തിരുവനന്തപുരം: പൊലീസിലെ അഴിച്ചുപണിയിൽ വീണ്ടും മുഖ്യമന്ത്രിയുടെ പ്രിൻസപ്പൽ സെക്രട്ടറി കൂടിയായ നളിനി നെറ്റോയുടെ ടച്ച് വ്യക്തം. ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സസ്‌പെന്റ് ചെയ്ത രാഹുൽ ആർ നായരെ ചതിക്കുഴിയിൽ വീഴ്‌ത്തിയത് പൊലീസിലെ ചില ഇടപടെലുകളായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. സത്യസന്ധതയോടെ പ്രവർത്തിച്ചതാണ് രാഹുലിന് വിനയായതെന്നും വിലയിരുത്തൽ വന്നിരുന്നു. ഈ അഭിപ്രായങ്ങളോട് ചേർന്ന നിലപാടാണ് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ കൈക്കൊണ്ടത്. അങ്ങനെയാണ് രാഹുലിന്റെ സസ്‌പെൻഷൻ പിൻവലിക്കപ്പെട്ടത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം കിട്ടയതോടെ രാഹുലിനെ പൊലീസ് ആസ്ഥാനത്ത് സുപ്രധാന പദവിയിലേക്ക് നിയോഗിക്കാനും നളിനി നെറ്റോയ്ക്ക് കഴിയുന്നു.

കണ്ണൂർ എസ്‌പിയായിരുന്ന രാഹുലിനോട് സിപിഐ(എം) നേതാക്കളിൽ ചിലർക്ക് മുമ്പ് അനിഷ്ടങ്ങളുണ്ടായിരുന്നു. പത്തനംതിട്ട എസ്‌പിയായിരിക്കെ ഉയർന്ന ക്വാറി കൈക്കൂലി വിവാദത്തിൽ സിപിഐ(എം) തുടക്കത്തിൽ വിമർശനവും ഉയർത്തി. അതുകൊണ്ട് തന്നെ ആരോപണത്തിൽപ്പെട്ട യുവ ഐപിഎസുകാരനോട് പിണറായി സർക്കാർ എന്ത് നിലപാട് എടുക്കുമെന്നത് ചോദ്യമായി ഉയർന്നിരുന്നു. എന്നാൽ രാഹുലിനെതിരെയുള്ളത് കെട്ടിച്ചമച്ച ആരോപണമാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമലയുള്ള മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടു. ഇതോടെയാണ് പൊലീസ് ആസ്ഥാനത്ത് എഐജി തസ്തികയിൽ രാഹുലിനെ നിയമിക്കാൻ തീരുമാനിച്ചത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് നടപടികളിൽ സുതാര്യതയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ. കൂടതൽ കരുതലോടെ രാഹുൽ പ്രവർത്തിക്കുമെന്നാണ് ആഭ്യന്തര സെക്രട്ടറി കൂടിയായ നളിനി നെറ്റോയുടെ വിലയിരുത്തൽ. ഇത് തന്നെയാണ് രാഹുലിന് ഉന്നത പദവി ലഭിക്കുന്നത്. പൊലീസിലെ സ്ഥലം മാറ്റങ്ങളിൽ നളിനി നെറ്റോയുടെ തീരുമാനം മുമ്പും വ്യക്തമായിരുന്നു. കൊച്ചി റേഞ്ച് ഐജിയായി എസ് ശ്രീജിത്തിനെ നിയമിച്ചതും നളിനി നെറ്റോയുടെ നീക്കത്തിന് തെളിവാണ്.

