കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം ഉൾക്കടലിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തിയതിന്റെ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്ന സെബിൻ സിറിയക് എന്ന യൂ ട്ഊബർ തയ്യാറാക്കിയ ഫിഷിങ് ഫ്രീക്ക്‌സ് എന്ന യൂട്യൂബ് വീഡിയോ വൈറലാകുന്നു.

ആഴക്കടലിലെ ആർത്തലയ്ക്കുന്ന തിരമാലകളെ കൂസാതെയുള്ള രാഹുൽ ഗാന്ധിയുടെ കടലിൽച്ചാട്ടം അടക്കമുള്ള ദൃശ്യങ്ങൾ വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്.

ആഴക്കടലിലേക്ക് തിരിച്ച ബോട്ടിലെ മത്സ്യത്തൊഴിലാളികളെ പോലും അറിയാതെയാണ് രാഹുൽ സംഘത്തിനൊപ്പം യാത്രയ്ക്ക് എത്തുന്നത്. 24 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് രാഹുൽ ഗാന്ധിയും ടി.എൻ. പ്രതാപനുമടക്കമുള്ള സംഘം യാത്ര തിരിക്കുന്നത്. 

പുലർച്ചെ, രാഹുൽ ഗാന്ധിക്കൊപ്പമുള്ള യാത്രയിൽ കെ സി വേണുഗോപാലും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരുമടക്കമാണ് കടൽയാത്രയ്ക്ക് വാടി കടപ്പുറത്ത് എത്തിയത്. നേരത്തേ പറഞ്ഞുവച്ച കടൽ യാത്രയാണെങ്കിലും സംഘത്തിൽ രാഹുൽ ഗാന്ധിയെ കണ്ടതോടെ മത്സ്യത്തൊഴിലാളികൾക്ക് അത്ഭുതം.

രാഹുൽ ഗാന്ധി തന്നെയാണോ എന്നതായിരുന്നു മത്സ്യത്തൊഴിലാളികളിൽ പലർക്കും സംശയം. ചെറിയ കാരിയർ വഞ്ചിയിലാണ് മത്സ്യബന്ധന നൗകയിലേക്കു കരയിൽ നിന്നും നീങ്ങിയത്.

ടി.എൻ. പ്രതാപൻ മാത്രം എത്തുന്നുവെന്നായിരുന്നു മത്സ്യത്തൊഴിലാളികളോട് അറിയിച്ചിരുന്നത്. ഒരു മണിക്കൂറോളം ചെറിയ ബോട്ടിൽ യാത്ര ചെയ്ത ശേഷമാണ് മതർ ബോട്ടിൽ എത്തിച്ചേർന്നത്. യാത്ര തുടങ്ങിയപ്പോൾ തന്നെ ലൈഫ് ജാക്കറ്റ് വേണോ എന്ന് ബോട്ടുകാർ ചോദിച്ചെങ്കിലും വേണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. കടലിലടക്കം നീന്തൽ വശമുള്ളതിനാൽ ലൈഫ് ജാക്കറ്റ് ആവശ്യമില്ലെന്ന് രാഹുൽ അറിയിച്ചു.

ബോട്ടിലെ ക്യാപ്റ്റനായ പീറ്ററിനെ അടക്കം മത്സ്യബന്ധന തൊഴിലാളികളെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിചയപ്പെട്ടു. കോളേജിൽ പഠിച്ചിരുന്ന കാലത്ത് സ്‌കൂബ ഡൈവിംഗിൽ ഇൻസ്ട്രക്ടറായി പ്രവർത്തിച്ചിട്ടുള്ള പരിചയം ഉണ്ടെന്നും രാഹുൽ പറഞ്ഞു. 

യന്ത്രം ഘടിപ്പിച്ച ബോട്ടിൽ ആഴക്കടലിൽ പോയി മീൻ പിടിക്കുന്ന രീതി നേരിട്ട് കണ്ട് മനസിലാക്കാനും അവരുടെ ജോലിയുടെ സ്വഭാവം അടക്കം തിരിച്ചറിയാനുമാണ് തന്റെ യാത്രയെന്ന് രാഹുൽ പറയുന്നു.

