അഹമ്മദാബാദ്: അമളികളുടെ പേരിൽ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിക്കാൻ കച്ച കെട്ടിയിരുന്നവർക്ക് ഗുജറാത്തിലെ നവസർജൻ യാത്രയിലുടനീളം നിരാശയായിരുന്നു ഫലം. പതിവിന് വിപരീതമായി നരേന്ദ്ര മോദിയെയും,അമിത് ഷായെയും നർമം കലർത്തി വിമർശിച്ച് രാഹുൽ മുന്നേറി.എന്നാൽ, കഴിഞ്ഞ ദിവസം ഗുജറാത്തി വായിക്കാനറിയാതെ രാഹുൽ പെട്ടുപോയെന്ന് പറഞ്ഞാൽ മതിയല്ലോ!

ഉദ്ദേപൂർ ജില്ലയിലെ ഛോട്ടയിലാണ് സംഭവം.നവസർജൻ യാത്രയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുൽ പെട്ടെന്ന് കണ്ണിൽപെട്ട ഒരു ശൗചാലയത്തിന് അരികിലേക്ക് നീങ്ങുകയായിരുന്നു. സ്ത്രീകളുടെ ശൗചാലയം എന്ന് ഗുജറാത്തിയിൽ എഴുതിവെച്ചിരുന്നു. എന്നാൽ, ഇത് വായിക്കാൻ കഴിയാതിരുന്ന രാഹുൽ ഈ ശൗചാലയത്തിലേക്ക് ഓടിക്കയറി. ശൗചാലയത്തെ വേർതിരിച്ചറിയുന്ന സൂചനകളൊന്നുമില്ലായിരുന്നെങ്കിലും, മഹിളാവോ മാതേ ശൗചാലയേ എന്ന പോസ്റ്റർ അവിടെയുണ്ടായിരുന്നു. കയറിക്കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് അബദ്ധം മനസിലായത്. ഉടൻ തന്നെ തിരിച്ചിറങ്ങുകയും ചെയ്തു.

രാഹുൽഗാന്ധി ശൗചാലയത്തെ കുറിച്ച് എന്തെങ്കിലും പറയുമെന്ന് ഉദ്ദേശിച്ച് പുറത്ത് കാത്തിരുന്ന മാധ്യമപ്രവർത്തകർക്ക് സ്വന്തം അനുഭവം വിശദീകരിച്ച് കൊടുക്കേണ്ടിയും വന്നു കോൺഗ്രസ് ഉപാധ്യക്ഷന്.അബദ്ധം അധികം പ്രചരിക്കാതിരിക്കാൻ എസ്‌പിജി ഉടൻ തന്നെ മാധ്യമ പ്രവർത്തകരെ അവിടെ നിന്ന് നീക്കുകയും ചെയ്തു.ഏതായാലും രാഹുൽ പുറത്തിറങ്ങിയ ഉടൻ അവിടെ ചിരിപ്പൂരമായിരുന്നുവെന്ന് പറയേമ്ടതില്ലല്ലോ! സോഷ്യൽ മീഡിയയിലെ രാഹുൽ വിദഗ്ദ്ധർക്ക് ആഘോഷിക്കാൻ ഒരുവിഷയവും കിട്ടി.