സസ്‌പെൻഷനിലായിരിക്കെ രാഹുലിനെ തിരിച്ചെടുക്കണമെന്ന് വാദിച്ചതും ആഭ്യന്തര സെക്രട്ടറിയായിരുന്ന നിളിനി നെറ്റോ തന്നെയായിരുന്നു. ഡിജിപി അടക്കമുള്ളവർ രാഹുലിന് എതിരായിരുന്നു. തിരിച്ചെടുത്ത ശേഷവും വിവാദമെത്തി. പൊലീസ് ആസ്ഥാനത്തെ അഴിമതികളെ കുറിച്ച് രാഹുലിനെ കൊണ്ട് എഡിജിപി സന്ധ്യ അന്വേഷിപ്പിച്ചിരുന്നു. തെളിവുകൾ നീണ്ടത് തിരുവനന്തപുരം റേഞ്ച് ഐജിയായ മനോജ് എബ്രഹാമിന് നേരെയും. ഈ അന്വേഷണ റിപ്പോർട്ട് മാദ്ധ്യമങ്ങളിൽ എത്തിയത് വിവാദമായി. രാഹുലാണ് ചോർത്തിയതെന്ന ആരോപണം മനോജ് എബ്രഹാം ഉന്നയിച്ചു. ഇതേ തുടർന്ന് മലപ്പുറത്തേക്ക് യുഡിഎഫ് സർക്കാർ മാറ്റുകയായിരുന്നു. ഇതോടെ നിർണ്ണായക പദവികളിൽ രാഹുൽ എത്താതിരിക്കാൻ പൊലീസിലെ ഉന്നതർ ചരട് വലികളും നടത്തി. പത്തനംതിട്ടയിലെ ക്വാറി മാഫിയയുമായി മനോജ് എബ്രാഹാമിനും എഡിജിപി ശ്രീലേഖയ്ക്കും ബന്ധമുണ്ടെന്ന രാഹുലിന്റെ മൊഴി നൽകലും വിവാദമായിരുന്നു.

2014 നവംബർ 17നാണ് രാഹുൽ ആർ നായരെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. മലപ്പുറം എം.എസ്‌പി കമാണ്ടന്റായിരിക്കെയാണ് രാഹുൽ ആർ നായരെ സസ്‌പെൻഡു ചെയ്തത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന സമയത്ത് ക്വാറി ഉടമകളിൽ നിന്നും 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടർന്നാണ് സസ്‌പെൻഡു ചെയ്തത്. രാഹുലിനെതിരെ കേസെടുക്കാൻ വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയ സാഹചര്യത്തിലായിരുന്നു അത്. കഴിഞ്ഞ ജൂണിലാണ് എസ്‌പിക്കെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടികാട്ടി ഡി.ജി. പി കെ.എസ്. ബാലസുബ്രമണ്യം ആഭ്യന്തരമന്ത്രിക്ക് ശുപാർശ നൽകിയത്. ഇന്റലിജൻസ് എ.ഡി.ജി.പി എ. ഹേമചന്ദ്രൻ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്റലിജൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനാകില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.

ഇതേ തുടർന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനും തെളിവെടുപ്പിനുമിടെ 20ഓളം സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുകയും മൊബൈൽ ഫോൺ കോളുകളുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു. അപ്പോൾ വിജിലൻസും ആരോപണത്തിൽ ഉറച്ചു നിന്നു. ഇതോടെയാണ് രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതും സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്തതും. പൊലീസിലെ തന്നെ ഉന്നത ഇടപെടൽ ഇതിന് പിന്നിലുണ്ടെന്ന് എഡിജിപി ശ്രീലേഖ, ഐജി മനോജ് എബ്രഹാം എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് താൻ പ്രവർത്തിച്ചതെന്ന് രാഹുൽ വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇതിനെതിരെ ഐപിഎസ് അസോസിയേഷനും പ്രതിഷേധിച്ചിരുന്നു. മനോജ് എബ്രഹാമായിരുന്നു അസോസിയേഷൻ സെക്രട്ടറിയെന്നതും അന്ന് വലിയ ചർച്ചയായി.

യുഡിഎഫ് സർക്കാർ പുറത്തായതോടെ രാഹുലിനെതിരെ പ്രവർത്തിച്ച പലർക്കും പണി കിട്ടി. യുവ ഐപിഎസുകാരന് മികച്ച പദവി നൽകണമെന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശിക്കുകയും ചെയ്തു. ഇതിനെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പിന്തുണച്ചു. ഇതോടെയാണ് രാഹുൽ പൊലീസ് ആസ്ഥാനത്ത് എത്തുന്നത്. ക്വാറി മാഫിയയുടെ കൈക്കൂലിക്കേസിൽ തുടരന്വേഷണത്തിൽ രാഹുലിനെതിരെ തെളിവുകളൊന്നും കിട്ടിയില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന്റെ കാര്യത്തിൽ വിജിലൻസ് ഡിജിപി ജേക്കബ് തോമസ് ഉടൻ തീരുമാനവും എടുക്കും. ഇതെല്ലാം മനസ്സിലാക്കിയാണ് രാഹുലിന് പൊലീസ് ആസ്ഥാനാത്തെ സുപ്രധാന ചുമതലയിൽ നളിനി നെറ്റോ നിയോഗിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ അഴിമതി ഇല്ലായ്മ ചെയ്യുകയെന്ന ദൗത്യമാണ് രാഹുലിനുള്ളതെന്നാണ് സൂചന.

