ന്യൂഡൽഹി: ഖത്തറും ഈജിപ്തിനും വിലകുറച്ചു കിട്ടിയ റഫേലിന് ഇന്ത്യ കൊടുക്കേണ്ടി വരുന്നത് വൻ വില. ഈ ചർച്ച പ്രതിപക്ഷം സജീവമാക്കുമ്പോൾ വിശദീകരണവുമായെത്തുകയാണ് മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറും എത്തുന്നു. ഫ്രാൻസിൽ നിന്നുള്ള റഫാൽ പോർവിമാന ഇടപാട് നഷ്ടക്കച്ചവടമല്ലെന്നും പോർ വിമാനത്തിന്റെ പേരിലല്ല, അതിലെ അത്യാധുനിക ഉപകരണങ്ങളുടെ പേരിലാണ് ഇത്രയും വില നൽകേണ്ടിവരുന്നതുമാണ് മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പറയുന്നു. റഫേലിലെ അഴിമതിക്ക് വേണ്ടിയാണ് പരിക്കറിനെ ഗോവ മുഖ്യമന്ത്രിയാക്കി മാറ്റിയതെന്ന വിമർശനം സജീവമായിരുന്നു. ഇതിനിടെയാണ് പരീക്കറുടെ വിശദീകരണം. അതിനിടെ മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം റഫേൽ വലിയ ചർച്ചയ്ക്ക് വിഷയമാക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പരീക്കർ വിശദീകരണവുമായെത്തുന്നത്. 'ഒരു പോർവിമാനമെന്നത് സാധാരണ വിമാനം പോലെയല്ല. വിമാനത്തിനു വേണ്ടിയുള്ള ചെലവ് പലപ്പോഴും ഇത്തരം ഇടപാടുകളിൽ ചെറിയ ഭാഗം മാത്രമായിരിക്കും. വിമാനത്തിലെ സവിശേഷവും ആധുനികവുമായ ഉപകരണങ്ങളുടെ വിലയാണ് തുകയുടെ വലിയ ഭാഗം. ഇവിടെയുള്ള എത്ര പേർക്കറിയാം റഫാലിലെ പൈലറ്റിന്റെ ഹെൽമറ്റിന്റെ സവിശേഷത. ലക്ഷ്യസ്ഥാനം പൈലറ്റിന്റെ നോട്ടം കൊണ്ടു തന്നെ തിരിച്ചറിയാൻ ഈ ഹെൽമറ്റിനാകും. ലക്ഷ്യം നോക്കിക്കൊണ്ട് ബട്ടൺ അമർത്തുക മാത്രമാണ് പൈലറ്റിന്റെ ജോലി. ബാക്കിയെല്ലാം കംപ്യൂട്ടർ നോക്കിക്കോളും. ഇത്തരം സവിശേഷ ഉപകരണങ്ങളുടെ വില കൂടി ഉൾപ്പെടുത്തിയാണ് പുതിയ റഫാൽ കരാർ' - പരീക്കർ പറഞ്ഞു.

ഖത്തറും ഈജിപ്തുമാണ് റഫാൽ പോർവിമാനങ്ങൾ ഫ്രാൻസിൽ നിന്നും വാങ്ങിയിട്ടുള്ള മറ്റു രണ്ടു രാജ്യങ്ങൾ. 12 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഖത്തർ കരാർ ഒപ്പുവച്ചത്. ഖത്തറിന് ഒരു വിമാനം ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) നൽകുമ്പോൾ, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ കരാർകാലത്തെ വിനിമയനിരക്കിൽ 1526 കോടി രൂപ) നൽകണം. ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങൾ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തർ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങൾ വാങ്ങി ഒരു വിമാനവില 26.2 കോടി യൂറോ. എന്നാൽ ഖത്തർ ഇപ്പോൾ 12 വിമാനങ്ങൾ കൂടി വാങ്ങിയപ്പോൾ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ. രണ്ടാം ഘട്ടത്തിൽ വാങ്ങുമ്പോൾ വില അൽപം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോൾ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നൽകേണ്ടി വരുന്നു. ഇതാണ് പ്രതിപക്ഷം ചർച്ചയാക്കുന്നത്.

എന്നാൽ ഇന്ത്യയുമായി ഫ്രാൻസുണ്ടാക്കിയ കരാർ വേറെയാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇന്ത്യക്കു നൽകുന്ന റഫാലിൽ ഏറ്റവും ആധുനികമായ ആയുധങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഏഴു വർഷത്തേക്കു സ്‌പെയർപാർടുകൾ നൽകാൻ കരാറിൽ വ്യവസ്ഥയുണ്ട്. ഇന്ത്യയുടെ ആവശ്യാനുസരണം വിമാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളിൽ 28 എണ്ണം ഒറ്റ സീറ്റ് മാത്രമുള്ള പോർവിമാനങ്ങളാണ്. എട്ടെണ്ണം ഇരട്ട സീറ്റ് ഉള്ളവയും. ഖത്തർ വാങ്ങിയത് ഇവയിൽ ഏതു തരമാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയ്ക്ക് 2019 സെപ്റ്റംബറിനും 2022 ഏപ്രിലിനും ഇടയിൽ ഇവ നൽകാമെന്നാണു കരാർ.