മത്സ്യ ബന്ധനത്തൊഴിലാളികൾ ഓരോ തവണ തിരിച്ചെത്തുമ്പോഴും ലഭിക്കുന്ന തുക ഷെയർ ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി ചോദിച്ചറിയുന്നുണ്ട്. ഏറെ വർഷങ്ങളായി മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഉൾക്കടലിലേക്കുള്ള യാത്രയ്ക്കിടെ രാഹുൽ തൊഴിലാളികളുമായി ചങ്ങാത്തത്തിലായി. അവരിലൊരാളായി അവരുടെയും കുടുംബത്തിന്റെയും ക്ഷേമം ചോദിച്ചറിഞ്ഞു. ചുറ്റിലും ഇരുൾ തന്നെയാണ്. അകലെ മറ്റു നൗകകളുടെ വെളിച്ചങ്ങൾ കണ്ണു ചിമ്മുന്നതു കാണാം. ഉൾക്കടലിൽ എത്തിയപ്പോൾ വലയടിക്കാൻ തുടങ്ങി.

യൂ ട്യൂബറായ സെബിൻ സിറിയകാണ് രാഹുലിനും മത്സ്യത്തൊഴിലാളികൾക്കും ഇടയിലെ പരിഭാഷകനായി മാറിയത്. ഇംഗ്ലീഷിലുള്ള ഓരോ ചോദ്യവും മത്സ്യത്തൊഴിളാളികൾക്ക് പരിഭാഷപ്പെടുത്തി കൊടുത്ത് അവരുടെ മറുപടി രാഹുലിന് പറഞ്ഞു കൊടുത്തുകൊണ്ടെയിരുന്നു.

വല കെട്ടാൻ വേണ്ടി തൊഴിലാളിസുഹൃത്തുക്കളിൽ ഒരാൾ കടലിലേക്കു ചാടി. അയാളെന്തിനാണ് കടലിൽ ചാടിയതെന്നു രാഹുൽ യൂ ട്യൂബറായ സെബിൻ സിറിയകിനോട് ചോദിച്ചു. വലകെട്ടാൻ ഇങ്ങനെ ഇറങ്ങുന്നത് ഒരു രീതിയാണെന്ന് പറഞ്ഞതോടെ എങ്കിൽ ആ സുഹൃത്തിനെ സഹായിക്കാൻ താനും ചാടുന്നു എന്നുപറഞ്ഞ് രാഹുൽജി കടലിലേക്ക് ഊളിയിട്ടു ചാടി.



ഒപ്പമുണ്ടായിരുന്ന ടി.എൻ.പ്രതാപനോടും കടലിലേക്ക് എടുത്തു ചാടാൻ രാഹുൽ പറഞ്ഞു. എന്നാൽ കൈകൂപ്പി തൊഴുത്, മക്കളെയോർത്ത് ഒഴിവാക്കിത്തരണം എന്നായിരുന്നു ടി.എൻ.പ്രതാപന്റെ മറുപടി.

രാഹുൽ കടലിലേക്ക് ചാടുന്നതിൽ ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ ആശങ്ക പങ്കുവച്ചെങ്കിലും സ്‌കൂബാ ഡൈവിങ്ങിലൊക്കെ നല്ല പരിശീലനം ഉള്ള ആളാണ്..പേടിക്കേണ്ടതില്ല എന്നായിരുന്നു രാഹുലിന്റെ പഴ്സനൽ അസിസ്റ്റന്റ് അലങ്കാറിന്റെ മറുപടി. രാഹുൽ ചാടിയതു കണ്ട് ഒന്നുരണ്ടു മത്സ്യത്തൊഴിലാളികൾ കൂടി കടലിലിറങ്ങി. പത്ത് മിനിറ്റോളും കടൽപ്പരപ്പിൽ നീന്തിയതിന് ശേഷമാണ് തിരികെ ബോട്ടിലേക്ക് രാഹുൽ കയറിയത്.



വലയടിച്ചു കഴിഞ്ഞ് എല്ലാവരും കൂടി വല കയറ്റാൻ തുടങ്ങിപ്പോഴും രാഹുൽ ഗാന്ധിയും സംഘവും മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ ഒപ്പം ചേർന്നു. ഒരു കണവയും രണ്ടു മത്തിയും അല്ലാതെ മറ്റൊന്നും സംഘത്തിന് കിട്ടിയില്ല. രാഹുലിന് വലിയ സങ്കടമായി.

