- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാളിലെ സുഹൃത്തിന്റെ വിവാഹത്തിലാണ് രാഹുൽ പങ്കെടുത്തത്; മോദിയെ പോലെ ക്ഷണിക്കാതെ പോയ അതിഥിയല്ല; വിവാഹത്തിന് പോയത് വലിയ കുറ്റകൃത്യം പോലെയാണ് ബിജെപി ചിത്രീകരിക്കുന്നു; രാഹുൽ ഗാന്ധിയുടെ നൈറ്റ് ക്ലബ്ബ് വീഡിയോയിൽ ബിജെപി ആരോപണങ്ങൾ തള്ളി കോൺഗ്രസ്
ന്യൂഡൽഹി: രാഹുൽ ഗാന്ധി നേപ്പാളിൽ പാർട്ടിയിൽ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തുവന്നു. രാഹുൽ സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത വീഡിയോയാണ് ബിജെപി ഇപ്പോൾ വിവാദമാക്കിയിരിക്കുന്നതെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയുടെ പ്രതികരണം.
'നേപ്പാളിലെ സുഹൃത്തിന്റെ വിവാഹത്തിലാണ് രാഹുൽ പങ്കെടുത്തത്. മോദിയെ പോലെ ക്ഷണിക്കാതെ പോയ അതിഥിയല്ല രാഹുൽ. വിവാഹത്തിന് പോയത് വലിയ കുറ്റകൃത്യം പോലെയാണ് ബിജെപി ചിത്രികരിക്കുന്നതെന്നും'- സുർജേവാല പറഞ്ഞു. നേപ്പാൾ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ പങ്കെടുത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി വിവാദമാക്കിയിരിക്കുന്നത്.
രാജസ്ഥാനിൽ വർഗീയ കലാപം നടക്കുമ്പോൾ രാഹുൽ നിശാപാർട്ടികൾ കൂടി നടക്കുകയാണെന്നാണ് ബിജെപിയുടെ വിമർശനം. അവധി, പാർട്ടി, ഉല്ലാസ യാത്ര, സ്വകാര്യ വിദേശ സന്ദർശനം തുടങ്ങിയവ ഇപ്പോൾ പുതിയ കാര്യമല്ലെന്നായിരുന്നു വീഡിയോയെ കുറിച്ചുള്ള കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണം. രാഹുലിന്റെ ഉല്ലാസ വീഡിയോ എന്ന നിലയിലാണ് രാഷ്ട്രീയ എതിരാളികൾ വൈറലാകുന്നത്. പുറത്ത് വന്ന വീഡിയോ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വത്തിനെതിരെ അവർ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ പാർട്ടി പൊട്ടിത്തെറിക്കുന്ന സമയത്തും അദ്ദേഹം ഒരു നിശാക്ലബ്ബിലാണ്. അയാൾ സ്ഥിരതയുള്ളവനാണ് ' ബിജെപി ഐടി കൺവീനർ അമിത് മാളവ്യ ട്വിറ്ററിൽ പരിഹസിച്ചു. പ്രധാനമന്ത്രി മോദിയുടെ യൂറോപ്പ് സന്ദർശനത്തിനായി കോൺഗ്രസ് പരിഹസിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബിജെപി നേതാവ് തജീന്ദർ പാൽ ബഗ്ഗ, രാഹുൽ ഗാന്ധി വിദേശത്ത് പാർട്ടി നടത്തുന്ന വീഡിയോ പങ്കുവച്ചത്. കാഠ്മണ്ഡുവിലേതെന്ന് കരുതുന്ന നിശാക്ലബിൽ രാഹുൽ ഗാന്ധി മറ്റൊരാളോടൊപ്പം പാർട്ടി നടത്തുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്.
സ്മൃതി ഇറാനി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ ഇന്നലെ പര്യടനത്തിനായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ നിശാക്ലബ് വീഡിയോയും പുറത്തുവന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളും പ്രതികരണവുമായി രംഗത്തുവന്നു. പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന കലാപരിപാടി കണ്ടിട്ടില്ലാത്തവർക്കായി. പടുകുഴിയിൽ അകപ്പെട്ട പാർട്ടിയെ കൈ പിടിച്ചു കയറ്റാൻ ചില നേതാക്കൾ ശ്രമിക്കുമ്പോൾ പാർട്ടിയുടെ ഭാവി പ്രധാനമന്ത്രിയും ആത്മാർഥമായി ശ്രമിക്കുകയാണ്. എന്നാണ് ഈ വീഡിയോ സഹിതം ബിജെപി നേതാവ് സന്ദീപ് വചസ്പതി പോസ്റ്റു ചെയ്തിരിക്കുന്നത്.
മറുനാടന് ഡെസ്ക്