തിരുവനന്തപുരം: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയത് റഫീഖ് മംഗലശേരി സംവിധാനം ചെയ്ത 'കിത്താബ്' എന്ന നാടകത്തിനായിരുന്നു. പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ 'വാങ്ക്'എന്ന കഥയെ ആസ്പദമാക്കി ആയിരുന്നു റഫീഖ് നാടകം സംവിധാനം ചെയ്തത്. പള്ളിയിൽ കയറി വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ പറഞ്ഞ ഈ നാടകത്തെ നിറഞ്ഞ കയ്യടികളോടെയാണ് സദസ് വരവേറ്റത്. ഈ നാടകത്തിന് ഒന്നാം സ്ഥാനം നൽകാൻ ജഡ്ജുമാർക്കും ഒട്ടും ആലോചിക്കേണ്ടി വന്നില്ല. എന്നാൽ നാടകത്തിന്റെ സമ്പൂർണ്ണ വിജയത്തിന് പിന്നാലെ വിവാദങ്ങളുടെ പെരുമഴയും സംവിധായകൻ റഫീഖ് മംഗലശേരിയെ തേടി എത്തി.

നാടകം ഇസ്ലാം മതവിശ്വാസത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് എസ്ഡിപിഐ കലോത്സവ വേദിയിലേക്ക് മാർച്ച് നടത്തി. ഇതിന് പിന്നാലെ തന്റെ അനുവാദം ചോദിക്കാതെയാണ് റഫീഖ് തന്റെ കഥ നാടകത്തിനായി ഉപയോഗിച്ചതെന്ന് വ്യക്തമാക്കി ഉണ്ണിയും രംഗത്തെത്തി. എന്നാൽ അനുവാദം ചോദിക്കാതെ കഥ ഉപയോഗിച്ചെന്ന തെറ്റിന് ഉണ്ണി ആർ എന്നെ ഇസ്ലാമിക തീവ്രവാദികൾക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്തതെന്ന് റഫീഖ് മംഗലശേരി മറയുന്നു. സ്വതന്ത്രമായ രീതിയിൽ ഉണ്ണി ആറിന്റെ കഥ ആവിഷ്‌ക്കരിക്കുക മാത്രമാണ് താൻ ചെയ്തത്. എന്നാൽ മലപ്പുറത്തെ ഒരു മുസ്ലിം ഗ്രാമത്തിൽ ജനിച്ച എന്നെ പോലെ ഒരാളെ മത തീവ്രവാദികൾക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നോ ഒരു മതേതര എഴുത്തുകാരൻ ചെയ്യേണ്ടിയിരുന്നതെന്നും റഫീഖ് ചോദിക്കുന്നു.

വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി എന്ന ആശയമല്ലാതെ വേറെ ഒരു ബന്ധവും ഉണ്ണിയുടെ കഥയുമായി ഈ നാടകത്തിനില്ല. ലോകത്തിലും കേരളത്തിൽ തന്നെയും മുൻകാലങ്ങളിലും ഉയർന്നു വന്നിട്ടുള്ള ആശയമാണ് പെൺവാങ്ക് എന്നത്. ഉണ്ണിയുടെ കഥ മോഷ്ടിച്ചാണ് 'കിത്താബ്' തയ്യാറാക്കിയതെന്ന് വരരുത് എന്നുള്ളതു കൊണ്ട് മാത്രമാണ് ഉണ്ണിയുടെ പേര് വെച്ചത്. ഒരു കലയിൽ മോഷണം നടത്തി എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഒരു എഴുത്തുകാരൻ മറ്റൊരു എഴുത്തുകാരന് കൊടുക്കേണ്ട ഒരു മാന്യതയുണ്ടല്ലോ? അത്തരമൊരു മാന്യത കൽപ്പിക്കുകയാണ് ഞാൻ ചെയ്തത്. എന്നാൽ അതെനിക്ക് തന്നെ തിരിച്ചടിയായെന്നും റഫീഖ് പറയുന്നു.