രാഹുൽ ആർ. നായരെ കൈക്കൂലിക്കേസിൽപ്പെടുത്തി മാദ്ധ്യമങ്ങൾക്ക് ഒറ്റുകൊടുത്തത് ഐ.ജി. മനോജ് ഏബ്രഹാം ആണെന്ന് ആരോപിക്കുന്ന രേഖകളുടെ പകർപ്പ് നേരത്തെ പുറത്തുവന്നിരുന്നു. രാഹുൽ ആർ. നായർ പാറമടലോബിയിൽ നിന്നും 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുള്ള വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോളിന്റെ പ്രിലിമിനറി റിപ്പോർട്ടാണ് ഐ.ജി മനോജ് ഏബ്രഹാം മാദ്ധ്യമങ്ങൾക്ക് ചോർത്തിയത്. 2014 നവംബർ 16 ന് മനോജ് എബ്രഹാമിന്റെ എന്ന മെയിൽ ഐഡിയിൽ നിന്നുമാണ് വിജിലൻസ് ഡയറക്ടറുടെ കണ്ടെത്തലുകൾ മാദ്ധ്യമങ്ങൾക്ക് ചോർന്നത്. നവംബർ 17 ന് മാത്രമാണ് കൈക്കൂലി കേസിൽ രാഹുൽ ആർ. നായർക്കെതിരെ എഫ്.ഐ.ആർ പോലും തയാറാക്കുന്നത്. ഈ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് എങ്ങനെ അഡ്‌മിനിസ്‌ട്രേഷൻ ഐ.ജിയായിരുന്ന മനോജ് ഏബ്രഹാമിന് ലഭിച്ചുവെന്നതാണ് ദുരൂഹമാണ്. പൊലീസിലെ ഗൂഢാലോചന രാഹുലിനെതിരെ ഉണ്ടായിരുന്നുവെന്നതിന് ഇത് തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. പൊലീസ് നവീകരണത്തിനുള്ള ഫണ്ട് ദുർവിനിയോഗം ചെയ്തുവെന്ന് ആരോപിച്ച് മനോജ് ഏബ്രഹാമിനെതിരേ രാഹുൽ ആർ. നായർ നടത്തിയ അന്വേഷണവും വലിയ വിവാദമായി.

ബംഗളൂരുവിലെ വിസിനിറ്റി കമ്പനിയുമായി നടത്തിയ ഇടപാടിൽ 1.87 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ആദ്യ ദിവസം വാർത്ത നൽകിയ ഒരു പ്രമുഖ പത്രം പിറ്റേന്ന് നഷ്ടത്തിന്റെ തോത് 50 കോടി എന്നാണ് പുറത്തു വിട്ടത്. ഇതോടെയാണ് ഐ.ജി. രാഹുലിനെതിരേ രംഗത്തുവന്നത്. അന്വേഷണ റിപ്പോർട്ട് രാഹുൽ തന്നെ ചോർത്തിയെന്ന് കാട്ടി മനോജ് എബ്രഹാം ഡിജിപി സെൻകുമാറിന് പരാതിയും നൽകി. രഹസ്യ രേഖകൾ രാഹുൽ ചോർത്തിയെന്നായിരുന്നു പരാതി. അതിനിടെയാണ് രാഹുലിനെതിരായ അന്വേഷണ റിപ്പോർട്ട് മനോജ് എബ്രഹാമാണ് പുറത്തുവിട്ടതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നത്. ഈ സമയം പൊലീസിലെ ഏറ്റവും ശക്തനായ ഓഫീസറായിരുന്നു മനോജ് എബ്രഹാം. ഇതാണ് രാഹുലിന്റെ ഒതുക്കപ്പെടലിന് കാരണമെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ.