ഗാന്ധിനഗർ: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ആക്രമണം കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിശക്തമാക്കി.ജിഎസ്ടിക്കും,നോട്ടുനിരോധനത്തിനുമെതിരെയാണ് രാഹുൽ വീണ്ടും ആഞ്ഞടിച്ചത്. ജിഎസ്ടിയും നോട്ടുനിരോധനവും ചേർന്ന് രാജ്യത്തിന്റെ സമ്പദ്ഘടനയെ സാരമായി ബാധിച്ചു.

ജിഎസ്ടി ചരക്ക് സേവന നികുതിയല്ല മറിച്ച് ഗബ്ബർ സിങ് നികുതിയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ജിഎസ്ടി വ്യാപാരികളെ ദോഷകരമായി ബാധിച്ചുവെന്നും അവർക്ക് ആശ്വാസമെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് പറഞ്ഞത് ചെവിക്കൊള്ളാൻ കേന്ദ്രം തയ്യാറായില്ല. ഗാന്ധിനഗറിൽ കോൺഗ്രസ് സംഘടിപ്പിച്ച നവസർജൻ ജനദേശ് മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ജയ് ഷായുടെ കമ്പനി റോക്കറ്റ് പോലെ കുതിച്ചു പാഞ്ഞതിൽ മോദിക്ക് മൗനം. ഓരോ തവണയും ഒരു സെൽഫിക്കായി ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ചൈനീസ് യുവത്വത്തിനാണ് തൊഴിൽ കിട്ടുന്നത്.നോട്ട് നിരോധനം പ്രഖ്യാപിച്ച മോദിക്ക് തന്നെ രണ്ട് മൂന്ന് ദിവസം എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല. മേക്ക് ഇൻ ഇന്ത്യയും സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്ത്യയും പരാജയപ്പെട്ടു. മോദി അറിയാനായി പറയുകയാണ് ഗുജറാത്തിലെ യുവാക്കൾക്ക് വിദ്യാഭ്യാസം വേണം. 22 വർഷക്കാലം കൊണ്ട് എല്ലാ കോളജും സർവകലാശാലകളും അഞ്ചോ പത്തോ വ്യവസായികൾക്കായി വീതം വെച്ചുവെന്നും അദ്ദേഹം പറഞ്ഞു.