'കോട്ടയത്തെ പടച്ചോൻ' എന്ന കഥ വളരെ ലൗഡ് ആയി തോന്നിയതുകൊണ്ട് തിരുത്തിയെഴുതിയതാണ് 'വാങ്ക്' എന്ന് ഉണ്ണി തന്നെ പറയുന്നു. എഴുത്തിൽ കോംപ്രമൈസ് ചെയ്യുന്ന ആളാണ് ഉണ്ണി എന്നാണ് അതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. ലൗഡ് ആയ കഥയെ കോംപ്രമൈസ് ചെയ്തത് ഭയം കൊണ്ടാണെന്നാണ് ഉണ്ണി ആർ സമ്മതിക്കുകയാണ്. ലൗഡ് ആയി പറയാൻ പേടിക്കുകയാണ് ഇവിടെ. സംഘപരിവാറിനെതിരെയും മറ്റും ഉണ്ണി ആർ വിമർശനം ഉന്നയിക്കാറുണ്ടല്ലോ? അപ്പോൾ ഇസ്ലാമിക ഭീകരവാദത്തെ തൊടാൻ അദ്ദേഹത്തിന് ഭയമാണെന്നാണ് വ്യക്തമാകുന്നത്.

ഒരു നാടകത്തിന്റെ പേരിൽ ഇസ്ലാമിക ഭീകരവാദികളാൽ വേട്ടയാടപ്പെടുന്ന ഒരു സമയത്ത് എന്റെ കഥയെ അവഹേളിച്ചുവെന്ന് പറഞ്ഞ് ഒരു എഴുത്തുകാരനെ അവർക്ക് വളമായിട്ട് മുന്നോട്ട് വയ്ക്കുകയല്ല പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരൻ ചെയ്യേണ്ടത്? അതാണ് അദ്ദേഹത്തോടുള്ള എന്റെ പ്രധാനപ്പെട്ട ചോദ്യം. മതേതരമായി ചിന്തിക്കുന്ന ഒരു എഴുത്തുകാരനെ മതേതരമായി ചിന്തിക്കുന്ന മറ്റൊരു എഴുത്തുകാരൻ ഇവിടുത്തെ വർഗ്ഗീയ തീവ്രവാദികൾക്ക് എറിഞ്ഞുകൊടുക്കുകയാണോ വേണ്ടിയിരുന്നത്. അത് തീർത്തും തെറ്റായ ഒരു നിലപാടാണെന്ന് ഞാൻ പറയും. ഉണ്ണി ആറിന്റെ കഥയ്ക്ക് അനുവാദം ചോദിക്കാതിരുന്നതിന്് ഞാൻ നിരുപാധികം മാപ്പ് ചോദിക്കാൻ തയ്യാറായിരുന്നു. പകരം ഉണ്ണി ആർ എന്താണ് ചെയ്തത്? എന്നെ ഇസ്ലാമോഫോബിയയുടെ ആളാക്കി മാറ്റി.

എന്തിനാണ് ഉണ്ണി ആർ അതൊക്കെ പറയാൻ പോകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഉണ്ണി ആറിന്റെ കഥ ഞാൻ ചോദിച്ചില്ല എന്ന തെറ്റിന് അത് മാത്രം പറഞ്ഞാൽ പോരേ? അതിനപ്പുറത്തേക്ക് എന്നെ ഒരു മോശപ്പെട്ട ആളായി ചിത്രീകരിക്കുന്നതിന്റെ ആവശ്യം എന്താണ്? ഒരു മതേതര സമൂഹത്തിൽ പ്രത്യേകിച്ചും ഇന്നത്തെ അപകടകരമായ ഒരു സാഹചര്യത്തിൽ രാജ്യം നിൽക്കുമ്പോൾ ഉണ്ണി ആറിനെ പോലെ ഒരു എഴുത്തുകാരൻ എന്നെ ഇത്തരത്തിൽ അവഹേളിക്കാൻ പാടില്ലായിരുന്നു. ഭയങ്കര വിഷമമുണ്ട്. മുസ്ലിങ്ങളെ വളരെ മോശമായി ചിത്രീകരിച്ചുവെന്നൊക്കെ പറഞ്ഞാൽ ആളുകൾ തെറ്റിദ്ധരിക്കില്ലേ? പൊതുവെ ഭീഷണികളുടെ നടുവിലാണ് ഞാൻ ജീവിക്കുന്നത്.

