- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ എസ്എഫ്ഐ ജില്ല പ്രസിഡന്റ് അടക്കം 19 പേർ അറസ്റ്റിൽ; രാഹുൽ ഗാന്ധി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വയനാട്ടിലേക്ക്; ജൂൺ 30ന് വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമൊരുക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി; കൽപ്പറ്റയിൽ ഇന്ന് യുഡിഎഫ് റാലി
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അടക്കം 19 പേർ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് കൽപ്പറ്റ, മേപ്പാടി സ്റ്റേഷനുകളിലായി പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
അതേസമയം രാഹുൽ ഗാന്ധി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വയനാട്ടിലേക്ക് എത്തുകയാണ്. ജൂൺ 30ന് വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമൊരുക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി. രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലം ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ച് തകർത്ത സാഹചര്യത്തിൽ കൂടിയാണ് കേരളാ സന്ദർശനം. രാഹുലിന്റെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ യുഡിഎഫ് റാലി സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വയനാട്ടിൽ എത്തിയിട്ടുണ്ട്.
സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. വയനാട് എംപിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന പ്രാദേശിക ഘടകങ്ങളും പോഷക സംഘടനകളും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ 19 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തെ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വവും സിപിഎം-എൽഡിഎഫ് നേതൃത്വവും തള്ളിയിരുന്നു. എസ് എഫ് ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല വയനാട്ടിലെ മാർച്ചെന്ന് സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് കുറ്റക്കാരെ മുഴുവൻ കണ്ടെത്തി നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളത്. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്‌പിയെ സസ്പെൻഡ് ചെയ്തു. പകരം ഓഫീസർക്ക് ചുമതല നൽകാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, എസ്എഫ്ഐയുടെ ആക്രമണത്തിൽ കോൺഗ്രസും യുഡിഎഫും പ്രതിഷേധം കടുപ്പിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇന്ന് വയനാട്ടിലെത്തും. ഉച്ചയ്ക്ക് യുഡിഎഫ് യോഗം ചേരും. കൽപ്പറ്റയിൽ യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും.
ഉച്ചയ്ക്ക് രണ്ടിന് രാഹുൽ ഗാന്ധിയുടെ ഓഫീസ് പരിസരത്തുനിന്ന് ആയിരക്കണക്കിനു പേർ അണിനിരക്കുന്ന റാലി ആരംഭിക്കും. തുടർന്ന് കല്പറ്റ ടൗണിൽ പ്രതിഷേധയോഗം നടത്തും. കെപിസിസി. പ്രസിഡന്റ് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എംപി.മാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ., മുസ്ലിം ലീഗ് നേതാക്കളായ കെ.എം. ഷാജി, പി.എം.എ. സലാം തുടങ്ങിയവർ പങ്കെടുക്കും.
മറുനാടന് മലയാളി ബ്യൂറോ