്ചയാകുന്നത്.