അപ്പോൾ പ്രമുഖനായ ഒരാൾ കൂടി ഇങ്ങനെ പറയുമ്പോൾ ഞാനെങ്ങനെ ജീവിക്കും? നാടകത്തിൽ എന്താണ് ഇസ്ലാമിക വിരുദ്ധമെന്ന് ഉണ്ണി ആർ പറഞ്ഞ് തരണം എനിക്ക്. വർഗ്ഗീയവാദികൾ എന്നോട് മറുപടി പറയേണ്ടതില്ല. അവർ അങ്ങനെയേ പറയൂ. പക്ഷെ മതേതരവാദിയായ ഒരു എഴുത്തുകാരൻ ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞാൽ അതിന് അദ്ദേഹം മറുപടി പറയാൻ ബാധ്യസ്ഥനാണ്. മൊയല്യാർമാരുടെ പ്രസംഗങ്ങളൊക്കെ കേൾക്കുന്ന ഒരാളാണ് ഞാൻ. ഇന്ന് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ നേർക്കാഴ്ചയാണ് നാടകത്തിൽ പറഞ്ഞത്. പ്രാകൃത ഇസ്ലാമിനെ കാണിക്കുന്നുവെന്നാണ് ഉണ്ണി പറഞ്ഞത്. എന്താണ് പ്രാകൃത ഇസ്ലാം?

ഞാൻ ഇസ്ലാമോഫോബിയയുടെ ആളല്ല, സംഘപരിവാറിനെ കൃത്യമായി വിമർശിക്കുന്ന ഒരാൾ തന്നെയാണ് ഞാൻ. സംഘപരിവാറിനെ രൂക്ഷമായി വിമർശിച്ച് ഷോർട്ട് ഫിലിം എടുത്തിട്ടുള്ള ഒരാളാണ് ഞാൻ. ദേശീയഗാന വിവാദമുണ്ടായപ്പോൾ 'ജയഹേ' എന്ന പേരിൽ ഞാൻ ചെയ്ത ഷോർട്ട് ഫിലിമിന് അന്ന് വലിയ തോതിലുള്ള പ്രതികരണമാണ് ലഭിച്ചത്.

എഴുത്തുകാർ ജീവിക്കുന്നത് പരസ്പര ബഹുമാനത്തോടെയൊക്കെയാണ്. അവിടെ ഇത്തരമൊരു വീഴ്ച സംഭവിക്കുമ്പോൾ സമയവും സന്ദർഭവും നോക്കി വേണമായിരുന്നു ഇടപെടാൻ എന്നൊരു വിഷമമാണ് എനിക്ക് അദ്ദേഹത്തോടുള്ളത്. എന്നോട് ചോദിച്ചിട്ടില്ല, എനിക്ക് അറിയില്ല, അതൊരു സ്വതന്ത്ര ആവിഷ്‌കാരമാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നതിന് പകരം എന്റെ നാടകത്തെ, എന്റെ നിലപാടുകളെ, എന്റെ രാഷ്ട്രീയത്തെ എല്ലാം അധിക്ഷേപിക്കുകയും അവഹേളിക്കുകയുമാണ് ഉണ്ണി ആർ ചെയ്തത്. അതിലൂടെ വർഗ്ഗീയവാദികൾക്ക് എന്നെ എറിഞ്ഞു കൊടുക്കുകയായിരുന്നു. അതോടൊപ്പം പറഞ്ഞ മറ്റ് വാക്കുകൾ എന്നെ ബലിയാടാക്കുന്നവയാണ്. മറ്റ് കാര്യങ്ങളിലെല്ലാം ഞാൻ അദ്ദേഹത്തോടൊപ്പമാണ്. എനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നു- റഫീക്ക് പ്രതികരിച്ചു.

