ദ്വാരക: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ത്രിദിന പര്യടനത്തിന് ഇന്നു തുടക്കം. ഗുജറാത്ത് രാഷ്ട്രീയത്തിൽ നിർണായകമായ സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ചാണ് കോൺഗ്രസ് ഉപാധ്യക്ഷന്റെ പര്യടനം. രണ്ടാഴ്ചയ്ക്കുമുൻപ് അഹമ്മദാബാദിലെ സബർമതി നദീതീരത്തു ആയിരത്തോളം പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയും സംവദിച്ചും തയ്യാറെടുത്തതിന്റെ ബലത്തിലാണ് രാഹുൽ ഗുജറാത്ത് പര്യടനത്തിന് തുടക്കമിടുന്നത്.

അതേസമയം, ഇവിടെ തുറന്ന ജീപ്പിലെ റോഡ് ഷോയ്ക്കു പൊലീസ് അനുവാദം നൽകാതിരുന്നതിനെത്തുടർന്നു ചിലയിടങ്ങളിൽ കാളവണ്ടിയിലാണു രാഹുലിന്റെ പര്യടനം. ഗുജറാത്ത് രാഷ്ട്രീയത്തിൽ ഏറെ പ്രധാനപ്പെട്ട മേഖലയാണ് സൗരാഷ്ട്ര. 182 അംഗ നിയമസഭയിൽ മൂന്നിലൊന്നോളം അംഗങ്ങളും ഇവിടെനിന്നാണ്. മതപരമായി ഏറെ പ്രാധാന്യമുള്ള ദ്വാരകയും സൗരാഷ്ട്രയുടെ ഭാഗമാണ്.

ദ്വാരകയിലെ ദ്വാരകാധീഷ് കൃഷ്ണ ക്ഷേത്രത്തിലെ പ്രാർത്ഥനയ്ക്കുശേഷമാണു രാഹുൽ തന്റെ പര്യടനം ആരംഭിക്കുക. ഇവിടെനിന്നു ജാംനഗറിലെത്തുന്ന അദ്ദേഹം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വച്ചു ജനങ്ങളുമായി സംവദിക്കും. വനിതകൾ, വ്യവസായികൾ എന്നിവരുമയായും രാഹുൽ പ്രത്യേകം കൂടിക്കാഴ്ച നടത്തും. ദ്വാരകയിൽനിന്നു ജാംനഗറിലേക്കുള്ള 135 കിലോമീറ്റർ തുറന്ന ജീപ്പിൽ യാത്രചെയ്യാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാൽ ഇതിന് സുരക്ഷാ കാരണങ്ങളാൽ പൊലീസ് അനുവാദം നൽകിയില്ല.

സിസിടിവി ക്യാമറകൾ പ്രത്യേകമായി ഘടിപ്പിച്ച ബസിലാകും രാഹുൽ ഈ ദൂരം താണ്ടുക. എന്നാൽ ദ്വാരകയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ഹൻജ്‌റാപർ ഗ്രാമത്തിൽ കാളവണ്ടിയിലാകും രാഹുൽ പ്രവേശിക്കുകയെന്നാണു വിവരമെന്നു വാർത്താ ഏജൻസിയായ ഐഎഎൻഐസ് റിപ്പോർട്ടു ചെയ്തു. ഇന്നു ജാംനഗറിൽ തങ്ങുന്ന രാഹുൽ നാളെ രാജ്‌കോട്ടിലെത്തും. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ജന്മനാടാണ് രാജ്‌കോട്ട്. സൗരാഷ്ട്ര മേഖലയിലെ അംഗങ്ങളിൽ ഏറ്റവും പ്രബലനാണ് രൂപാണി. പട്ടേൽ സമുദായത്തിന്റെ പ്രധാന ക്ഷേത്രമായ ഖോദാൽധാം ക്ഷേത്രവും രാഹുൽ സന്ദർശിക്കും.

ബുധനാഴ്ച സുരേന്ദ്രനഗർ കേന്ദ്രീകരിച്ചാകും രാഹുലിന്റെ പര്യടനം. ഇവിടുത്തെ ഛോട്ടില ക്ഷേത്രവും രാഹുലിന്റെ സന്ദർശന പട്ടികയിലുണ്ട്. പട്ടേൽ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഹാർദിക് പട്ടേലിന്റെ ജന്മനാടായ വിരാമംഗാമിൽ വച്ചാണ് ത്രിദിന പര്യടനം രാഹുൽ അവസാനിക്കുക. ഗുജറാത്തിന്റെ വടക്ക്, മധ്യ, തെക്കൻ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ചുള്ള അടുത്ത പര്യടനം ഡിസംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനു മുൻപായി ഉണ്ടാകും.

കഴിഞ്ഞ രണ്ടു ദശകമായി കോൺഗ്രസിനെ സംബന്ധിച്ചു ബാലികേറാമലയാണു സൗരാഷ്ട്രാ മേഖല. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിലെ 52 സീറ്റുകളിൽ 12 എണ്ണത്തിൽ മാത്രമേ കോൺഗ്രസിനു വിജയിക്കാനായുള്ളൂ. പട്ടേൽ സമുദായത്തിന്റെ പ്രതിഷേധവും വിവിധ വിഷയങ്ങളിലെ കർഷകരുടെ പ്രതിഷേധവും ഭരണകക്ഷിയായ ബിജെപിക്കെതിരായ വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ കോൺഗ്രസ് ഒരുക്കുന്നത്. രാഹുലിന്റെ ത്രിദിന പര്യടനത്തോടെ പ്രാദേശികമായി വിഘടിച്ചുനിൽക്കുന്ന നേതാക്കളിൽപ്പോലും സ്വാധീനം ചെലുത്തി പ്രവർത്തനം ഊർജിതമാക്കാനാകുമെന്നാണു പാർട്ടിയുടെ പ്രതീക്ഷ.