തിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന ആക്റ്റിവിറ്റ്സ് രഹനാ ഫാത്തിമയുടെ മോചനം അനിശ്ചിതത്വത്തിൽ. ശബരിമലയുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയ കേസിൽ കഴിഞ്ഞ നവംബർ 28 നു അറസ്റ്റിലായ രഹനയ്ക്ക് ഇപ്പോഴും മോചനം അസാധ്യമായ അവസ്ഥയാണ്. ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് രഹ്ന ഇന്നലെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്തിരുന്നെങ്കിലും ഹൈക്കോടതി തീരുമാനം പതിനാലിലേക്ക് മാറ്റി.

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അടക്കമുള്ളവർ ജയിൽ വിമോചിതരായിരിക്കുമ്പോഴാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഇപ്പോഴും റിമാൻഡിൽ കഴിയുന്നത്. സാമൂഹ്യ വിഷയങ്ങളിൽ സ്ഥിരമായി ഇടപെട്ടുകൊണ്ടിരുന്ന രഹ്നയുടെ അവസ്ഥ പരിതാപകരമാണ്. പൊലീസ് അറസ്റ്റിലായപ്പോൾ പൊട്ടിക്കരഞ്ഞാണ് രഹ്ന പ്രതികരിച്ചതും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ഹിന്ദു സംഘടനാ പ്രവർത്തകരും ജയിൽ വിമോചിതരായിരിക്കെ പക്ഷെ രഹ്നയുടെ മോചനം മാത്രം നീളുകയാണ്.

മുതിർന്ന ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോൻ നൽകിയ കേസിലാണ് രഹ്ന ഇപ്പോഴും അകത്ത് കഴിയുന്നത്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ മതസ്പർദ്ധ ഉണ്ടാക്കിയെന്നു ആരോപിച്ച് രഹ്നയ്‌ക്കെതിരെ രാധാകൃഷ്ണ മേനോൻ ആദ്യം പത്തനംതിട്ട പൊലീസിൽ പരാതി നൽകുകയും തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. മലകയറുന്നതിന് മുമ്പ് രഹന ഫാത്തിമ നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റിങ് ആണ് രഹ്നായ്ക്ക് വിനയായത്. ഇതാണ് രഹ്ന കുടുങ്ങാൻ കാരണം. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം.

കറുത്ത മുണ്ടും ഷർട്ടുമണിഞ്ഞ്, നെറ്റിയിൽ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിങ് ചൂണ്ടിക്കാട്ടിയാണ് രാധാകൃഷ്ണമേനോൻ രഹ്നയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു വന്നത്. ക്രിമിനൽ ഗൂഢാലോചനയാണ് രഹ്നയുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം, പക്ഷെ രഹ്നയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു പൊലീസ് കോടതിയെ സമീപിച്ചെങ്കിലും രണ്ടു മണിക്കൂർ സമയം മാത്രമാണ് അനുവദിക്കപ്പെട്ടത്.

രഹ്നയെ ഈ കേസിൽ കൂടുതൽ ചോദ്യം ചെയ്യണമെന്ന് ആവശ്യമുള്ള നിലപാടാണ് പൊലീസുള്ളത്. 'രഹ്ന ഒറ്റയ്ക്കല്ല. രഹ്നയ്ക്ക് പിന്നിൽ ആളുകളുണ്ട്. അതാരാണ് എന്നൊക്കെ പൊലീസ് അന്വേഷണത്തിൽ തെളിയേണ്ട കാര്യമാണ്. രഹ്നയുടെ ശബരിമല യാത്രയ്ക്ക് പിന്നിലും ഫെയ്സ് ബുക്ക് പോസ്റ്റിങിന് പിന്നിലോക്കെ ഗൂഢാലോചന സംശയിക്കുന്നു. അതിനാലാണ് ആദ്യം പൊലീസിലും പിന്നീട് ഹൈക്കോടതിയിലും ഹർജി നൽകിയത്-രഹ്നയ്ക്ക് എതിരെ ഹർജി നൽകിയ ബി.രാധാകൃഷ്ണ മേനോൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

രഹ്നയെ ജാമ്യത്തിൽ ഇറക്കുന്ന കാര്യത്തിൽ പൊലീസ് അനുകൂല നിലപാട് സ്വീകരിച്ചാൽ ഉടൻ ഹൈക്കോടതിയെ വീണ്ടും സമീപിക്കും-രാധാകൃഷ്ണ മേനോൻ പറയുന്നു. ശബരിമലയിൽ ദർശനത്തിനു ഭക്തകളായ സ്ത്രീകൾ അല്ല ശ്രമിച്ചത് . രഹ്ന ഫാത്തിമയെ പോലുള്ള, തൃപ്തി ദേശായിയെ പോലുള്ള , ആക്റ്റിവിറ്റ്സുകൾ ആണ് എത്തിയത്. ഇതാണ് അയ്യപ്പ ഭക്തരിൽ നിന്നും പ്രതിഷേധം ഉയരാൻ കാരണമായത്. ഈ പ്രതിഷേധം അംഗീകരിക്കുന്ന രീതിയിലാണ് രഹ്നയുടെ ജാമ്യഹർജിയിൽ കോടതി പ്രതികരിച്ചത്.

വിശ്വാസത്തിന്റെ പേരിലുള്ള പ്രശ്‌നമാണ് ശബരിമലയിൽ നടക്കുന്നത്. രഹ്നയുടെ ശബരിമല ദർശനത്തിനു സുപ്രീംകോടതി വിധി അനുകൂലമാണെങ്കിലും രഹ്ന ശബരിമലയിൽ എത്തുമ്പോഴേക്കും ശബരിമല പ്രക്ഷോഭഭൂമിയായി മാറിയിരുന്നു. തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോഴാണ് രഹന മലകയറാൻ എത്തിയത്. പൊലിസ് സംരക്ഷണത്തിൽ നടപന്തൽവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ മടങ്ങേണ്ടി വരികയായിരുന്നു. മലകയറുന്ന ഘട്ടത്തിൽ ആരെങ്കിലും രഹ്നയെ അപായപെടുത്താൻ ശ്രമിച്ചാൽ നിലവിലെ സംഘർഷം ഗുരുതരമായ സ്ഥിതിയിലേക്ക് മാറുമായിരുന്നു.

ശബരിമലയെ പ്രക്ഷോഭഭൂമിയാക്കാൻ മാറ്റുന്നവർക്കുള്ള വലിയ അവസരമായി ഇത് മാറുമായിരുന്നു. അതിനാലാണ് രഹ്നയുടെ വരവിനു പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നു രാധാകൃഷ്ണമേനോൻ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷ മുൻപ് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് നടന്നതോടെ രഹ്ന ജോലി ചെയ്തിരുന്ന ബിഎസ്എൻഎൽ അധികൃതരും രഹ്നയ്‌ക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നു. രഹ്നയുടെ മലകയറ്റത്തിന്നെതിരെ പ്രതികരിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ രഹ്നയുടെ ബിഎസ്എൻ ക്വർട്ടേഴ്‌സ് അടിച്ചു തകർക്കുകയും ചെയ്തിരുന്നു.