ത്യാധുനിക റഡാർ സംവിധാനങ്ങളോടെ ജാഗ്വാറിന്റെ പുതിയ യുദ്ധ വിമാനങ്ങൾ വരുന്നു. അയിസാ റഡാർ കൂടാതെ 28 സെൻസറുകൾ സജീകരിക്കാനുള്ള സംവിധാനവും ഈ വിമാനങ്ങളിൽ കാണും. എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരുക്കുന്ന ജാഗ്വാർ ഡാറിൻ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ പടക്കുതിരയാകാനാണ് തയ്യാറെടുക്കുന്നത്. ഏകദേശം പത്ത് വർഷമെങ്കിലും ഈ വിമാനങ്ങൾ എയർഫോഴ്‌സിന് ഉപയോഗിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

യുദ്ധത്തിന് ആവശ്യമായ പല ഓപ്പറേഷനുകൾക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഈ വിമാനങ്ങൾക്ക് സാധിക്കും. അയിസാ(ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാന്ഡ് അറേ) റഡാർ സംവിധാനങ്ങളും സെൻസറുകളും വഹിച്ചുകൊണ്ടുള്ള പരിശീലന പറക്കൽ ബംഗലൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ നടന്നു.

ഇന്ത്യൻ എയർ ഫോഴ്‌സിന്റെ അഭിമാനം ഉയർത്തുന്ന തരത്തിലുള്ള കണ്ടുപിടിത്തമാണ് ജാഗ്വാർ ഡാറിൻ മൂന്നിലൂടെ നേടിയിരിക്കുന്നതെന്ന് എയർഫോഴ്‌സ് അധികൃതർ പറയുന്നു. ആധുനിക സൗകര്യങ്ങളായ മൾട്ടി ടാർജറ്റ് ട്രാക്കിങ് ഫ്രീക്വൻസി അജിലിറ്റി, ഉയർന്ന ബാൻഡ്വിഡ്ത്ത് ഓപ്പറേഷൻ, ഉയർന്ന സാങ്കേതിക തികവ് എന്നിവയാണ് ഈ യുദ്ധവിമാനങ്ങളുടെ പ്രത്യേകത.

കൂടാതെ ഫയർ കണ്ട്രോൾ റഡാർ, ദിശയറിയാനുള്ള സംവിധാനങ്ങൾ, ജിപിഎസ്, ഡിജിറ്റൽ വീഡിയോ റെക്കോഡിങ്, സ്മാർട്ട് മൾട്ടി ഫംഗ്ഷൻ ഡിസ്‌പ്ലെ റേഡിയെ ആൾട്ടീമീറ്റർ തുടങ്ങിയ സംവിധാനങ്ങളും വിമാനങ്ങളിൽ തയാറാക്കിയിട്ടുണ്ട്. ജാഗ്വാർ വിമാനങ്ങൾ വേണ്ട ടെസ്റ്റുകൾ നടത്തി ആവശ്യമായ മാറ്റങ്ങളും വരുത്തി 2016 നവംബറിൽ തന്നെ എയർഫോഴ്‌സ് അംഗീകാരം മൽകിയിരുന്നു.