ഇന്ത്യയ്ക്ക് വേണ്ട 126 റഫാൽ യുദ്ധവിമാനങ്ങളിൽ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കി 108 എണ്ണം, സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയിൽ നിർമ്മിക്കുമെന്നുമായിരുന്നു യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ധാരണ. എന്നാൽ, എൻഡിഎ സർക്കാർ കരാർ ഒപ്പിട്ടപ്പോൾ വിമാനങ്ങൾ 36 മാത്രമായി. നിർമ്മാണസാങ്കേതിക വിദ്യ ഇന്ത്യയ്ക്കു ലഭിക്കില്ല. പകരം, ഏതാനും വിമാനഭാഗങ്ങളുടെ സാങ്കേതികവിദ്യ ഒരു ഇന്ത്യൻ കമ്പനിക്കു കൈമാറും. അതും അനിൽ അംബാനിയുടെ കടലാസ് കമ്പനിക്ക്. യുപിഎ സർക്കാർ ചർച്ച ചെയ്തുണ്ടാക്കിയ കരാർ മുടങ്ങിയത് ആയുഷ്‌കാല പരിപാലന വ്യവസ്ഥയെച്ചൊല്ലിയായിരുന്നു. ഇത് അംബാനിക്ക് വേണ്ടിയാണെന്നാണ് ഉയരുന്ന ആരോപണം.

ഖത്തറിനു നൽകിയ അതേ വിലയ്ക്ക് 36 റഫാൽ പോർവിമാനങ്ങൾ നൽകാൻ ഫ്രാൻസ് തയാറാണ്. ആയുധങ്ങളും സാങ്കേതിക സംവിധാനങ്ങളും ഘടിപ്പിക്കാത്ത, പറക്കാൻ മാത്രം ശേഷിയുള്ള ജെറ്റ് വിമാനങ്ങളാണ് ഖത്തറിനു നൽകിയത്. ഇന്ത്യയ്ക്കു വേണ്ടത് ജെറ്റ് വിമാനമല്ല മീഡിയം മൾട്ടി റോൾ കോംപാക്ട് എയർക്രാഫ്റ്റുകളാണ്. ഇതിൽ ടെക്‌നോളജി കൈമാറ്റവും നടക്കും. ഖത്തറിന്റെ 24 റഫാൽ ജെറ്റ് കരാറിൽ എംബിഡിഎ മിസൈൽ ഘടിപ്പിക്കാനുള്ള സംവിധാനവും 36 ഖത്തർ പൈലറ്റുമാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും പരിശീലനം നൽകാനുള്ള ധാരണയും മാത്രമാണ് ഉള്ളത്. ഇന്ത്യൻ വ്യോമസേനയുടെ എല്ലാ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കഴിഞ്ഞതിനു ശേഷം മാത്രമാണ് റഫാൽ സേനയുടെ ഭാഗമാകുക. ഭാവിയിൽ റഫാലിന്റെ അറ്റുകുറ്റപ്പണികളും പാർട്‌സ് മാറ്റുന്നതും ഫ്രാൻസുമായുള്ള കരാറിൽ ഉൾപ്പെടും.

പ്രചരണത്തിന് നിർമ്മലാ സീതാരാമൻ

അതിനിടെ റഫേൽ വിഷയത്തിൽ മോദി സർക്കാരിനെതിരെ അന്തർദേശീയ തലത്തിൽ ആരോപണങ്ങൾക്കു മൂർച്ച കൂടുമ്പോൾ കോൺഗ്രസിനെ പ്രതിരോധിക്കാനൊരുങ്ങി കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ രംഗത്ത് വരികയാണ്. റഫേൽ ഇടപാടിനെ സംബന്ധിക്കുന്ന വിവരങ്ങൾ ജനങ്ങളെ ധരിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ബോധവൽക്കരണം നടത്താൻ താൻ മുന്നിട്ടിറങ്ങുമെന്നു അവർ പറഞ്ഞു. ഇടപാടിനെ സംബന്ധിക്കുന്ന വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് കേന്ദ്ര വിജിലൻസ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് ബിജെപിയുടെ ഭാഗത്തു നിന്ന് ഈ നടപടി. റഫേൽ യുദ്ധവിമാനക്കരാർ റദ്ദാക്കി ഇന്ത്യൻ വ്യോമസേനയുടെ ആത്മവീര്യം കെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നു ബിജെപി മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പറഞ്ഞു.

