ലഖ്‌നൗ: കോൺഗ്രസ് ഉപാധ്യക്ഷനും അമേഠി എംപിയുമായ രാഹുൽ ഗാന്ധിയെ മണ്ഡലത്തിൽ കാണാനില്ലെന്ന് അറിയിച്ച് പോസ്റ്ററുകൾ. രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളാണ് തിങ്കളാഴ്ചയോടെ മണ്ഡലത്തിലെ പല സ്ഥലങ്ങളും പ്രത്യക്ഷപ്പെട്ടത്.

'രാഹുൽഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയിൽ നിന്നും കാണാതായിരിക്കുന്നു. എംപി വാഗ്ദാനം ചെയ്ത വികസന പ്രവർത്തനങ്ങൾ ഇതുവരെ നടന്നില്ലെന്നും ഞങ്ങൾ ചതിക്കപ്പെട്ടതായും പരിഹാസരായതായും പോസ്റ്ററിൽ സൂചിപ്പിക്കുന്നു. രാഹുൽ ഗാന്ധിയെ കണ്ടെത്തി തരുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്നും പോസ്റ്ററിൽ നൽകിയിട്ടുണ്ട്. 'എന്ന് അമേഠിയിലെ ജനങ്ങൾ' എന്നാണ് പോസ്റ്ററിൽ ചുവടെ കുറിച്ചിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുലിന്റെ മുഖ്യ എതിരാളി സ്മൃതി ഇറാനി ആയിരുന്നു. കാലങ്ങളായി അമേഠി രാഹുലിന്റെ മണ്ഡലമായതിനാൽ തന്നെ സീറ്റ് നഷ്ടപ്പെടില്ലെന്ന് കോൺഗ്രസിന് ഉറപ്പുണ്ട്. എന്നാൽ സ്മൃതി ഇറാനിയുടെ ജനകീയ ഇടപെടലുകൾ രാഹുലിന്റെ ജനപ്രിയതയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ടെന്നാണ് ഇത്തരം പ്രതിഷേധങ്ങൾ സൂചിപ്പിക്കുന്നത്.

ലഖ്‌നൗവിലെ കർഷക പ്രക്ഷോഭങ്ങൾ ശക്തമായപ്പോൾ കർഷകരുമായി കൂടിക്കാഴ്ച നടത്തിയതൊഴിച്ചാൽ മണ്ഡലത്തിലേക്ക് രാഹുൽ എത്തിയിട്ട് ഒരു വർഷത്തിലേറെ ആയെന്നാണ് ജനങ്ങളുടെ ആരോപണം.