ഇങ്ങനെ ഓരോ തവണയും പ്രതീക്ഷയോടെ കടലിലെത്തിയിട്ട് നിരാശരായി മടങ്ങേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ചായി പിന്നീട് സംസാരം. തൊഴിലാളികളോട് ഇങ്ങനെ വരുമ്പോഴുള്ള നഷ്ടത്തെ കുറിച്ചാരാഞ്ഞു. കടലിൽ മത്സ്യസമ്പത്ത് കുറയുന്നതിനെപ്പറ്റിയും കടലിലെ വറുതി കാരണം കരയിൽ പട്ടിണിയാണെന്നും അവർ മറുപടി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങൾ ഓരോന്നും പങ്കുവയ്ക്കുമ്പോഴും രാഹുൽ കേട്ടുകൊണ്ടിരുന്നു.

കടലിൽ പോകുമ്പോൾ വലയ്ക്ക് ഉണ്ടാകുന്ന കേടുപാടുകൾ തീർക്കുന്നത് അടക്കമുള്ള കാര്യങ്ങൽ രാഹുൽ ചോദിച്ചറിഞ്ഞു.

വള്ളം മേടിക്കുന്നതിനും വല മേടിക്കുമ്പോഴും ജിഎസ്ടി പ്രകാരം വലിയ തുക നൽകേണ്ടി വരുമെന്ന് മത്സ്യത്തൊഴിലാളി പറഞ്ഞു. പത്ത് ലക്ഷത്തിന്റെ വള്ളം വാങ്ങിയാൽ ഒരു ലക്ഷത്തി എൺപതിനായിരം വരെ ജിഎസ്ടിയായി നൽകേണ്ടി വരുമെന്നും പറഞ്ഞു.

മൂന്ന് എഞ്ചിന് പകരം ഒരു വലിയ എഞ്ചിൻ വയ്ക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിക്കുന്നതുണ്ട്. വലിയ എഞ്ചിൻ വച്ചാൽ വള്ളം താണുപോകുമെന്നാണ് തൊഴിലാളികൾ മറുപടി നൽകിയത്.  അതോടൊപ്പം അവയുടെ മെയിന്റനസ് കൂടുതലാണ്. മെയിന്റനൻസ് വന്നാൽ നീണ്ടകര വരെ പോകേണ്ടി വരുമെന്ന ബുദ്ധിമുട്ടും പറഞ്ഞു

ഒരു മാസം ഓരോ തൊഴിലാളിക്കും എത്രരൂപ വരെ വരുമാനം ലഭിക്കുമെന്ന കാര്യവും രാഹുൽ ചോദിച്ചറിയുന്നുണ്ട്. ചിലപ്പോൾ രണ്ട് ലക്ഷം രൂപ വരെയൊക്കെ ലഭിച്ചേക്കാം ചിലപ്പോൾ ഒന്നും ലഭിക്കില്ലെന്നാണ് മറുപടി. വർഷത്തിൽ ആറ് മാസം മാത്രമാണ് പണിയുള്ളത്. ഇൻഷുറൻസ് പോലും ലഭ്യമല്ലെന്നും  പറഞ്ഞു

തൊഴിലാളിസുഹൃത്തുക്കൾ കയ്യിൽ കരുതിയിരുന്ന മീൻ പാചകം ചെയ്തു. ബ്രെഡും നല്ല രുചികരമായ മീൻകറിയും രാഹുൽ ഗാന്ധിക്കും സംഘത്തിനും  നൽകി. ഒരു മീൻ ഭക്ഷണത്തിനു പാകമായി വരുമ്പോഴേക്കും എത്രമേൽ കഷ്ടതകളും ത്യാഗങ്ങളും അതിന്റെ പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളുടേതായി കഴിഞ്ഞുപോയിട്ടുണ്ടാകുമെന്ന് മനസ്സിലായതായി രാഹുൽ പറയുന്നുണ്ടായിരുന്നു.

മടക്കയാത്രയിൽ ബോട്ടിൽനിന്ന് കാരിയർ വള്ളത്തിലേക്കു മാറിക്കയറി. കരയിലേക്ക്. കരയോടടുത്തപ്പോൾ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വൻ ജനാവലിതന്നെ കരയിൽ കാത്തുനിൽപ്പുണ്ടായിരുന്നു.