പത്തനംതിട്ട: പമ്പയിൽ ഭക്തരുടെ നാമജപപ്രതിഷേധത്തിനിടെ, മല കയറാനെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായ അയ്യപ്പധർമസേനാ നേതാവ് രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാഹുൽ ഈശ്വർ അടക്കം കൊട്ടാരക്കര ജയിലിൽ കഴിയുന്ന ഇരുപതോളം പേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. രാവിലെയാണ് റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

ആന്ധ്രയിൽ നിന്നെത്തിയ സംഘത്തിലെ യുവതിയെ മല കയറുന്നതിൽ നിന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച കേസിലാണ് രാഹുലിനെ സന്നിധാനത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മല കയാറാൻ യുവതികൾ എത്തിയാൽ അവരെ തടയുമെന്ന് രാഹുൽ ഈശ്വർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കലാപത്തിന് ശ്രമിച്ചെന്നുമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതുൾപ്പെടെയുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ആണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ രാവിലെ മുതൽ പമ്പയിൽ രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ സേവ് ശബരിമല ഫോറമെന്ന ബാനറിൽ പ്രാർത്ഥനാ സമരം നടന്നിരുന്നു. ദർശനത്തിനെത്തിയ സ്ത്രീകളെ തടയുകയും സർക്കാർ വിളിച്ചു ചേർത്ത യോഗത്തിനെത്തിയ വനിതാ ജീവനക്കാരെ പ്രായപരിശോധന നടത്തുകയും ചെയ്തിരുന്നു ഇവർ. ഇതിനിടെ സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച യുവതികളായ വനിതാ പൊലീസുകാരെ രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ സ്ത്രീപ്രവേശനത്തിന് നിയന്ത്രണമെന്നുള്ള പഴയ ബോർഡ് മറച്ചിരുന്ന ഫ്ളക്സ് ബോർഡ് ഇവർ നീക്കം ചെയ്യുകയും ചെയ്തു. ഇതോടെയാണ് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നിലയ്ക്കലിലും പമ്പയിലും അക്രമമുണ്ടായി. ഇതോടെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ തീരുമാനപ്രകാരം രാഹുൽ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഇതോടൊപ്പം മുൻ രാജകുടുംബാംഗങ്ങൾ, തന്ത്രി കുടുംബാംഗങ്ങൾ എന്നിവരെയും നിരവധി സമരക്കാരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസ് തനിക്ക് ഭക്ഷണം പോലും നൽകാതെ പീഡിപ്പിക്കുകയാണെന്നുപറഞ്ഞ് ജയിലിലേക്കുള്ള യാത്രാ മധ്യെ രാഹുൽ വാട്ട്സപ്പ് സന്ദേശവും അയച്ചിരുന്നു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി പുറത്തുവന്നപ്പോൾ മുതൽ സമരരംഗത്ത് സജീവമാണ് രാഹുൽ ഈശ്വർ. പുനപരിശോധനാ ഹർജി നൽകാനും നാമജപ പ്രതിഷേധങ്ങൾ നടത്താനും മുന്നിൽ നിന്നതും രാഹുലായിരുന്നു. ദേശീയ മാധ്യമങ്ങളിലും മലയാളം ചാനലുകളിലും ശബരിമലയുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവവുമായിരുന്നു രാഹുൽ. ഒക്ടോബർ 17 മുതൽ ശബരിമലയിൽ ശക്തമായ പ്രാർത്ഥനകളുമായി മുന്നോട്ടുപോകുമെന്നും ഇത് പ്രതിഷേധമല്ല, പ്രാർത്ഥനയാണെന്നുമായിരുന്നു രാഹുൽ ഈശ്വർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗാന്ധിയൻ രീതികളിൽ അഞ്ച് ദിവസം 125 മണിക്കൂർ പ്രതിരോധവും പ്രാർത്ഥനയുമായി മുന്നോട്ടുപോകുമെന്നും രാഹുൽ ആഹ്വാനം ചെയ്തിട്ടുണ്ട്.

സമാന സംഭവത്തിൽ അറസ്റ്റിലായ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രജീഷ് ഗോപിനാഥിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമമഴിച്ചുവിട്ടവരെ കണ്ടെത്താൻ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ഇവർ വന്ന വാഹനങ്ങൾ നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പർധ വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കേസ് രജിസ്റ്ററ് ചെയ്ത് അന്വേഷണം നടത്താൻ ഡിജിപി നിർദ്ദേശം നൽകി. അതേസമയം കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പർധ വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കേസ് രജിസ്റ്ററ് ചെയ്ത് അന്വേഷണം നടത്താൻ ഡിജിപി നിർദ്ദേശം നൽകി.