അതേസമയം ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാർ ഉറഞ്ഞുതുള്ളിയപ്പോൾ പ്രതികരിച്ച സാംസ്കാരിക പ്രവർത്തകരെല്ലാം ഇപ്പോൾ മൗനത്തിലാണ്.മാത്രമല്ല റഫീക്കിനും നാടകത്തിനും എതിരെയാണ് എഴുത്തുകാരി ജെ ദേവികയെപ്പോലുള്ളവർ പ്രതികരിച്ചത്. നാടകം പച്ചയായ ഇസ്ലാംവിരുദ്ധതയാണെന്ന് എഴുത്തുകാരി ജെ ദേവികയും ഫേസ്‌ബുക്ക്പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ഇസ്ലാമിൽ സ്ത്രീകളെ ഇപ്പോഴും വെറും വിവരമില്ലാത്തവരും അടിമകളുമായി എണ്ണുന്നെന്നും, മുസ്ലിം അന്യത്തെ സൃഷ്ടിച്ച് തത്ക്കാലം സിപിഎമ്മിനോടു ഇടഞ്ഞുനിൽക്കുന്ന ഹിന്ദുയാഥാസ്ഥിതികരെ അനുനയിപ്പിക്കാനാണ് ഈ നാടകമമെങ്കിൽ നിങ്ങളോളം ദുഷ്ടബുദ്ധികൾ ഈ ഭൂമുഖത്തില്ലെന്ന് പറയേണ്ടി വരും ജെ ദേവിക ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

അതേസമയം എഴുത്തുകാർക്ക് ഇസ്ലാമിനെപേടിയാണൊ എന്ന് ചോദിച്ചും ഈ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയും ഫേസ്‌ബുക്കിൽ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. വലിയ ധൈര്യശാലികൾ എന്ന് പ്രഖ്യാപിക്കുന്നവർ പോലും പറയാൻ മടിക്കുന്ന സത്യങ്ങളെ മറയില്ലാതെ നാടകത്തിലൂടെ വിളിച്ചുപറഞ്ഞ കലാകാരനാണ് റഫീഖ് മംഗലശ്ശേരിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കിത്താബിൽ ജുമ അത്ത് പള്ളിയിൽ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ സ്വപ്നം മുക്രിയുടെ മകൾ വീട്ടുകാരുമായി പങ്കുവെയ്ക്കുന്നു. എന്നാൽ നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും സ്വർഗത്തിൽ കടക്കാൻ കഴിയില്ലെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു. അപ്പോൾ നിങ്ങൾ പുരുഷന്മാർക്ക് സ്വർഗത്തിൽ ഹുറികൾ ഉണ്ട് സ്ത്രീകൾക്ക് ഹൂറന്മാരില്ലല്ലോ പിന്നെ ഞങ്ങൾക്ക് എന്തിനാണ് സ്വർഗമെന്ന മകളുടെ ചോദ്യമാണ് വർഗ്ഗീയ സംഘടനകളെ പ്രകോപിപ്പിച്ചിട്ടുള്ളത്.

മകൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അവൾക്ക് പ്രേതബാധ കാരണമാണെന്ന് പറഞ്ഞ് ഉപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തും തുപ്പുന്നുണ്ട്. ഇത് സുന്നി വിശ്വാസികളുടെ ആത്മീയ ചികിത്സയെ അവഹേളിക്കുകയാണെന്നും പ്രതഷേധക്കാർ പറയുന്നു. മകളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പള്ളിയിൽ സ്ത്രീകൾ ഒന്നിച്ച് ബാങ്ക് കൊടുക്കുന്ന രംഗത്തോട് കൂടിയാണ് നാടകം അവസാനിക്കുന്നത്.എങ്ങനെനോക്കിയാലും സാമുദായിക പരിഷ്‌ക്കരണം ലക്ഷ്യമിട്ടും സ്ത്രീയുടെ പദവി ഉയർത്തുന്നതും തന്നെയാണ് ഈ നാടകം. പക്ഷേ ശബരിമലയിൽപോലും ലിംഗ നീതിയെക്കുറിച്ചും പരിഷ്‌ക്കരണത്തെകുറിച്ചു പറയുന്ന ഒരാളെടെയും പിന്തുണ ഈ വിഷയത്തിൽ റഫീഖിന് കിട്ടുന്നില്ല. ഒരു പ്രത്യേകതരം നവോതഥാനം എന്നാണ് ഫേസ്‌ബുക്കിൽ ഈ ഇരട്ടത്താപ്പ വിമർശിക്കപ്പെടുന്നത്.