നരേന്ദ്ര മോദിയെ പുറത്താക്കുന്നതിനായി കോൺഗ്രസ് ആഗോള തലത്തിൽ ദേശവിരുദ്ധ ശക്തികളുടെ സഹായം തേടുകയാണെന്നു ബിജെപി ആരോപിച്ചു. ആഗോളമാനമുള്ള ആരോപണമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നത്. ഇതൊരു ധാരണയുടെ പ്രശ്‌നമാണ്. രാജ്യവ്യാപകമായി ബിജെപി ഇതിനെതിരെ പ്രതിഷേധം നടത്തും. നിർമലാ സീതാരാമൻ പറഞ്ഞു. റഫേൽ ഇടപാടിൽ റിലയൻസ് ഡിഫെൻസിനെ തെരഞ്ഞെടുക്കാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻഡ് ഒലോൻദ് വെളിപ്പെടുത്തിയിരുന്നു. പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ അദ്ദേഹമത് പിൻവലിച്ചിരുന്നു.

58000 കോടിയുടെ റഫേൽ ഇടപാടിൽ റിലയൻസ് ഡിഫെൻസിനെ പങ്കാളിയാക്കിയത് ഇന്ത്യൻ സർക്കാരിന്റെ ആവശ്യപ്രകാരമാണെന്ന ഒലോദിന്റെ പ്രസ്താവന പുത്തൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. എന്നാൽ റഫേൽ യുദ്ധവിമാന ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ഡസാൽട്ട് ഏവിയേഷന്റെ പങ്കാളിയായി റിലയൻസ് ഡിഫൻസിനെ തീരുമാനിച്ചതിൽ തങ്ങൾക്കു പങ്കില്ലെന്നാവർത്തിച്ചു കേന്ദ്ര സർക്കാർ രംഗത്തു വന്നു. വിവാദങ്ങൾ സൃഷ്ടിക്കുന്നതിനായി മാധ്യമങ്ങൾ പടച്ചു വിടുന്ന വാർത്തകളാണിതെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഫ്രഞ്ച് കമ്പനിയായ ടാസൂ ഏവിയേഷനാണ് റിലയൻസ് ഡിഫൻസിനെ ഇന്ത്യയിലെ പങ്കാളിയാക്കി നിയോഗിച്ചത്. റിലയൻസ് ഡിഫെൻസും ടാസുവും തമ്മിലുള്ളത് രണ്ടു സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണ്.

2015 ൽ റഫേൽ വിമാനങ്ങൾക്കായി കരാർ ഒപ്പിടുമ്പോൾ ഫ്രാൻസ് ഒലോദായിരുന്നു പ്രസിഡന്റ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡിനു കരാർ നൽകാതെ സ്വകാര്യ കമ്പനിക്കു കരാർ നൽകിയതിനു സർക്കാർ പ്രതിപക്ഷത്തിന്റെ പ്രതിക്കൂട്ടിലായിരുന്നു. റഫേൽ ഇടപാടിനു മുൻപ് ഒലോദിന്റെ പങ്കാളിയായ ജൂലി ഗയെയുമായി ചലച്ചിത്ര നിർമ്മാണത്തിനുള്ള കരാറിൽ റിലയൻസ് ഒപ്പിട്ടിരുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു.

പരീക്കറിനെ മാറ്റത്തത് ഭയം മൂലം

ഗോവയിലെ രാഷ്ട്രീയ നാടകങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും തീരുന്നില്ല. മുഖ്യമന്ത്രി മനോഹർ പരീക്കർ അസുഖ ബാധിതനായി ചികിത്സയിലായതിനെ തുടർന്ന് മുഖ്യമന്ത്രി പദത്തിൽ നിന്നും മാറിനിൽക്കുമെന്ന ആഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ കോൺഗ്രസിന്റെയും എൻഡിഎ കക്ഷികളുടെ പ്രതീക്ഷകളെ തകിടം മറിച്ച് മനോഹർ പരീക്കർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഞായറാഴ്ച അമിത് ഷാ വ്യക്തമാക്കിയിരുന്നു. പരീക്കറിനോടുള്ള ഭയം മൂലമാണ് അമിത് ഷായും മോദിയും അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

മനോഹർ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ പുറത്തുവന്നേക്കാമെന്ന ഭയമാണ് അമിത് ഷായ്ക്കും മോദിക്കുമെന്ന് ഗോവൻ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദാൻകർ ആരോപിക്കുന്നു. പരീക്കർ ബ്ലാക്ക് മെയിൽ ചെയ്യുമെന്ന ഭയത്താലാണ് മുഖ്യമന്ത്രി സ്ഥാനം മറ്റാർക്കും നൽകാത്തതെന്നും ഗിരീഷ് ആരോപിക്കുന്നു. അനാരോഗ്യത്തിന്റെ പേരിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ കടുത്ത തീരുമാനങ്ങളിലേക്ക് പരീക്കറും പോകുമെന്ന് നേതൃത്വത്തിന് ഭയമുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.